Image

ഇരുട്ടിലാകുമോ ലോകം (സനൂബ് ശശിധരന്‍)

Published on 14 October, 2021
ഇരുട്ടിലാകുമോ ലോകം (സനൂബ് ശശിധരന്‍)
കഴിഞ്ഞ ഒക്ടോബര്‍ 4 ന് ലോകമെങ്ങും ഫെയ്‌സ്ബുക്ക്, വാട്‌സ്അപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം മുടങ്ങിയത് ഏതാനും മണിക്കൂറുകളാണ്. ആ മണിക്കൂറുകള്‍ക്ക് ഇവയുടെ ഉടമയായ സക്കര്‍ബര്‍ഗിന് ഉണ്ടായ സാമ്പത്തിക നഷ്ടം ശതകോടികളുടേതാണ്. പക്ഷെ പരസ്പരം ബന്ധപ്പെടാനാവാതെ വലഞ്ഞജനം അക്ഷരാര്‍ത്ഥത്തില്‍ ഇരുളിലായി. ആശയവിനിമയം എന്നത് സാമൂഹികമാധ്യമങ്ങളും ആപ്പുകളും ആശ്രയിച്ചെന്ന രീതിയിലേക്ക് മാറിയ നൂറ്റാണ്ടില്‍ ഇവയ്ക്കുണ്ടാകുന്ന ഏതൊരുസാങ്കേതിക പ്രശ്‌നവും ജനത്തെ അങ്കലാപ്പിലും ഭീതിയിലുമാക്കുന്നുവെന്നത് അതിശയോക്തിയല്ല. സാമൂഹികമാധ്യമങ്ങള്‍ അത്രകണ്ട് നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഏതാനും ചില ആപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടപ്പോള്‍ തന്നെ മനുഷ്യര്‍ ഇത്രമാത്രം പ്രശ്‌നത്തിലായി എങ്കില്‍ ലോകം ദിവസങ്ങളോളം ഇരുട്ടിലേക്ക് വീണാല്‍ എന്തായിരിക്കും അവസ്ഥ. മൊബൈലുകള്‍ ചാര്‍ജ് ചെയ്യാന്‍പോലും ആകാത്തത്ര ഊര്‍ജപ്രതിസന്ധിവന്നാലുണ്ടായാലുള്ള അവസ്ഥ. ആര്‍ക്കെങ്കിലും ഊഹിക്കാനാവുമോ.

എന്നാല്‍ അതിനുള്ള സാധ്യത വിദൂരമല്ല. പറഞ്ഞുവരുന്നത് ലോകമെങ്ങും നേരിടുന്ന ഊര്‍ജ്ജപ്രതിസന്ധിയെകുറിച്ചാണ്. ചൈനയുടെ പലപ്രവിശ്യകളിലും കഴിഞ്ഞകുറച്ച് ദിനങ്ങളായി കടുത്ത വൈദ്യുതിപ്രതിസന്ധിയാണ്. കാരണം വൈദ്യുതി ഉത്പാദനത്തിനുള്ള കല്‍ക്കരിയുടെ ക്ഷാമം തന്നെ. ഇന്ത്യയില്‍ പലസംസ്ഥാനങ്ങളും ഇതിനോടകം തന്നെ വൈദ്യുതിനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിതുടങ്ങി. വൈദ്യുതിഉത്പാദനത്തിനുവേണ്ട കല്‍ക്കരിയുടെ ശേഖരം മിക്കയിടത്തും കുറഞ്ഞുവെന്നതിനാല്‍ തന്നെ രാജ്യത്തും വൈദ്യുതിക്ഷാമം അധികം വൈകാതെ രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ 70 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് കല്‍ക്കരി ഉപയോഗിച്ചാണ്. ലോകത്തിലെ തന്നെ രണ്ടാമത്തെ കല്‍ക്കരി കയറ്റുമതി രാഷ്ട്രമായ ഇന്ത്യയില്‍ ഇത്തരത്തിലൊരുപ്രതിസന്ധി ആരും പ്രതീക്ഷിച്ചിരിക്കില്ല. (കല്‍ക്കരിക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ കേന്ദ്രം തുടര്‍ച്ചയായി നിഷേധിക്കുന്നുവെങ്കിലും പ്രതിസന്ധി രൂക്ഷമാണ് എന്ന് തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്്). ചുരുങ്ങിയത് 14 ദിവസത്തേക്ക് ആവശ്യമായ കല്‍ക്കരിയാണ് ഓരോ താപവൈദ്യുതനിലയങ്ങളിലും സ്റ്റോക്ക് വേണ്ടത്. എന്നാല്‍ രാജ്യത്തെ ഭൂരിഭാഗം കേന്ദ്രങ്ങളിലും കഷ്ടിച്ച് ഒരാഴ്ച്ചയില്‍ താഴേക്കുള്ള സ്‌റ്റോക്ക് മാത്രമേ ഉള്ളു. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ കല്‍ക്കരി സംഭരണരാജ്യമായ ഇന്ത്യയിലെ സ്ഥിതി ഇതാണ് എങ്കില്‍ മറ്റ് രാജ്യങ്ങളിലെ അവസ്ഥയെകുറിച്ച് ഊഹിക്കാമല്ലോ. പകുതിയിലേറയെുംവരുന്ന താപവൈദ്യുതനിലയങ്ങളിലേയും കല്‍ക്കരി സംഭരണം കുറഞ്ഞതോടെ ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, ലഡാക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമെല്ലാം വൈദ്യുതിമുടങ്ങിക്കഴിഞ്ഞു.
എന്തുകൊണ്ടാണ് കല്‍ക്കരിയുടെ ലഭ്യത കുറഞ്ഞത്. മുഖ്യമായ കാരണം ഉപയോഗം വര്‍ദ്ധിച്ചതിനൊപ്പം ലഭ്യതകുറഞ്ഞതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കല്‍ക്കരി ഉപയോഗം വര്‍ദ്ധിച്ചത് 17 ശതമാനമാണ്. 2019 ഓഗസ്റ്റില്‍ 106 ബില്ല്യണ്‍ ടണായിരുന്നു കല്‍ക്കരിയുടെ ഉപയോഗമെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം 124 ബില്ല്യണ്‍ ടണിലേറെ് കല്‍ക്കരിയാണ് ലോകം കത്തിച്ചത്. ഉപയോഗം വര്‍ദ്ധിച്ചിനൊപ്പം തന്നെ ഈ ഫോസില്‍ ഇന്ധനത്തിന്റെ വിലയും റോക്കറ്റ് പോലെയാണ് വര്‍ദ്ധിച്ചത്. അടിസ്ഥാനമാര്‍ക്കായി കണക്കാക്കുന്ന ഇന്തോനേഷ്യന്‍ കല്‍ക്കരിയുടെ വില ഈ വര്‍ഷമാദ്യം മെട്രിക്ക് ടണ്ണിന് 45 ഡോളറായിരുന്നത് ഒക്ടോബറില്‍ 120 ഡോളറായാണ് കൂടിയത്. അതായത് രണ്ട് ഇരട്ടിക്കടുത്ത് വര്‍ദ്ധന.

കാലാവസ്ഥയെയാണ് ഈ പ്രതിസന്ധിക്ക് ഉത്തരവാദിയായി കേന്ദ്രം കുറ്റപ്പെടുത്തുന്നത്. കല്‍ക്കരി പാടങ്ങളുള്‍പ്പെട്ട പ്രദേശത്ത് കഴിഞ്ഞ ഓഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലായി പെയ്ത് കനത്തമഴ കല്‍ക്കരിയുടെ ഉത്പാദനവും വിതരണവും താറുമാറാക്കിയെന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മഴയില്‍ കല്‍ക്കരി പാടങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ഇത് വിതരണത്തേയും സംഭരണത്തേയും പ്രതികൂലമായി തന്നെ ബാധിച്ചുവെന്നത് വസ്തുതയാണ്. പക്ഷെ എത്രനാള്‍ ഇത്തരത്തില്‍ കല്‍ക്കരിയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവും. ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നത് അധികാരികള്‍ക്ക്് ഇപ്പോഴും മനസിലാകാത്തത് എന്താണ്. ഫോസില് ഇന്ധനമെന്നത് എത്രകാലമിനിയും ഉണ്ടാകുമെന്നത് ചര്‍ച്ചചെയ്യപെടേണ്ടതാണ്. മാത്രവുമല്ല കാലാവസ്ഥവ്യതിയാനം എന്നത് ലോകമെങ്ങും നേരിടുന്ന വലിയ ഭീഷണിയാണെന്നും അത് മറിക്കടക്കാനുള്ള വഴികളെ കുറിച്ച് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടിട്ടും നാമിപ്പോഴും കല്‍ക്കരിയെ ആശ്രയിച്ച് മുന്നോട്ട് പോകുന്നുവെന്നത് ആശ്ചര്യകരമാണ്.

ഇത്തരം ഇന്ധനങ്ങള്‍ വരുത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെകുറിച്ചും കാലാവസ്ഥ വ്യതിയാനങ്ങളെകുറിച്ചുമെല്ലാം ഇ്‌പ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. ചൈനയിലെ പ്രതിസന്ധി സര്‍ക്കാര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന വാദവും ഒരുപക്ഷം ഉയര്‍ത്തുന്നുണ്ട്. ആഗോളതാപനത്തിന്റെ പേരില്‍ വലിയ പഴികേള്‍ക്കുന്ന ചൈന, ഊര്‍ജ്ജസംരക്ഷണത്തിന്റെ ഭാഗമായി കല്‍ക്കരിയുടെ കൃത്രിമക്ഷാമം വരുത്തി വൈദ്യുതി ഉത്പാദനം കുറച്ചതാണെന്നാണ് ഇവരുടെ വാദം. ദിവസങ്ങളോളം ഇരുളില്‍ ആയതോടെ ചൈനയിലെ ഫാക്ടകറികളില്‍ നി്ന്നും പുറംതള്ളിയിരുന്ന പുക നിയന്ത്രിക്കപ്പെട്ടുവെന്നും ഇതിലൂടെ അന്തരീക്ഷമലിനീകരണം ഇത്തരം ഇന്ധനങ്ങള്‍ വരുത്തുന്ന കുറച്ചുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ വ്യവസായിക സ്ഥാപനങ്ങളടക്കം ഇരുട്ടിലായപ്പോള്‍ ലോകസാമ്പത്തിക ശക്തിപ്രകടനത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ചൈനയ്ക്ക് അത് തിരിച്ചടിയായാന്നെന്നാണ് വിപണികള്‍ ചൂണ്ടിക്കാട്ടുന്നത്. ചൈനീസ് മാര്‍ക്കറ്റുകളിലെ തിരിച്ചടി അതാണ് വ്യക്തമാക്കുന്നത്.

കല്‍ക്കരിയുടെ ഉപയോഗം കൊണ്ട് വൈദ്യുതിഉത്പാദനം കുറയുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ജനം തന്നെയാണ്. ഫാക്ടറികള്‍, വ്യവസായശാലകള്‍, ആശുപത്രികള്‍, തുടങ്ങിയവയുടെ എല്ലാം പ്രവര്‍ത്തനം അവതാളത്തിലാവും. അത് രാജ്യത്തിന്റെ സാമ്പത്തിക നിലയെ തന്നെ തകിടം മറിക്കും. കൊവിഡ് മഹാമാരിക്ക് ശേഷം പതിയെ കരകയറാന്‍ ശ്രമിക്കുന്ന ലോകസാമ്പത്തികരംഗത്തെ ഇത് പിറകോട്ടടിക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യയിലെ അവസ്ഥ പരിശോധിച്ചാല്‍ ചരിത്രത്തില്‍ ഇത്രയും വലിയ പ്രതിസന്ധി മുമ്പ് നേരിട്ടിട്ടുണ്ടോയെന്നത് സംശയകരമാണ്. ദേശസാല്‍കൃത കല്‍ക്കരിഖനികള്‍ സ്വകാര്യവത്ക്കരിച്ചതിലൂടെ എല്ലാനിയന്ത്രണങ്ങളും സ്വകാര്യകമ്പനികളിലായി. ഇവര്‍ കൃത്രിമമായി ക്ഷാമം സൃഷ്ടിക്കുകയാണോ എന്ന സംശയവും ശക്തമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ ഉപയോഗത്തിലെ വര്‍ദ്ധനവ് കല്‍ക്കരിയുടെ ഡിമാന്റ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ലോക്ഡൗണിനുശേഷം ലോകത്തിലെ പ്ലാന്റുകളെല്ലാം ഉത്പാദനം കൂട്ടാന്‍ ശ്രമിച്ചതോടെ. ഈ ഡിമാന്റ് തന്നെയാണ് വിലകുത്തനെ കൂടാന്‍ ഇടയാക്കിയത്. അതിനാല്‍ തന്നെ സാമ്പത്തികശാസ്ത്രത്തിലെ ഏറ്‌റവും ലളിതമായ തിയറിവെച്ച് ഡിമാന്റ് ഏറുന്നത് ഉത്പാദനം കൂട്ടാന്‍ വഴിവെക്കും. എന്നാല്‍ ഉത്പാദനം കൂടാതിരിക്കുന്നത് ക്ഷാമത്തിനും അത് വിലകയറ്റത്തിനും വഴിവെക്കുമെന്നതാണ് പൊതുസത്യം. അതിനാല്‍ തന്നെ ക്ഷാമം കൃത്രിമമാണോയെന്നതും പരിശോധിക്കപെടേണ്ടതുണ്ട്.

ഇന്ത്യയില്‍ പക്ഷെ എണ്ണകമ്പനികളും സ്വകാര്യകമ്പനികളും പറയുന്ന കണക്കുകള്‍ക്കും വിശദീകരണങ്ങള്‍ക്കും മാത്രമാണ് സര്‍ക്കാര്‍ വിശ്വാസ്യത. അവര്‍ നഷ്ടത്തിലാണ് എന്ന് പറഞ്ഞാല്‍ നഷ്ടത്തിലാണ്, ആ നഷ്ടം സാധാരണജനം നികത്തികൊടുക്കണം എന്നതാണല്ലോ നയം. പെട്രോള്‍ - ഡീസല്‍ - പാചകവാതക ഗ്യാസ് എന്നിവയുടെ കാര്യത്തില്‍ ഇന്ത്യന്‍ ജനത് ഇത് വര്‍ഷങ്ങളായി അനുഭവിക്കുന്നതാണല്ലോ. അതിനാല്‍ തന്നെ കല്‍ക്കരിയുടെ ഇല്ലായിമ കാരണമുണ്ടാകുന്ന വൈദ്യുതപ്രതിസന്ധിയെ മറികടക്കണമെങ്കില്‍ കേന്ദ്രപൂളില്‍ നിന്നോ സ്വകാര്യഏജന്‍സികളില്‍ നിന്നോ സംസ്ഥാനങ്ങള്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി ജനത്തിനെത്തിക്കും. അപ്പോള്‍ ആ വലിയ വില ജനം നല്‍കിക്കൊള്ളണം. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിന്റെ സൂചനകള്‍ ഇതിനോടകം തന്നെ തന്നുകഴിഞ്ഞു. മണ്ണെണ്ണയ്‌ക്കെല്ലാം വലിയ വിലയായതിനാല്‍ പഴയ മണ്ണെണ്ണ വിളക്കിലേക്കും പോകാനാവില്ല. അതിനാല്‍ കണ്ണുകാണാന്‍ സര്‍ക്കാരും സ്വകാര്യഏജന്‍സിയും ചോദിക്കുന്ന വില നല്‍കിയേ മതിയാകൂ...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക