Image

സുനീപിൻറെ കഥ: മഹാ പ്രളയത്തേയും, മഹാമാരിയേയും അതിജീവിച്ചവരാണ് മലയാളികള്‍ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

Published on 10 October, 2021
സുനീപിൻറെ കഥ:  മഹാ പ്രളയത്തേയും, മഹാമാരിയേയും അതിജീവിച്ചവരാണ് മലയാളികള്‍ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)
അപ്രതീക്ഷിതമായി വന്ന കോവിഡ്-19 എന്ന മഹാമാരിയുടെ രൂക്ഷതയും വ്യാപനവും, അതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അടച്ചിടലിന്റേയും   പ്രതിസന്ധിയേറിയ ദിനങ്ങള്‍ മുംബൈ മലയാളികള്‍ക്ക് പെട്ടെന്ന് മറക്കാന്‍ കഴിയില്ല. എന്നാല്‍ ആ വെല്ലുവിളികളെ ധൈര്യത്തോടെ നേരിട്ട ഡോംബിവിലിയിലെ കഠിനാധ്വാനിയായ,  അതിജീവനത്തിന്റെ പാതയിലൂടെ സധൈര്യം സഞ്ചരിച്ച സുനീപ് എന്ന മറുനാടന്‍ മലയാളിയെയാണ് ഞാനിന്ന് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.
 
 
സ്വന്തം  വ്യവസായം ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടപ്പോള്‍ സാമ്പത്തിക തിരിച്ചടികളില്‍ തളര്‍ന്നിരിക്കാതെ താന്‍ ജീവിക്കുന്ന സമൂഹത്തിലെ, കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ആലംബമാകുകയാണ് ഈ ചെറുപ്പക്കാരന്‍.
 
സുനീപ് താമസിക്കുന്ന ഡോംബിവലിയില്‍, 120 ഫ്‌ലാറ്റുകളുള്ള സുധാമ കോംപ്ലക്സ്  സൊസൈറ്റിയില്‍, കൊറോണയുടെ ആദ്യ തരംഗത്തില്‍  പരിഭ്രാന്തിയിലായ ജനങ്ങളെ സമാശ്വസിപ്പിച്ചും, അവര്‍ക്കുവേണ്ട മരുന്നുകളും, അവശ്യ സാധനങ്ങളും മറ്റും എത്തിച്ചു നല്‍കിയും ഈ യുവാവ് സമൂഹത്തിന് മാതൃകയായി. ഇതു കേട്ടറിഞ്ഞ സമീപവാസികളും സുനീപിനെ സഹായത്തിനായി നിരന്തരം ഫോണില്‍ വിളിക്കാന്‍ തുടങ്ങി. ഇതില്‍ നിന്നും സുനീപിന് കിട്ടിയ പ്രചോദനമാണ് വൃദ്ധജനങ്ങളേയും, കോവിഡ് ബാധിച്ച രോഗികളേയും സഹായിക്കാനുള്ള കരുത്തായത്. 
 
ക്രമേണ ഡോംബിവിലി, താക്കുര്‍ളി മേഖലകളില്‍ പച്ചക്കറി വില്‍പ്പനക്ക് സുനീപ് തുടക്കം കുറിച്ചു. വെളുപ്പിന് മൂന്നു മണിക്ക് തന്റെ സന്തത സഹചാരിയായ സ്‌കൂട്ടറില്‍ കല്യാണ്‍ മാര്‍ക്കറ്റിലെത്തും. അവിടെ നിന്നും വാങ്ങിയ പച്ചക്കറികള്‍ വീട്ടിലെത്തിച്ച് കഴുകി വൃത്തിയാക്കി ആവശ്യക്കാര്‍ക്ക് ഓര്‍ഡറനുസരിച്ച് എത്തിക്കാന്‍ തുടങ്ങി. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് സുനീപിന് സമയവും വിലപ്പെട്ടതായി. രാവിലെ പതിന്നൊന്നു മണിക്ക് തുടങ്ങുന്ന ഇരുചക്ര വാഹനത്തിലെ യാത്ര, അവസാനിക്കുന്നത് രാത്രി എട്ടുമണിക്ക്. മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ പച്ചക്കറി ആവശ്യമുള്ള വേളയില്‍ ഓട്ടോറിക്ഷയില്‍ പച്ചക്കറി എത്തിക്കും. 
 
 
ഉപഭോക്താക്കളില്‍ നിന്നും ഒരിക്കലും യാത്രാക്കൂലി ഈടാക്കിയിരുന്നില്ല. ഈ യുവാവിന്റെ സേവന മനോഭാവം കണ്ടറിഞ്ഞ് അല്‍ക്കാരായ ജാനകി ചേച്ചിയും മകന്‍ രാഹുലും സുനീപിനെ സഹായിക്കുവാന്‍ തുടങ്ങി. പിന്നീട് ആവശ്യക്കാരുടെ അപേക്ഷ മാനിച്ച് പച്ചക്കറിക്കു പുറമെ പഴ വര്‍ഗ്ഗങ്ങളും, പലചരക്കു സാധനങ്ങളും ഉള്‍പ്പെടുത്താന്‍ തുടങ്ങി. കല്യാണ്‍, ഡോംബിവിലി മേഖല മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ, നിര്‍ദ്ധനരായവര്‍ക്കു വേണ്ടിയുള്ള ഭക്ഷണക്കിറ്റു വിതരണത്തിലും സുനീപ് മുന്‍പന്തിയിലുണ്ടായിരുന്നു. മഹാപ്രളയത്തില്‍ മാഹാരാഷ്ട്രയിലേയും, കേരളത്തിലേയും ദുരിതമനുഭവിക്കുന്നവര്‍ക്കായി മറുനാടന്‍ മലയാളികള്‍ നടത്തിയിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈ സേവനമനസ്‌ക്കന്റെ കൈയ്യൊപ്പുണ്ടായിരുന്നു.
 
 
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തെ വെട്ടേക്കര കുളക്കുഴി വീട്ടിലാണ് സുനീപിന്റെ ജനനം. അച്ഛന്‍ കുളക്കുഴി സുബ്രമണ്യന്‍ നാട്ടിലെ സര്‍വ്വ സമ്മതനായ സഖാവായിരുന്നു. സുനീപിന് മൂന്നു വയസ്സുള്ളപ്പോഴാണ് അറ്റാക്കിന്റെ രൂപത്തില്‍ അച്ഛനെ വിധി കവര്‍ന്നെടുത്തത്. ഓര്‍മ്മ വച്ച നാള്‍ മുതല്‍ വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും അച്ഛന്റെ സാമൂഹിക പ്രതിബദ്ധയെ കുറിച്ചുള്ള കഥകള്‍ കേട്ടു വളര്‍ന്ന സുനീപ് പിതാവിന്റെ പാത പിന്തുടര്‍ന്നാണ് തന്റെ കലാലയ ജീവിതത്തില്‍ എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയാകുന്നത്. ബാല്യകാലത്തു തന്നെ അതിജീവനത്തിന്റെ കഠിന പഥങ്ങള്‍ സുനീപിന് പരിചിതമായിരുന്നു. ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍, പര്യാനംപറ്റ പൂരത്തിന് കളിക്കോപ്പ് വില്‍പ്പനായിരുന്നു ആദ്യ അതിജീവന പാഠം. പഠിത്തം കഴിഞ്ഞതിനു ശേഷം വൈറ്റ് കോളര്‍ ജോലിക്ക് കാത്തു നില്‍ക്കാതെ വീടു വീടാന്തരം കയറി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയുടെ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി. സുനീപിന്റെ മുത്തച്ഛന്റെ സുഹൃത്തായ ആനിക്കഴി തങ്കമാമയുടെ ശുപാര്‍ശ്ശയില്‍, അദ്ദേഹത്തിന്റെ മകന്‍, മുംബൈയില്‍ ബി.എ.ആര്‍.സി. യില്‍ ജോലി ചെയ്തിരുന്ന ശ്രീധരന്‍ ആണ് 19 വയസ്സുകാരനായ സുനീപിനെ മുംബൈയിലേക്ക് കൊണ്ടുവരുന്നത്. 
 
ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്
 
തുടക്കത്തില്‍, മുംബൈ മലയാളിയുടെ സാംസ്‌കാരിക തലസ്ഥാനമായ ഡോംബിവിലിയില്‍ തന്റെ കഠിനാദ്ധ്വാനവും ഇച്ഛാശക്തിയുംകൊണ്ട് ഒരു മുറിയും അടുക്കളയും ഉള്ള ഫ്‌ലാറ്റ് സുനീപ് സ്വന്തമാക്കി. സുനീപിനെ നേര്‍വഴിയിലേക്ക് നയിക്കാനും സഹായിക്കാനും ലോക്കല്‍ ഗാര്‍ഡിയനായി ഒരു കൃഷ്ണന്‍ കുട്ടി ചേട്ടനും കൂടെയുണ്ടായിരുന്നു. പതിയെ, കഠിന പ്രയത്‌നത്താല്‍ പാര്‍ട്ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍, ഡോംബിവിലിയില്‍ ബെല്‍-ടെലിസിസ്റ്റം എന്ന സ്ഥാപനത്തിനു തുടക്കം കുറിച്ചു. മൂന്നു പാര്‍ട്ണര്‍മാരുടെ അത്യധ്വാനത്തിന്റെ ഫലമായി തങ്ങളുടെ തട്ടകം വാണിജ്യ നഗരമായ ദാദറിലേക്ക് മാറ്റാന്‍ കഴിഞ്ഞു. പിന്നീട്, പാര്‍ട്ട്ണര്‍ഷിപ്പ് വഴി പിരിഞ്ഞതോടെ സുനീപ് എന്ന ചെറുകിട വ്യവസായിയുടെ പ്രയാണം ഒറ്റയ്ക്കായി. ഏതു പ്രതിസന്ധിയേയും ഒരു പുഞ്ചിരിയോടെ നേരിട്ട സുനീപ് പതിനെട്ടു വര്‍ഷമായി വിജയകരമായി നടത്തിയിരുന്ന തന്റെ വ്യവസായ സ്ഥാപനം, പത്തു മാസം അടച്ചിടേണ്ടിവന്നപ്പോഴും തന്റെ ആത്മധൈര്യം കൈവെടിഞ്ഞില്ല.
 
കലാ സാംസ്‌ക്കാരിക രംഗങ്ങളിലും സജീവമാണ്  സുനീപ്. കല്യാണ്‍ ഡോംബിവിലി മേഖലയിലെ മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന സുനീപ് യുവാക്കളേയും കുട്ടികളേയും, അടുക്കളയില്‍ ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകളേയും മുന്‍നിരയില്‍ കൈപിടിച്ചുകൊണ്ടുവന്നു. അവരെ ഉള്‍പ്പെടുത്തി നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കുവാനും, നാടകം, നൃത്തം എന്നിവ അരങ്ങത്തെത്തിച്ചു. നെരൂള്‍ സമാജത്തിന്റെ മുംബൈ സ്‌കെച്ചസ് എന്ന നടകത്തിലടക്കം വിവിധ സമിതികളുടെ നാടകങ്ങളിലും സുനീപ് അഭിനയിച്ചിട്ടുണ്ട്. ഇനിയും പഴയ പ്രതാപത്തോടെ മുംബൈ തിരിച്ചു വരികതന്നെ ചെയ്യും എന്നു വിശ്വസിക്കാനാണ് സുനീപ് ഇഷ്ടപ്പെടുന്നത്.
 
ഭാര്യ രശ്മിയും മക്കള്‍ എട്ടുവയസ്സുകാരി തേജലും, മൂന്നുവയസ്സുകാരി തന്‍വിയും കടമ്പഴിപ്പുറത്തെ വീട്ടിലാണ് താമസിക്കുന്നത്. സാമ്പത്തിക ബാധ്യതകളും ലോണ്‍ തിരിച്ചടവും പെട്ടെന്ന് തീര്‍ത്ത് പോറ്റമ്മയായ മുംബൈയ്‌ക്കൊപ്പം ജീവിതം കൊണ്ടുപോകാന്‍ തന്നെയാണ് സുനീപിന്റെ ആഗ്രഹം. ഇതോടൊപ്പം തന്റെ ബിസ്സിനസ്സ് കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ സുനീപ് ആഗ്രഹിക്കുന്നു. ഈ കഠിനാദ്ധ്വാനിയുടെ പരിശ്രമങ്ങളും സ്വപ്‌നങ്ങളും വിജയത്തിലെത്തുവാന്‍ ആശംസിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക