Image

മലയാള സിനിമയുടെ പേരാറ്റുറവ (അനിൽ പെണ്ണുക്കര)

Published on 11 October, 2021
മലയാള സിനിമയുടെ പേരാറ്റുറവ (അനിൽ പെണ്ണുക്കര)
സിനിമയിൽ അഭിരമിച്ച മനുഷ്യരുടെ വിയോഗം, ഒരു സിനിമയായിത്തന്നെ ഭൂമിയിൽ നിലനിൽക്കും .

മലയാള സിനിമയിൽ ഒരു വലിയ നഷ്ടം കൂടി സംഭവിച്ചിരിക്കുന്നു. മരണം അനിവാര്യമായ ഒന്നാണെങ്കിലും ഇതെന്തേ ഇത്രയും നേരത്തെ എന്ന് തോന്നുംവിധമാണ് നെടുമുടി വേണുവിന്റെ യാത്ര. അഭിനയത്തിന്റെ വേദിയിൽ നിന്ന് സ്വപ്നങ്ങളിലേക്ക് അദ്ദേഹം മൊഴിമാറ്റപ്പെട്ടിരിക്കുന്നു. ഓരോ സിനിമയിലും ഓരോ കഥാപാത്രങ്ങളെയും, ഓരോ ജീവിത പരിസരങ്ങളെയും മനുഷ്യരിലേക്ക് പകർത്തിയെഴുതി മഹാ പ്രതിഭയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. വില്ലനായും, നായകനായും, അച്ഛനായും, ആങ്ങളയായും, അമ്മാവനായും, അനന്തരവനായും, അപ്പൂപ്പനായും നെടുമുടി വേണുവിനോളം കഥാപാത്രങ്ങളിൽ ജീവിച്ച മറ്റൊരു നടന്നുമില്ലായിരുന്നു. അത്രത്തോളം ഭംഗിയിലായിരുന്നു അദ്ദേഹം പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് നടന്നു കയറിയത്. ഒരു സുന്ദരിയുടെ കഥ മുതൽ തുടങ്ങി അഭിനയ ജീവിതത്തിൽ എത്രയെത്ര യാഥാർഥ്യങ്ങൾ നിറഞ്ഞ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.

ഏത് കഥാപാത്രത്തിലേക്കും അനായാസം നടന്നു കയറാൻ നെടുമുടി വേണുവെന്ന നടന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. ഓരോ സിനിമയിലും തന്റെതായ മാനറിസങ്ങൾ കൊണ്ട് അയാൾ സിനിമയുടെ വിധി തന്നെ മാറ്റിയെഴുതി. നാടകരംഗത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് നെടുമുടിയെന്ന നടനെ മലയാളസിനിമയുടെ കൊടുമുടിയിലേക്കെത്തിച്ചത്. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ് നെടുമുടി വേണു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, മലയാളത്തിലും തമിഴിലുമായി 500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം പൂരം എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചു എന്നതല്ല, ഒരു കലാകാരൻ എന്ന നിലയിൽ തന്റെ കലയോടു പുലർത്തിയ സമർപ്പണവും പ്രതിഭയുമാണ് നെടുമുടി വേണുവിനെ മലയാളത്തിലെ മഹാനടന്മാരിലൊരാളാക്കുന്നത്. സമതലങ്ങളിൽനിന്ന് കൊടുമുടിയിലേക്കൊഴുകിയ പുഴയെന്ന് നെടുമുടി വേണുവിനെ വിളിക്കാം. മലയാളസിനിമയുടെ അതിരുകാക്കുന്ന ഒരു മലയായിരുന്നു നെടുമുടി വേണു, ഒരു പേരാറ്റുറവ, അയാൾ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ഓർമ്മകളുടെ കുത്തൊഴുക്കില്ലാത്ത വഴികളിലേക്ക് നടന്നു തുടങ്ങിയിരിക്കുന്നു.

നിങ്ങളിനിയും ജീവിക്കും, സിനിമയുള്ള കാലം ഓർമ്മകളിൽ അഭിരമിച്ചുകൊണ്ട് ജീവിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക