Image

മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി പറഞ്ഞായി സന്ദീപ് നായര്‍

Published on 09 October, 2021
മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി പറഞ്ഞായി  സന്ദീപ് നായര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചെന്ന് ജയില്‍മോചിതനായ സന്ദീപ് നായര്‍. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തിനെ കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇ.ഡി നല്‍കിയതെന്നും സന്ദീപ് പറഞ്ഞു. മുന്‍മന്ത്രി കെ.ടി ജലീല്‍, അന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു.

ബിനീഷ് കോടിയേരിക്കെതിരേ മൊഴി നല്‍കണമെന്നും ഇ.ഡി ആവശ്യപ്പെട്ടുവെന്നും തന്നില്‍ നിന്ന് ചില പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടതായും സന്ദീപ് നായര്‍ വെളിപ്പെടുത്തുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസ്സിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയത്.

നിരവധി പേപ്പറുകളില്‍ ഒപ്പിടാന്‍ ഇ.ഡി ആവശ്യപ്പെട്ടപ്പോള്‍ താന്‍ സമ്മര്‍ദത്തിലായെന്നും അവര്‍ ആ രേഖകളൊന്നും കോടതിയില്‍ ഹാജരാക്കിയില്ലെന്നും സന്ദീപ് പറയുന്നു. കെ.ടി ജലീലിന് കോണ്‍സുലേറ്റ് വഴിയുള്ള കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കാനായിരുന്നു നിര്‍ബന്ധിച്ചത്. സ്പീക്കര്‍ക്കെതിരേ മൊഴി നല്‍കണമെന്നും ആവശ്യപ്പെട്ടു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തന്റെ കട ഉദ്ഘാടനം ചെയ്തത് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹത്തിന് സ്വപ്‌നയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും സന്ദീപ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക