Image

'കൊറോണ രാവണനില്‍' നിന്ന് മനുഷ്യരാശിയെ രക്ഷിക്കാന്‍ രാമനോട് പ്രാര്‍ഥിക്കുന്നു- കെജ്രിവാള്‍

Published on 15 October, 2021
'കൊറോണ രാവണനില്‍' നിന്ന് മനുഷ്യരാശിയെ രക്ഷിക്കാന്‍ രാമനോട് പ്രാര്‍ഥിക്കുന്നു- കെജ്രിവാള്‍


ന്യൂഡല്‍ഹി: 'കൊറോണ രാവണനി'ല്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാനായി രാമനോട് പ്രാര്‍ഥിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദസറ ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ നടന്ന 'ലവ കുശ രാംലീല' പരിപാടിയുടെ ഭാഗമായ രാവണ ദഹനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കെജ്രിവാളിന്റെ പരാമര്‍ശം.


ദസറ ആഘോഷം തിന്‍മകള്‍ക്ക് മേല്‍ നന്‍മയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. കോവിഡ് സാഹചര്യം മൂലം നഗരത്തില്‍ വലിയ ഒത്തുചേരലുകള്‍ക്ക് നിയന്ത്രണമുണ്ട്. കൊറോണ രാവണനില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ രാമനോട് പ്രാര്‍ഥിക്കുന്നു. എല്ലാ കുടുംബങ്ങള്‍ക്കും സന്തോഷകരവും ആരോഗ്യകരവും സമ്പല്‍സമൃദ്ധവുമായ ജീവിതം 
ആശംസിക്കുന്നു, കെജ്രിവാള്‍ പറഞ്ഞു. രാവണന്റെ മേല്‍ രാമന്‍ നേടിയ വിജയത്തെ അനുസ്മരിക്കുന്ന ആഘോഷമാണ് ദസറ. 

രാമന്റെ ജീവിതത്തെ ആസ്പദമാക്കി പത്ത് ദിവസം അവതരിപ്പിക്കുന്ന നാടക രൂപമാണ് 'രാം ലീല'. ദസറ ദിനത്തിലാണ് ഇത് അവസനിക്കുക. തിന്‍മയുടെ നാശത്തെ സൂചിപ്പിക്കാന്‍ രാവണന്റെയും സഹോദരന്‍ കുംഭകര്‍ണന്റെയും മകന്‍ മേഘനാഥന്റെയും കോലങ്ങള്‍ തീയമ്പെയ്ത് കത്തിക്കുന്നതോടെയാണ് രാംലീല അവസാനിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക