Image

ആഡംബര കപ്പലിലെ ലഹരികേസ്‌; ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ തള്ളി കോടതി

Published on 09 October, 2021
ആഡംബര കപ്പലിലെ ലഹരികേസ്‌; ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ തള്ളി കോടതി


ആഡംബര കപ്പലിലെ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ബോളിവുഡ്‌ താരം ഷാറൂഖ്‌ ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആര്യന്‌ ജാമ്യം നല്‍കിയാല്‍ അത്‌ കേസിനെ ബാധിക്കുമെന്ന നാര്‍ക്കോട്ടിക്‌സ്‌ കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) വാദം അംഗീകരിച്ചാണ്‌ ലഹരി കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയുടെ നടപടി. ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ്‌ മെര്‍ച്ചന്റ്‌, മൂണ്‍ മൂണ്‍ ധമേച്ഛ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി നിരസിച്ചു.

ജാമ്യത്തിനായി സെഷന്‍സ്‌ കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആര്യന്‌ ജാമ്യം നല്‍കിയാല്‍ അത്‌ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കഴിയുമെന്ന്‌ എന്‍സിബി കോടതിയില്‍ വാദിച്ചു. എന്നാല്‍ ആര്യന്റെ പക്കല്‍ നിന്നും ലഹരി വസ്‌തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്നും മൊബൈല്‍ ചാറ്റിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റെന്നും ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ചോദ്യം ചെയ്യലില്‍ ആര്യന്‍ എല്ലാ വിവരവും നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആഡംബര കപ്പലില്‍ വിരുന്ന്‌ സംഘടിപ്പിച്ചവര്‍ ക്ഷണിച്ചതനുസരിച്ചാണ്‌ പോയത്‌. അവിടെ നിന്നും എന്‍.സി.ബി ഉദ്യോഗസ്ഥര്‍
മൊബൈല്‍ ഉള്‍പ്പെടെ പിടിച്ചെടുത്തതിനാല്‍ തെളിവു നശിപ്പിക്കുമെന്ന വാദം അസ്ഥാനത്താണെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ എന്‍.സി.ബിയുടെ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ആര്യന്‍ ഉള്‍പ്പെടെ എട്ടു പേരെ ചൊവ്വാഴ്‌ച മജിസ്‌ട്രേട്ട്‌ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്‌. ആര്യനൊപ്പം ഇരുത്തി മറ്റുള്ളവരെയും ചോദ്യം ചെയ്യാന്‍ തങ്ങളുടെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍.സി.ബിയുടെ ആവശ്യം തളളിയാണ്‌ കോടതി ആര്യനെയും അറസ്റ്റിലായ മറ്റുള്ളവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്‌. കോവിഡ്‌ പരിശോധന നടത്താതെ ജയിലില്‍ പാര്‍പ്പിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസവും എന്‍സിബി ഓഫീസിലാണ്‌ പ്രതികള്‍ തങ്ങിയത്‌. ഇന്നു ജയിലിലേക്ക്‌ മാറ്റി.


 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക