Image

കേരളത്തില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം; സിറോ പ്രിവിലന്‍സ് സര്‍വേ പുറത്ത്

Published on 11 October, 2021
കേരളത്തില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം; സിറോ പ്രിവിലന്‍സ് സര്‍വേ പുറത്ത്
തിരുവനന്തപുരം:   കേരളം സുരക്ഷിത സ്ഥാനത്തെക്കെന്നതിന്റെ സൂചനയായി കേരളം നടത്തിയ സീറോ പ്രിവേലന്‍സ് പഠന റിപ്പോര്‍ട്ട്. സംസ്ഥാനം ആദ്യമായി നടത്തിയ സീറോ സര്‍വ്വയലന്‍സ് പഠന റിപ്പോര്‍ട്ടില്‍ പതിനെട്ട് വയസിന് മുകളിലുള്ളവരില്‍ 82 ശതമാനം പേരിലും ആന്റി ബോഡി സാന്നിധ്യം കണ്ടെത്തി. 5 മുതല്‍ 17 വയസ്‌ വരെ പ്രായമുള്ള കുട്ടികളില്‍ 40.2 ശതമാനം പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്.

അതേസമയം, ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തില്‍ 65.4 ശതമാനം പേരും പ്രതിരോധശേഷി ആര്‍ജിച്ചുവെന്നാണ് കണ്ടെത്തല്‍. വാക്സിനേഷന്‍ പരമാവധി പേരിലേക്ക് എത്തിക്കാനായതിന്റെ ഫലമാണ് ഈ കണക്കുകളെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ന് നടന്ന നിയമസഭ സമ്മേളനത്തില്‍ യുഡിഎഫ് എംല്‍എമാര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് സെപ്റ്റംബറില്‍ നടത്തിയ സീറോ സര്‍വ്വയലന്‍സ് പഠനത്തിലെ കണ്ടെത്തലുകള്‍ മറുപടിയായി സര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്.

 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 4429 സാമ്ബിളുകളില്‍ 3659 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 82.6%ആണ്. 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ ആന്റിബോഡിയുടെ അളവ് ഉയര്‍ന്നതാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് സ്വാഭാവിക അണുബാധയിലൂടെയോ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിലൂടെയോ സംഭവിച്ചേക്കാം. 

കേരളത്തിലെ ഉയര്‍ന്ന തോതിലുള്ള കോവിഡ് വാക്സിനേഷന്‍ കവറേജ് കണക്കിലെടുക്കുമ്ബോള്‍, സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്റെ ഗണ്യമായ സംഭാവന ഈ നിലയിലുള്ള ആന്റിബോഡി വ്യാപനത്തിന് കാരണമായേക്കാം.

18 മുതല്‍ 49 വയസ് വരെ പ്രായമുള്ള ഗര്‍ഭിണികളുടെ വിഭാഗത്തില്‍ വിശകലനം ചെയ്ത 2274 സാമ്ബിളുകളില്‍ 1487 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ് 65.4%ആണ്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളിലെ സീറോപ്രിവലന്‍സ് താരതമ്യേന കുറവാണ്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ സ്വീകരിച്ചേക്കാവുന്ന കൂടുതല്‍ സംരക്ഷിത കോവിഡ് ഉചിതമായ പെരുമാറ്റം, ഗര്‍ഭിണികളുടെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് വൈകുന്നത് മുതലായവയാണ് ഇതിനുള്ള കാരണങ്ങള്‍.

5 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1459 സാമ്ബിളുകളില്‍ 586 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ് 40.2%ആണ്. ഇത് 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തേക്കാളും ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളുടെ വിഭാഗത്തേക്കാളും വളരെ കുറവാണ്. 

ഇന്ത്യയില്‍ കുട്ടികളില്‍ കോവിഡ് വാക്സിന്‍ ഉപയോഗിക്കുന്നത് അംഗീകരിച്ചിട്ടില്ല. കൂടാതെ ഈ വിഭാഗത്തില്‍ കോവിഡുമായി ബന്ധപ്പെട്ട ഘടകങ്ങളിലേക്കുള്ള എക്സ്പോഷര്‍ കുറവാണ്. ഇത് കുട്ടികളില്‍ കുറഞ്ഞ സീറോപ്രിവലന്‍സിന് കാരണമാകുന്നു.

18 വയസിനും അതിനു മുകളിലും പ്രായമുള്ള ആദിവാസി ജനസംഖ്യാ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1521 സാമ്ബിളുകളില്‍ 1189 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ് 78.2%ആണ്. ആദിവാസി ജനസംഖ്യയുടെ സീറോപ്രിവലന്‍സ് 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ സീറോപ്രിവലന്‍സിനേക്കാള്‍ അല്പം കുറവാണ്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക