Image

ബിജെപിയെ തോല്‍പിക്കുക ലക്ഷ്യം, കോണ്‍ഗ്രസിനോട് തൊട്ടുകൂടായ്മ ഇല്ല: യച്ചൂരി

Published on 12 October, 2021
ബിജെപിയെ തോല്‍പിക്കുക ലക്ഷ്യം, കോണ്‍ഗ്രസിനോട് തൊട്ടുകൂടായ്മ ഇല്ല: യച്ചൂരി
ന്യൂഡല്‍ഹി: ബിജെപിയെ തോല്‍പിക്കുക എന്നതാണു സിപിഎമ്മിന്റെ മുഖ്യലക്ഷ്യമെന്നും അതിനായി സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി.

കോണ്‍ഗ്രസുമായി സിപിഎമ്മിന് തൊട്ടുകൂടായ്മയില്ല. അടുത്തിടെ നടന്ന ബംഗാള്‍, അസം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നു. ഓരോ സംസ്ഥാനത്തും സ്ഥിതി വ്യത്യസ്തമാണ്. അതിനനുസരിച്ചുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കും. ബിജെപിക്കെതിരെ പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള വഴിയാണു സിപിഎം തേടുന്നതെന്നും യച്ചൂരി പറഞ്ഞു.

ഈ മാസം ചേരുന്ന കേന്ദ്രകമ്മിറ്റി രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നല്‍കുമെന്ന് യച്ചൂരി അറിയിച്ചു. ഫെബ്രുവരിയില്‍ പ്രമേയം പാര്‍ട്ടി അംഗങ്ങള്‍ക്കു ലഭ്യമാക്കും. അവരുടെ കൂടി അഭിപ്രായങ്ങള്‍ പരിശോധിച്ച ശേഷം, സഖ്യങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമ തീരുമാനമെടുക്കും.

അടുത്ത വര്‍ഷം ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്ത പൊളിറ്റ് ബ്യൂറോ യോഗത്തില്‍ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് ഭിന്നതയുയര്‍ന്നിരുന്നു. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ സഖ്യത്തെ എതിര്‍ത്തപ്പോള്‍, കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിനെ ബംഗാള്‍ ഘടകം അനുകൂലിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക