Image

അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

Published on 14 October, 2021
അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐജിയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച്‌ അച്ഛനെയും മകളെയും പൊതുനിരത്തില്‍ വിചാരണ ചെയ്ത സംഭവത്തില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐജി ഹര്‍ഷിത അത്തല്ലൂരിയുടെ റിപ്പോര്‍ട്ട്. പൊലീസ് ഉദ്യോഗസ്ഥയായ രജിതയ്ക്ക് വീഴ്ചയുണ്ടായി, അച്ഛനോടും മകളോടും ഇടപെടുന്നതില്‍ ജാഗ്രതക്കുറവ് സംഭവിച്ചു. കൂടുതല്‍ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും ഡി‍ജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മിഷനും പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണ നേരിട്ട ചിറയിന്‍കീഴ് സ്വദേശി ജയചന്ദ്രന്റെ പരാതിയിലായിരുന്നു സംസ്ഥാന പൊലീസ് മേധാവിക്കു കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. 

പൊലീസ് യൂണിഫോമില്‍ പൊതുജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന ഔദ്യോഗിക ജോലികളില്‍നിന്ന് ഒഴിവാക്കണമെന്നും അതിശക്തമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു കമ്മിഷന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ജയചന്ദ്രനെയും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകളെയും രജിത പരസ്യമായി വിചാരണ ചെയ്തത്. ഐസ്‌ആര്‍എഒയിലേക്കു കൂറ്റന്‍ ചേംബറുകളുമായി പോകുകയായിരുന്ന വാഹനങ്ങള്‍ കാണാന്‍ ആറ്റിങ്ങലിലെത്തിയതായിരുന്നു ജയചന്ദ്രനും മകളും.

പിങ്ക് പൊലീസ് വാഹനത്തില്‍നിന്ന് തന്റെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചുവെന്നും തിരിച്ചുതരണമെന്നുമാണ് രജിത ആദ്യം പറഞ്ഞത്. താന്‍ എടുത്തിട്ടില്ലെന്നും ദേഹം പരിശോധിച്ചോളാനും ജയചന്ദ്രന്‍ പറഞ്ഞതോടെ ഫോണ്‍ മകള്‍ക്കു കൈമാറിയെന്നും കുട്ടി അത് കുറ്റിക്കാട്ടിലേക്ക് എറിയുന്നതു താന്‍ കണ്ടുവെന്നുമായി രജിതയുടെ ആരോപണം.

ഫോണ്‍ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയോടും രജിത മോശമായി പെരുമാറിയതായും ഇരുവരെയും സ്‌റ്റേഷനില്‍ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. അതേസമയം, പിങ്ക് പട്രോളിന്റെ ഭാഗമായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥ കാറിന്റെ പുറകിലെ സീറ്റില്‍ വച്ചിരുന്ന രജിതയുടെ ബാഗില്‍ ഫോണ്‍ കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക