Image

കര്‍ഷകര്‍ക്ക് പിന്തുണയുമായി മോദിയുടെ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ തകർപ്പൻ പ്രസംഗം

Published on 10 October, 2021
കര്‍ഷകര്‍ക്ക് പിന്തുണയുമായി മോദിയുടെ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ തകർപ്പൻ പ്രസംഗം
ന്യൂഡല്‍ഹി; ലഖിംപുര്‍ ഖേരി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്രമന്ത്രി അജയ് മിശ്രയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭ മണ്ഡലമായ വാരാണസിയില്‍ സംഘടിപ്പിച്ച 'കിസാന്‍ ന്യായ്' റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

'ലഖിംപുര്‍ ഖേരി സംഭവം നടന്നതിന്റെ പിറ്റേദിവസം ലഖ്‌നൗവില്‍ എത്തിയ മോദി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണാന്‍ പോയില്ല. തങ്ങള്‍ക്ക് നീതിവേണമെന്നാണ് കൊല്ലപ്പെട്ട ആറു കര്‍ഷകരുടെ കുടുംബങ്ങള്‍ നിരന്തരം പറയുന്നത്. എന്നാല്‍ യോഗിയും മോദിയും പ്രതിയായ ആശിഷ് മിശ്രയേയും പിതാവ് അജയ് മിശ്രയെയും സംരക്ഷിക്കുകയാണ് ചെയ്തത്.

പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ സമര ജീവികളെന്നും തീവ്രവാദികളെന്നുമാണ് പ്രധാനമന്ത്രി വിളിച്ചത്. യോഗി ആദിത്യനാഥ് അവരെ ഗുണ്ടകളെന്നാണ് വിളിച്ചത്. അവരെ ഭീഷണിപ്പെടുത്താനും ശ്രമിച്ചു എന്നും പ്രിയങ്ക പറഞ്ഞു.

അടുത്തിടെ എയര്‍ ഇന്ത്യ ടാറ്റയ്ക്ക് വിറ്റ നടപടിയേയും പ്രിയങ്ക വിമര്‍ശിച്ചു. രണ്ട് വിമാനം വിദേശത്ത് നിന്നും പതിനാറായിരം കോടിക്ക് വാങ്ങിയ പ്രധാനമന്ത്രി 18000 കോടിക്ക് രാജ്യത്തെ എയര്‍ ഇന്ത്യ പണക്കാരായ സുഹൃത്തുക്കള്‍ക്ക് വിറ്റു എന്നും ആക്ഷേപിച്ചു. ഇന്ത്യയില്‍ ബി ജെ പി നേതാക്കളും അവരുടെ പണക്കാരായ സുഹൃത്തുക്കളും മാത്രമാണ് സുരക്ഷിതത്വം അനുഭവിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക