ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഇനി പുതിയ പരമാധ്യക്ഷന്‍. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്കാ ബാവയായി അധികാരമേറ്റു. ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവ എന്നായിരിക്കും ഇനി അദ്ദേഹം അറിയപ്പെടുക.
പരുമല പള്ളിയില്‍ വച്ചാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ക്കിടെയാണ് പുതിയ പേര് സ്വീകരിച്ചത്. ഇന്നലെ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ വച്ചായിരുന്നു മാത്യൂസ് മാര്‍ സേവേറിയോസ് മലങ്കര മെത്രാപ്പോലീത്തയായി സ്ഥാനം ഏറ്റെടുത്തത്.
രാവിലെ 6.30-ന് പ്രഭാത നമസ്‌ക്കാരവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടന്നു. കുര്‍ബ്ബാന മദ്ധ്യേയായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ. സഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും സ്ഥാനാരോഹണ ശുശ്രൂഷയില്‍ സംബന്ധിച്ചു. കോവിഡ് പ്രോട്ടോകോളിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സ്ഥാനാരോഹണ ശുശ്രൂഷ നടക്കുന്ന സമയത്ത് പരുമല സെമിനാരിയില്‍ പ്രവേശനം ഉണ്ടായിരുന്നില്ല.
22-ാമത് മലങ്കര മെത്രാപ്പോലീത്തായും ഒമ്പതാമത് കാതോലിക്കാ ബാവയുമാണ് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവ. മലങ്കര സഭ ഒരു കുടുംബമാണെന്നും അഭിപ്രായ വിത്യാസങ്ങളുണ്ടാകാമെന്നും എന്നാല്‍ അതെല്ലാം നീതിപൂര്‍വ്വം പരിഹരിക്കണമെന്നുമായിരുന്നു സഭാ തര്‍ക്കത്തില്‍ സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞ അഭിപ്രായം.
കാലം ചെയ്ത ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ അസിസ്റ്റന്റായിരുന്നു ഡോക്ടര്‍ മാത്യൂസ് മാര്‍ സേവേറിയോസ്. കാര്‍ക്കശ്യക്കാരനായ തിരുമേനിയായിട്ടാണ് അറിയപ്പെടുന്നത്. സഭാ കേസുകളുടെ മേല്‍നോട്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു.
1949 ഫെബ്രുവരി രണ്ടിന് കോട്ടയം വാഴൂര്‍ മറ്റത്തില്‍ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1978ലാണ് വൈദികനാവുന്നത്. 1973-ല്‍ മെത്രാപ്പൊലീത്തയായി. തുടര്‍ന്ന് സുനഹദോസ് മുന്‍ സെക്രട്ടറിയായും മലങ്കര ഓര്‍ത്തഡോക്‌സ് വൈദിക സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് മുന്‍ ബാവയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ 72-ാം വയസ്സിലാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനാകുന്നത്.