Image

ചൈനയുടെ ഭീഷണിക്ക് കീഴടങ്ങില്ലെന്ന് തായ് വാന്‍ പ്രസിഡന്‍റ്

Published on 11 October, 2021
ചൈനയുടെ ഭീഷണിക്ക് കീഴടങ്ങില്ലെന്ന് തായ് വാന്‍ പ്രസിഡന്‍റ്
തായ്പേയ്: തയ് വാനെ ചൈനയില്‍ ലയിപ്പിക്കുമെന്ന ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്‍റെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് തയ് വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍.
തായ് വാനെ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന്, ഹോങ് കോങ്ങിലേതുപോലെ 'ഒരു രാജ്യം രണ്ടു സംവിധാനങ്ങള്‍' എന്ന നയം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

ചൈനീസ് വിപ്ലവത്തിന്‍റെ 110ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേയായിരുന്നു അമേരിക്കയെ തന്നെ വെല്ലുവിളിച്ച്‌ തയ് വാനെ ചൈനയില്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനം ഷീ ജിന്‍പിങ് നടത്തിയത്. 

തയ് വാന്‍ ഒരു സ്വതന്ത്ര, പരമാധികാര രാഷ്ട്രമാണെന്നും തയ് വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍ പറഞ്ഞു. തയ് വാന്‍റെ സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുകയും തയ് വാനെതിരെ ചൈന നടത്തുന്ന കടന്നാക്രമണങ്ങളെ പരസ്യമായി എതിര്‍ക്കുകയും ചെയ്യുന്ന രാജ്യമാണ് അമേരിക്ക. ഇന്ത്യയും തയ് വാന്‍റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു.

നമ്മള്‍ വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനൊപ്പം ചൈന നമുക്കുമേലുള്ള സമ്മര്‍ദം ഉയര്‍ത്തുന്നു. പ്രകോപനങ്ങളോട് തിടുക്കത്തില്‍ പ്രതികരിക്കില്ല. എന്നാല്‍ മുന്‍കരുതലായി പ്രതിരോധ സംവിധാനങ്ങളുടെ ശക്തി വര്‍ധിപ്പിക്കും. കഴിഞ്ഞ 72 കൊല്ലത്തിനിടയിലെ ഏറ്റവും ഭീതിനിറഞ്ഞ സാഹചര്യത്തിലൂടെയാണ് തയ് വാന്‍ കടന്നുപോകുന്നതെന്നും സായ് പറഞ്ഞു.

സ്വതന്ത്രരാജ്യമാണെന്നാണ് തായ് വാന്‍ വാദിക്കുമ്ബോഴും തായ് വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെയും വാദം. സമാധാനപരമായി തയ് വാനെ ചൈനയില്‍ ലയിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്‍റ് പ്രഖ്യാപിച്ചെങ്കിലും തയ് വാന്‍റെ വ്യോമമേഖല ലംഘിച്ച്‌ നിരന്തരം പ്രകോപനപരമായി ചൈന യുദ്ധവിമാനങ്ങള്‍ പറത്തുന്നതിനെതിരെ അമേരിക്ക   ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക