Image

പറഞ്ഞതില്‍ നിന്ന ഒരടി പിന്നോട്ടില്ല; ഉറച്ചുതന്നെ, ഖേദം പ്രകടിപ്പിച്ചിട്ടുമില്ല: മന്ത്രി മുഹമ്മദ് റിയാസ്

Published on 15 October, 2021
 പറഞ്ഞതില്‍ നിന്ന ഒരടി പിന്നോട്ടില്ല; ഉറച്ചുതന്നെ, ഖേദം പ്രകടിപ്പിച്ചിട്ടുമില്ല: മന്ത്രി മുഹമ്മദ് റിയാസ്


കോഴിക്കോട്: കരാറുകാരുമായി എം.എല്‍.എമാര്‍ വരരുതെന്ന നിലപാടില്‍ തെറ്റില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിന്റെ പേരില്‍ നിയമസഭാ കക്ഷിയോഗത്തില്‍ ആരും വിമര്‍ശിച്ചിട്ടില്ല. താന്‍ പറഞ്ഞത് ആലോചിച്ച് ഉറപ്പിച്ചു തന്നെയാണ്. അതില്‍ ഉറച്ചുതന്നെ നില്‍ക്കുന്നു. ഒരടിപോലും പിന്നോട്ടില്ല. യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

എം.എല്‍.എമാര്‍ക്ക് സ്വന്തം മണ്ഡലത്തിലെ കരാറുകാരുമായി തന്നെ കാണാന്‍ വരാം. എന്നാല്‍ മറ്റ് മണ്ഡലത്തിലെ കരാറുകാരുമായി വരരുതെന്നാണ് പറഞ്ഞത്. ആ മണ്ഡലത്തിലെ എം.എല്‍.എയ്ക്ക് അതില്‍ എതിര്‍പ്പുണ്ടാകും. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയ വിഷയത്തിലാണ് വഴിവിട്ട കരാറുകാരേയും ഉദ്യോഗസ്ഥരേയും നിലയ്ക്കു നിര്‍ത്തുമെന്ന് അറിയിച്ചത്. ഇക്കാര്യം നിയമസഭയില്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷം പോലും എതിര്‍ത്തിട്ടില്ല. 

താന്‍ പറഞ്ഞതില്‍ എം.എല്‍.എമാരുടെ യോഗത്തില്‍ ആരും തിര്‍പ്പ് അറിയിച്ചിട്ടുമില്ല. താന്‍ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. പറഞ്ഞ കാര്യത്തില്‍ ഒരടി പിന്നോട്ടുപോയിട്ടില്ല. ഉറച്ചുനില്‍ക്കുകയാണ്. താന്‍ പറഞ്ഞത് ഇടതുപക്ഷ നയമാണ്. അതിനെതിരെ ഇടതുപക്ഷത്തിന്ന് ഒരാള്‍ക്ക് പ്രതികരിക്കാന്‍ കഴിയില്ല. താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. 

ഒട്ടുമിക്ക കരാറുകാരും ഉദ്യോഗസ്ഥരും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ തട്ടിപ്പ് നടത്തുന്നുണ്ട്.  അത് സിഎജി റിപ്പോര്‍ട്ടിലുമുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നാണ് താന്‍ പറഞ്ഞത്. ജനങ്ങള്‍ പൊതുമരാമത്ത് വകുപ്പിലെ ജോലികളില്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ്. 

വിവാദം വന്നതുകൊണ്ട് നിലപാടില്‍ മാറ്റം വരുമെന്ന് ആരും കരുതേണ്ട്. ആലോചിച്ച് ഉറപ്പിച്ചുതന്നെയാണ് നിയമസഭയില്‍ പറഞ്ഞത്. അതില്‍ നിന്ന് ഒരടി പിന്നോട്ടുപോകില്ല. വിവാദങ്ങള്‍ ഉണ്ടാക്കി നിലപാട് തിരുത്തിക്കാമെന്ന് ആരും കരുതേണ്ട. 

ആരെങ്കിലും തോണ്ടിയാല്‍ തീരുന്നതല്ലല്ലോ ഒരു മന്ത്രി. 'ഖേദം പ്രകടിപ്പിച്ചു' എന്നൊക്കെ അടിസ്ഥാന രഹിതമായ വാര്‍ത്ത കൊടുക്കരുത്. അതുകൊണ്ട് മാനസിക സുഖം അനുഭവിക്കുന്നവര്‍ക്ക് ആകാമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാന്‍ വരരുതെന്ന് മന്ത്രി പറഞ്ഞതിനെതിരെ സി.പി.എം നിയമസഭാ കക്ഷിയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നുവെന്നും യുവ എം.എല്‍.എ എ.എന്‍ ഷംസീര്‍ അടക്കമുള്ളവര്‍  ശക്തമായ ഭഷായില്‍ പ്രതികരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് മുഹമ്മദ് റിയാസ് മാധ്യമങ്ങളെ കണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക