Image

രാജ്യം ഊര്‍ജപ്രതിസന്ധിയിലേക്ക്; ഡല്‍ഹിയില്‍ ശേഷിക്കുന്നത് ഒരു ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി മാത്രം

Published on 09 October, 2021
രാജ്യം ഊര്‍ജപ്രതിസന്ധിയിലേക്ക്; ഡല്‍ഹിയില്‍ ശേഷിക്കുന്നത് ഒരു ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി മാത്രം



ന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി ക്ഷാമം ജനങ്ങളെ നേരിട്ട് ബാധിച്ചുതുടങ്ങുന്നു. രാജ്യതലസ്ഥാനം തന്നെയാണ് കല്‍ക്കരിക്ഷാമത്തിന്റെ ചൂട് ആദ്യമറിയുന്നത്. ഡല്‍ഹിയിലെ വൈദ്യുതി പ്ലാന്റുകളില്‍ ഒരു ദിവസം മാത്രം പ്രവര്‍ത്തിക്കാനുള്ള കല്‍ക്കരിയേ ബാക്കിയുള്ളവെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വൈദ്യുതി വിവേകത്തോടെ ചെലവഴിച്ചില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഊര്‍ജ ഉത്പാദകരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജസ്ഥാനം ആന്ധ്രാപ്രദേശും ഇതിനകം തന്നെ പ്രതിസന്ധി അറിയിച്ചിട്ടുണ്ട്. 

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിന് ശേഷമാണ് സംസ്ഥാന ഊര്‍ജ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഡല്‍ഹിക്ക് ഒരു ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി മാത്രമേ പ്ലാന്റുകളില്‍ ബാക്കിയുള്ളുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. 

ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ചെയ്യുന്ന ടാറ്റ പവര്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ഉപയോഗം സംബന്ധിച്ച് നിര്‍ദേശം നല്‍കി. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

കല്‍ക്കരി ശേഖരം തീരെ കുറവായതിനാല്‍ രാജ്യത്തെ 135 കല്‍ക്കരി വൈദ്യുത നിലയങ്ങളില്‍ പകുതിയിലധികവും പൂര്‍ണ ഉത്പാദനശേഷിയിലല്ല പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ 70% വൈദ്യുതിയും കല്‍ക്കരി ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക