അമ്പലപ്പുഴ: പെട്ടിഓട്ടോയുടെ വാതിലിന്റെ ചില്ലില്‍ തലകുടുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്പില്‍ ഉമറുല്‍ അത്താബിന്റെ മകന്‍ മുഹമ്മദ് ഹനാനാണു മരിച്ചത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ മുന്‍ചക്രത്തില്‍ക്കയറിയ ഹനാന്‍, വാതിലിന്റെ പകുതിയടഞ്ഞ ചില്ലിനുമുകളിലൂടെ അകത്തേക്കു തലയിട്ടപ്പോള്‍ കാല്‍വഴുതിപ്പോവുകയായിരുന്നു.
ആക്രിക്കട നടത്തുന്ന അത്താബ്, ഊണുകഴിക്കാന്‍ ഈ വാഹനത്തില്‍ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഹനാന് അപകടം പറ്റിയ സമയത്ത് അത്താബും ഭാര്യയും വീട്ടിനുള്ളിലായിരുന്നു. കുട്ടിയെക്കാണാതെ ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ വണ്ടിയുടെ ചില്ലിനുമുകളില്‍ തലകുടുങ്ങിയനിലയില്‍ കണ്ടെത്തി.
ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലെ ഞരമ്പുമുറിഞ്ഞാണു ഹനാന്റെ മരണം സംഭവിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പുന്നപ്ര പോലീസ് തുടര്‍ നടപടി സ്വീകരിച്ചു. മാതാവ്: അന്‍സില. സഹോദരന്‍: മുഹമ്മദ് അമീന്‍.