ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുകയാണ് നടി ആന്‍ അഗസ്റ്റിന്. ബാംഗ്ലൂരില്‍ മിരമാര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായ ആന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രത്തിലൂടെയാണ് ആന്‍ തിരികെ എത്തുന്നത്. എഴുത്തുകാരനായ എം മുകുന്ദനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് നായകന്.
വിവാഹമോചനത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും സംസാരിക്കുന്ന ആനിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹമെന്നാണ് ആന്‍ പറയുന്നത്.
'ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു അത്. . പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍,' വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആന്‍ മനസ്സു തുറന്നു.
'ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച് ബാംഗ്ലൂരിലേക്ക് പോന്നു. മിരമാര്‍ തുടങ്ങി. പ്രൊഡക്ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ഒരുപാട് അധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു.'
അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറികടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താന്‍ അച്ഛനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും ആന്‍ പറഞ്ഞു. 'വലിയ സങ്കടങ്ങള്‍ വരുമ്ബോള്‍ രഞ്ജിത്തങ്കിളിനെ വിളിക്കും, ഞാനില്ലേ നിന്റെ കൂടെ മുഴങ്ങുന്ന ശബ്ദത്തില്‍ അങ്കിള്‍ അത് പറയുമ്ബോള്‍ വലിയ ആശ്വാസമാണ്.' ആന്‍ കൂട്ടിച്ചേര്‍ത്തു.
'എല്‍സമ്മയെന്ന ആണ്‍കുട്ടി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആന്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഛായഗ്രാഹകന്‍ ജോമോന് ടി ജോണുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയില്‍ നിന്നും ആന്‍ ബ്രേക്ക് എടുത്തത്.