Image

വാത്സല്ല്യമായിരുന്നു വേണുച്ചേട്ടന്‍... നൊമ്പരം പങ്കുവച്ച് മോഹന്‍ലാല്‍

Published on 12 October, 2021
വാത്സല്ല്യമായിരുന്നു വേണുച്ചേട്ടന്‍... നൊമ്പരം പങ്കുവച്ച് മോഹന്‍ലാല്‍
ഇന്നു വെളുപ്പിനെ ഒന്നരയോടെയാണ് സൂപ്പര്‍താരം മോഹന്‍ലാല്‍ നെടുമുടി വേണുവിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയത്. നിരവധി അനശ്വര മുഹൂര്‍ത്തങ്ങളായിരുന്നു ഇരുവരും ചേര്‍ന്ന് മലയാള സിനിമയ്ക്ക് ഇതുവരെ സമ്മാനിച്ചിട്ടുള്ളത്. 

അതിനാല്‍ തന്നെ നെടുമുടി വേണുവിന്റെ വിയോഗത്തിലുള്ള ദു;ഖം മോഹന്‍ലാലിന്റെ ശരീരഭാഷയില്‍ നിന്നു തന്നെ അവിടെ കൂടിയവര്‍ വായിച്ചെടുത്തിരുന്നു. നെടുമുടി വേണുവിനെ അനുസ്മരിച്ച് ഇതിനുശേഷം മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിപ്പുമിട്ടു. 

ജ്യേഷ്ഠ സഹോദരനെപ്പോലെ ചേര്‍ത്തു പിടിച്ച വാത്സല്യമായിരുന്നു വേണു ചേട്ടനെന്നാണ് മോഹന്‍ലാല്‍ തന്റെ അനുശോചന കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. 

മോഹന്‍ലാലിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേര്‍പാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന്‍ എനിക്ക്. എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടുചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങള്‍ക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക