Image

യുകെയിലും ഇളവുകള്‍; വിദേശയാത്ര കഴിഞ്ഞെത്തിയാല്‍ കോവിഡ് പരിശോധന വേണ്ട

Published on 16 October, 2021
യുകെയിലും ഇളവുകള്‍; വിദേശയാത്ര കഴിഞ്ഞെത്തിയാല്‍ കോവിഡ് പരിശോധന വേണ്ട
ലണ്ടന്‍: വിദേശയാത്രാ മാനദണ്ഡങ്ങളില്‍ വീണ്ടും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഈ മാസം 24 മുതല്‍ വിദേശങ്ങളില്‍നിന്നും മടങ്ങിയെത്തുന്ന യാത്രക്കാര്‍ക്ക് രണ്ടാം ദിവസത്തെ ചിലവേറിയ പിസിആര്‍ പരിശോധനയ്ക്കു പകരം ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് മാത്രം നടത്തിയാല്‍ മതിയാകും. ഇതില്‍  പോസിറ്റീവാകുന്നവര്‍ മാത്രം വീണ്ടും സെല്‍ഫ് ഐസൊലേഷന് വിധേയരായി സൗജന്യമായി പിസിആര്‍ ടെസ്റ്റ് ചെയ്ത് രോഗമുണ്ടോ എന്ന് ഉറപ്പുവരുത്തണം.

ഒക്ടോബറില്‍ സ്‌കൂള്‍ അവധിക്കാലത്ത് നാട്ടിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യാത്രപോകാനിരിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ പുതിയ തീരുമാനം നല്‍കുന്ന ആശ്വാസം ചെറുതല്ല. വിദേശയാത്ര ചെയ്യുന്ന ഒരു നാലംഗ കുടുബത്തിന് ഏകദേശം 250 പൗണ്ടോളം ലാഭമുണ്ടാക്കുന്ന തീരുമാനമാണിത്. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സാണ് പുതിയ യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചത്. പുതിയ തീരുമാനം യാത്രാമേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജോലിയ്ക്കായും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും വിനോദയാത്രയ്ക്കുമായി വിദേശങ്ങളില്‍ പോകുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുഖകരവുമായ യാത്ര ഉറപ്പുവരുത്താനാണ് പുതിയ തീരുമാനമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദും വ്യക്തമാക്കി. ഇംഗ്ലണ്ടിലെ ഇളവുകള്‍ അതേപടി സ്‌കോട്ട്‌ലന്‍ഡിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും പ്രാബല്യത്തിലാകുന്നില്ല. അവിടങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങളാകും യാത്രാ ഇളവുകളില്‍ മാറ്റം വരുത്തുക.

ഇംഗ്ലണ്ടിലെ നിലവിലുള്ള നിയമപ്രകാരം വിദേശത്തുനിന്നും മടങ്ങിയത്തുന്ന എല്ലാവരും രണ്ടാം ദിവസം പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. ഈ പരിശോധന യാത്രയ്ക്കു മുമ്പ് ബുക്കുചെയ്ത് അതിന്റെ റഫറന്‍സ് നമ്പര്‍ പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോമില്‍ രേഖപ്പെടുത്തുകയും വേണം. 75 പൗണ്ട് ചെലവുവരുന്ന ഈ നടപടിയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ റദ്ദാക്കപ്പെടുന്നത്. ഈ മാസം 22 മുതല്‍ യാത്രക്കാര്‍ക്ക് ലാറ്ററല്‍ ഫ്‌ലോ ടെസ്റ്റ് കിറ്റുകള്‍ ബുക്കുചെയ്യാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക