Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 15 October, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)
ഓര്‍ത്തഡോക്സ് സഭയ്ക്ക് ഇനി പുതിയ പരമാധ്യക്ഷന്‍. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കാ ബാവയായി അധികാരമേറ്റു. ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവ എന്നായിരിക്കും ഇനി അദ്ദേഹം അറിയപ്പെടുക. പരുമല പള്ളിയില്‍ വച്ചാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ക്കിടെയാണ് പുതിയ പേര് സ്വീകരിച്ചത്. ഇന്നലെ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ വച്ചായിരുന്നു മാത്യൂസ് മാര്‍ സേവേറിയോസ് മലങ്കര മെത്രാപ്പോലീത്തയായി സ്ഥാനം ഏറ്റെടുത്തത്.
**********************************
കെപിസിസി പുനസംഘടനയില്‍ ഹൈക്കമാന്‍ഡിനെ അതൃപ്തിയറിയിക്കാനൊരുങ്ങി രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും . പദവി ദുരുപയോഗം ചെയ്ത് പുനസംഘടനയില്‍ അനര്‍ഹമായി ഇടപെട്ട് ഇഷ്ടക്കാരെ തിരുകികയറ്റാന്‍ കെ.സി. വേണുഗോപല്‍ ശ്രമിച്ചെന്നാണ് ആക്ഷേപം.
***********************************
അഫ്ഗാനില്‍ ഷിയാ മസ്ജിദിന് നേരെ ഭീകരാക്രമണം. പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം. കാണ്ഡഹാറിലെ ഇമാമം ബാര്‍ഗ് മസ്ജിദിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാര്‍ത്ഥന യ്ക്കിടെ മസ്ജിദില്‍ ഭീകരര്‍ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ മസ്ജിദ് പൂര്‍ണമായും തകര്‍ന്നു.
***************************************
ഇന്‍ഡ്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് പുനസംഘടിപ്പിച്ച് രൂപീകരിച്ച ഏഴ് പ്രതിരോധ കമ്ബനികള്‍ രാജ്യത്തിന് സമര്‍പിച്ച് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. 
*************************************
ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ 101-ാം സ്ഥാനത്ത്. നേരത്തെ 94-ാം സ്ഥാനത്തായിരുന്ന ഇന്ത്യ വളരെ വേഗമാണ് 101-ലേയ്ക്ക് കൂപ്പ് കുത്തിയത്. പോഷകാഹാരം, ശിശുക്കളുടെ വളര്‍ച്ച, പട്ടിണി എന്നിവ ഈ പട്ടിക തയ്യാറാക്കുന്നത്.
116 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. ഇതില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യക്ക് മുന്നിലാണെന്നാണ് മറ്റൊരു വസ്തുത
******************************
കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയുടെ ഈ നിര്‍ദ്ദേശം ഏറെ പ്രതിഷേധത്തിനിടയാക്കിയതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചത്. സിപിഎം എംഎല്‍മാരുടെ യോഗത്തില്‍ തനിക്കെതിരെ ഈ വിഷയത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നെന്നും താന്‍ ഖേദം പ്രകടിപ്പിച്ചെന്നുമുള്ള വാര്‍ത്തകളും മുഹമ്മദ് റിയാസ് തള്ളിക്കളഞ്ഞു. 
********************************
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടയില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ദില്ലി-ഹരിയാന അതിര്‍ത്തിയിലും കര്‍ഷക സമരസ്ഥലത്ത് കൊലപാതകം. ദില്ലി-ഹരിയാനാ അതിര്‍ത്തിയിലെ സിംഗുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
**************************
ജമ്മുകാശ്മീരിലെ പൂഞ്ചില്‍ വീണ്ടും ഭീകരാക്രമണം. ഭീകരരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഒരു സൈനീകന്‍ കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. ഒരു ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ജവാനുമാണ് മരിച്ചത്. തിങ്കളാഴ്ച ആക്രമണം നടത്തിയ ഭീകരരുടെ സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ ഒരു മലയാളി ജവാന്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സൈനീകര്‍ വീരമൃത്യ വരിച്ചിരുന്നു.
******************************
ജലനിരപ്പ് ഉയരുകയും സംസ്ഥാനത്ത് മഴ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ആദ്യത്തെ ജാഗ്രതാ നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് നിലവില്‍ 2390.86 അടിയാണ്. 2390.86 അടിയാണ് ബ്ലൂ അലര്‍ട്ട് ലെവല്‍. സംസ്ഥാനത്ത് മൂന്നു ദിവസത്തേയ്ക്ക് കൂടി പരക്കെ മഴ സാധ്യത നിലനില്‍ക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക