Image

കോതമംഗലത്ത് സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം; അയല്‍ക്കാരായ മൂന്നംഗ കുടുംബം അറസ്റ്റില്‍

Published on 14 October, 2021
കോതമംഗലത്ത് സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം; അയല്‍ക്കാരായ മൂന്നംഗ കുടുംബം അറസ്റ്റില്‍
 

കോതമംഗലം: കോതമംഗലത്ത് കനാല്‍ കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്റ്റുഡിയോ ഉടമ എല്‍ദോസ് പോളിന്റെത് കൊലപാതകമെന്ന് വ്യക്തമായി. അയല്‍വാസികളായ മൂന്നംഗ കുടുംബത്തെ പോലീസ് അറസ്റ്റു ചെയ്തു. എല്‍ദോ, പിതാവ് ജോയി, അമ്മ മോളി എന്നിവരാണ് പിടിയിലായത്. ഇവരെ വൈകാതെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.

തിങ്കളാഴ്ച പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് ചേലാട് ആര്‍ട്‌സ് സ്റ്റുഡിയോ ഉടമ എല്‍ദോസ് പോള്‍ (40) പെരിയാര്‍വാലി കനാല്‍ ബണ്ടില്‍ മരിച്ചുകിടക്കുന്നതും സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്നതും സമീപത്ത്  കണ്ടത്. അപകട മരണമെന്നായിരുന്നു പ്രാഥമിക വിവരം. 

എന്നാല്‍ എല്‍ദോസിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്‌കൂട്ടര്‍ ഓഫ് ചെയ്ത നിലയിലുമായിരുന്നു. ഇത് അപകടത്തില്‍ സംശയം തോന്നിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എല്‍ദോസിന്റെ തലയ്ക്ക് പിന്നില്‍ മുറിവേറ്റിരുന്നുവെന്നും വ്യക്തമായി. ഒരു ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി എല്‍ദോസ് വീട്ടില്‍ നിന്ന് പോയതെന്ന് വീട്ടുകാര്‍ അറിയിച്ചു.

തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തില്‍ അയല്‍വാസികളിലേക്ക് അന്വേഷണമെത്തിയത്. മരിച്ച എല്‍ദോസ് അയല്‍വാസി എല്‍ദോ പോളിന് രണ്ടു ലക്ഷം രൂപ വായ്പ നല്‍കിയിരുന്നു. ഇത് തിരിച്ചുനല്‍കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. പണം നല്‍കാമെന്ന് എല്‍ദോ ജോയി അറിയിച്ചതിനെ തുടര്‍ന്നാണ് എല്‍ദോസ് രാത്രി 10ന് അവരുടെ വീട്ടിലെത്തിയത്. തര്‍ക്കത്തിനിടെ എല്‍ദോ മഴുവിന്റെ പിടികൊണ്ട് എല്‍ദോസിന്റെ തലയ്ക്കടിക്കുകയായിരുന്നു. 

അടിയേറ്റ് മരിച്ച എല്‍ദോസിനെ ഇവരുടെ ബൈക്കിലിരുത്തി കനാലിന്റെ കരയില്‍ തള്ളിയിട്ടു. തുടര്‍ന്ന് തിരികെയെത്തി എല്‍ദോസിന്റെ സ്‌കൂട്ടറും തള്ളിയിട്ടു. മൃതദേഹം കനാല്‍ ബണ്ടില്‍ തള്ളാന്‍ എല്‍ദോയെ മാതാപിതാക്കളും സഹായിച്ചുവെന്ന് പോലീസ് അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക