Image

ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പറക്കാം: രാകേഷ് ജുന്‍ജുന്‍വാലയുടെ 'ആകാശ എയര്‍'ലൈന് സര്‍ക്കാര്‍ അനുമതി

Published on 12 October, 2021
ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പറക്കാം:  രാകേഷ് ജുന്‍ജുന്‍വാലയുടെ 'ആകാശ എയര്‍'ലൈന്  സര്‍ക്കാര്‍ അനുമതി
സ്‌റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയോടെ ആരംഭിക്കുന്ന 'ആകാശ എയര്‍ലൈന്' കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ എന്‍.ഒ.സി ലഭിച്ചു. രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള യാത്ര വാഗ്ദാനം ചെയ്താണ് പുതിയ വിമാനക്കമ്ബനി തുടങ്ങുന്നത്. 2022 ല്‍ സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കമ്ബനിയില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 40 ശതമാനം ഓഹരിയാണുണ്ടാവുക. കമ്ബനിയുടെ നടത്തിപ്പിനായി ജെറ്റ് എയര്‍വേയ്‌സ് മുന്‍ സി.ഇ.ഒ വിനയ് ദുബെ, ഇന്‍ഡിഗോ മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷ് തുടങ്ങിയ പ്രമുഖരെ നിയമിച്ചിട്ടുണ്ട്. വിനയ് ദുബെ ആയിരിക്കും കമ്ബനിയുടെ സി.ഇ.ഒ.

അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 70 വിമാനങ്ങള്‍ ആകാശ് എയര്‍ലൈന് വേണ്ടി പറക്കും. 35 മില്യണ്‍ ഡോളറാണ് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാകേഷ് ജുന്‍ജുന്‍വാല ചെലവഴിക്കുക. 

'ഒരാളുടെയും സാമൂഹ്യ-സാമ്ബത്തിക- സാംസ്‌കാരിക പശ്ചാത്തലം നോക്കാതെ എല്ലാ ഇന്ത്യക്കാര്‍ക്കും സേവനം നല്‍കുന്നതായിരിക്കും ആകാശ എയര്‍'- രാകേഷ് ജുന്‍ജുന്‍വാല നയം വ്യക്തമാക്കുന്നു. ഏറ്റവും കുറഞ്ഞ നിരക്ക്, അതിലും കുറഞ്ഞ നിരക്കായിരിക്കും യാത്രയ്ക്ക് ഈടാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആകാശ് എയര്‍ലൈന്‍സ് പിന്തുടരുന്നത് അള്‍ട്ര ലോ കോസ്റ്റ് കാരിയര്‍സ് (യു.എല്‍.സി.സി) മോഡല്‍ ബിസിനസാണ്. അതായത്, കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തിപ്പിച്ച്‌, ടിക്കറ്റിന് കുറഞ്ഞ നിരക്ക് ഈടാക്കി, ലാഭം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന മോഡലാണിത്. 

നോണ്‍- ഫ്രില്‍സ് സേവനം നല്‍കുന്ന വിമാനത്താവളങ്ങള്‍ ഇന്ത്യയില്‍ ഇല്ല എന്നതു തന്നെയാണ് പ്രധാന വെല്ലുവിളിയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അത്യാവശ്യമില്ലാത്ത സേവനങ്ങളൊക്കെ ഒഴിവാക്കി, പറ്റാവുന്നത്ര ചെലവ് കുറയ്ക്കുന്നതാണ് നോണ്‍- ഫ്രില്‍സ് സംവിധാനം.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക