Image

തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കപ്പെടുന്നു; ആരോപണവുമായി സമീര്‍ വാങ്കഡെ

Published on 12 October, 2021
തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കപ്പെടുന്നു; ആരോപണവുമായി സമീര്‍ വാങ്കഡെ
മുംബൈ: തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുവെന്ന ആരോപണവുമായി ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസ് അന്വേഷിക്കുന്ന നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) യിലെ ഉന്നത ഉദ്യോഗസ്ഥന്‍. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ   മുതിര്‍ന്ന ഉദ്യോഗസ്ഥനായ മുത്ത ജയിനും മഹാരാഷ്ട്ര പോലീസ് മേധാവിയുടെ ഓഫീസിലെത്തി പരാതി നല്‍കി. ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ.

സമീര്‍ വാങ്കഡെയുടെ മാതാവിനെ അടക്കം ചെയ്തിരിക്കുന്നതും അദ്ദേഹം പതിവായി സന്ദര്‍ശിക്കുന്നതുമായ സെമിത്തേരിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുന്ന രണ്ടുപേര്‍ ശേഖരിച്ചതായി ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച വാങ്കഡെ വിഷയം ഗൗരവകരമാണെന്ന് പറഞ്ഞു. സംഭവത്തില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും പറയാനുള്ളതെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും മുത്ത ജയിനും പറഞ്ഞു.

ഔദ്യോഗികമായൊരു പ്രതികരണത്തിന് സമീര്‍ വാങ്കഡേ ഇതുവരെ തയ്യാറായിട്ടില്ല. ആര്യന്‍ ഖാനടക്കം പ്രതിയായ ലഹരി മരുന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് ഉന്നയിച്ചിരുന്നു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക