America

കിൻകെരി : കഥ (പെരുങ്കടവിള വിൻസൻറ്)

Published

on


'അറിഞ്ഞോ അറിയാതെയോ വർത്തമാനകാല പെൺ വഴികൾ അവസാനിക്കുന്നത് നിലയില്ലാത്ത ദുരിതക്കയത്തിലാണ്. സംസ്ഥാന തലസ്ഥാനത്തിന് വടക്ക് കിഴക്ക്, ഒരു മലയോര ഗ്രാമത്തിൽ നാരായണൻകുട്ടി എന്നയാൾ ,തൻ്റെ ഭാര്യ വീണ്ടും വീണ്ടും പെൺകുഞ്ഞിന് മാത്രം ജന്മം നല്കുന്നതിൽ പ്രതിഷേധിച്ച്, അമ്മയേയും അവർ പെറ്റ വിവിധ പ്രായത്തിലുള്ള പെൺമക്കളെയും ചേർത്ത് നാലു പേരേയും കിണറ്റിൽ തള്ളിയിട്ടു കൊന്നതും...................'

   തിരുവനന്തപുരം സെൻട്രലിൽ നിന്ന് എറണാകുളം സൗത്ത് വരെ പോകുന്ന വഞ്ചിനാടു് എക്സ്പ്രസ് ഒന്നാം നമ്പർ പ്ലാറ്റ് ഫോം വിട്ടിട്ട് അഞ്ചു മിനിട്ടുകഴിഞ്ഞു. ഇന്ദ്രപ്രസ്ഥത്തിൻ്റെ രാഷ്ട്രീയ താപത്തിൽ പൊള്ളിപ്പഴുത്ത് , അനേകമനേകം വൈറസുകളുമായി നിത്യവും വരാറുള്ള 'കേരള' ലേറ്റാണ്. കേരളയ്ക്ക് കടന്ന് പോകാൻ വഞ്ചിനാട് കൊച്ചുവേളിയിൽ കാത്തു കിടന്നു. എഞ്ചിനിൽ നിന്നും അഞ്ചാമത്തെ ബോഗിയിൽ അഭിരാമിയും, അസ്മിതയും, ഒരു സീറ്റിൽ അടുത്തടുത്തിരുന്ന് വ്യത്യസ്ത പാതകളിൽ സഞ്ചരിച്ചു. 

    ആഫീസ് വിട്ടു പോകുന്ന നാലു് തൈക്കിഴവന്മാർ രണ്ടു സീറ്റുകളിലായി മുഖാമുഖം നോക്കിയിരുന്ന് , മടങ്ങിയ മുട്ടുകളിൽ ബ്രീഫ്കേയ്സ് വച്ച് ഗുലാൻ പെരിശിന് ചീട്ടു നിരത്തി. മൂന്നു പേർക്ക് വീതം ഇരിക്കാവുന്ന സീറ്റിൽ ബാക്കി വന്ന രണ്ട് സീറ്റുകളിലും ചെറുപ്പക്കാരികൾ വന്നിരുന്ന് കളി ലൈവായി കാണാൻ തുടങ്ങിയത് കളിക്കാരുടെ സ്പോട്സ്മാൻ സ്പിരിറ്റ് വർധിപ്പിച്ചു. 'നീ തുറുപ്പുഗുലാൻ ഇറക്കിവിട്', ' ഇനമില്ലെങ്കിൽ തഴയാതെ തുറുപ്പ് കണ്ട് വെട്ട്', ഇങ്ങനെ കളിക്കിടയിൽ നിന്ന് തെറിച്ചു വീഴുന്ന വാക്കുകളല്ല, ചീട്ടിന് പുറത്തെ കെട്ടുപിണഞ്ഞ നഗ്നമേനികളാണ് അവർക്ക് രസം പകർന്നത്. ഈ ഇരട്ടകളെ ഇങ്ങനെ നിർദ്ദയം കശക്കുകയും ,നിരത്തുകയും, അടിക്കുകയും ചെയ്യുന്നതിൽ അവർക്ക് വല്ലാത്തൊരു അസൂയ തോന്നുന്നുണ്ടാവാം.
  ഇടതുവശത്തെ സീറ്റിൽ പെൺകുട്ടികളാണ്. അവർ ഇയർഫോൺ വച്ച് പാട്ട് കേൾക്കുന്നു. അതിനുമപ്പുറം പെൺകുട്ടികളുടെ ശ്രദ്ധയാകർഷിക്കാൻ ഉച്ചത്തിൽ വർത്തമാനം പറഞ്ഞ് ചിരിക്കുന്ന പൂവാലന്മാർ. ഈ കാഴ്ചകൾക്കിടെ കുരുടനായ ഭിക്ഷക്കാരൻ പാടിക്കൊണ്ട് വന്നു: 'പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്കാകാശമുണ്ട്, മനുഷ്യപുത്രന് തല ചായ്ക്കാൻ മണ്ണിലിടമില്ല.........'
 എതിരേ കടന്നു പോയ മറ്റൊരു ട്രയിനിൻ്റെ ശബ്ദപ്പെരുമയിൽ പാട്ട് മുങ്ങിപ്പോയി.

 വഞ്ചിനാട് മുന്നോട്ടും, പാട്ടുകാരൻ പിന്നോട്ട് അടുത്ത ബോഗിയിലേക്കും നീങ്ങി. 
  അസ്മിതയുടെ എന്തും ഒപ്പിയെടുക്കുന്ന കണ്ണുകൾ കമ്പാർട്ടുമെൻ്റിനെ വലംവച്ച് അഭിരാമിയിൽ എത്തി. അഭിരാമി എഴുത്ത് നിർത്തി അസ്മിതയെ നോക്കി.
'കാഴ്ചകളൊക്കെ  കണ്ടോ ?'
' ഓ! നീ ഫീച്ചറെഴുത്തിൻ്റെ ലഹരിയിലല്ലേ.ഞാൻ ശല്യപ്പെടുത്തുന്നില്ല.'
            വളരെ പോപ്പുലറായ ഒരു വാരികയ്ക്കുവേണ്ടി അഭിരാമി എഴുതിക്കൊണ്ടിരിക്കുന്ന ഫീച്ചറിൻ്റെ തുടക്കമാണ്  കഥയുടെ തുടക്കത്തിൽ വായിച്ചത്.
      രണ്ടുനാൾ മുമ്പാണ് പത്രാധിപർ ക്യാബിനിൽ വിളിച്ച്, അമ്പൂരിയിൽ നടന്ന ഒരു കൂട്ടക്കൊലപാതകത്തെക്കുറിച്ച് ഫീച്ചർ തയ്യാറാക്കാൻ അഭിരാമിയെ നിയോഗിച്ചത്.ചിത്രങ്ങളെടുക്കാൻ ഫോട്ടോഗ്രാഫർ അസ്മിതയേയും
'എന്തെങ്കിലും.......?'
പത്രാധിപർ പൂർത്തിയാക്കാതെ നിർത്തി.
'ഇല്ല സാർ ഒരു ബുദ്ധിമുട്ടുമില്ല. ഞങ്ങൾ പോകാം.'
'ഗുഡ്. ഫീച്ചറെഴുതാൻ അഭിരാമിക്ക് പ്രത്യേക കഴിവുണ്ട്. അസ്മിതയും മിടുക്കിയാണ്. അഭിരാമിയുടെ വരികളെ ജീവനുള്ളതാക്കുന്നതാണ് തൻ്റെ ചിത്രങ്ങൾ'
'താങ്ക് യു സർ'.
     പുരുഷന്മാരായ മറ്റ് ഫീച്ചറിസ്റ്റുകളെ ഒഴിവാക്കി തങ്ങളെ ഇതിന് നിയോഗിച്ചതോർത്ത് തികഞ്ഞ അഭിമാനത്തോടെയാണ് അവർ ക്യാബിനിൽ നിന്ന് ഹാഫ് ഡോർ തുറന്ന് പുറത്ത് വന്നത്.

       സോപ്പിൻ്റെ പരസ്യത്തിൽ നീരാട്ട് ഭാവനയിൽ കാണുന്ന പെൺകുട്ടിയെപ്പോലെ അസ്മിത അടുത്ത മിഴിയാത്രയ്ക്ക് തയ്യാറെടുത്തു. അഭിരാമി സ്ത്രീപീഢനത്തിൻ്റെ ആഴങ്ങളിൽ റോട്ടോ മാക്കിൻ്റെ  രസമുനകൊണ്ട് കുത്തി നോവുകളെ അക്ഷര നിരകളാക്കി. 

    ക്യാമറയുടെ നോട്ടം പോലെ ചിത്രങ്ങൾക്കായി തിരയുന്നതിനിടയിലാണ് അസ്മിതയുടെ കണ്ണുകൾ സീറ്റിൽ ചാരിനില്ക്കുന്ന നീല ജീൻസിട്ട ചെറുപ്പക്കാരനിൽ പതിച്ചത്. അയാളുടെ, ജയ് ഹനുമാൻ ഹിന്ദി സീരിയലിലെ രാവണൻ കണ്ണുകൾ തൻ്റെ ശരീരത്തിൻ്റെ താഴ്‌വാരത്തെ അഴകിയ മേച്ചിൽപ്പുറങ്ങളിൽ മേയുകയാണ്. അവൾക്ക് പൊള്ളുന്നതു പോലെ തോന്നി. നോട്ടം പതിയുന്നിടത്തു നിന്ന് മാംസം കരിഞ്ഞു പുകയും പോലെ. അവൾ ശരീരത്തിൻ്റെ ഉയർച്ചകളിൽ ഒട്ടിയിരുന്ന ചുരീദാർ ഇളക്കിയിട്ടു. നെഞ്ചിൽ ശതമാനചിഹ്നo തീർത്ത് വരയായിക്കിടന്ന ഷാൾ നിവർത്തിയിട്ട്, ഒന്നിളകിയിരുന്നു. 
   അയാൾ വേഗം കണ്ണുകൾ തിരിച്ചെടുത്തു. അയാളുടെ നോട്ടo ഇരുമ്പു ജനാലവഴി പുറത്തേയ്ക്കായി. 

വഞ്ചിനാട് ചൂളം വിളിച്ചു് ,പാളത്തെ താളാത്മകമായി തൊട്ടുഴിഞ്ഞ് ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്.  വണ്ടി കൊല്ലം വിട്ടപ്പോൾ ചെറുപ്പക്കാരൻ്റെ കണ്ണുകൾ വീണ്ടും അസ്മിതയെ വേട്ടയാടാൻ തുടങ്ങി. നെറ്റിയിലൂടെ അലസമായി പാറിക്കിടക്കുന്ന മുടിയിഴകളിലും, വീതിയേറിയ നെറ്റിയിലും, ഇരുണ്ട്, നീലരത്നം പതിച്ച മാതിരിയുള്ള മിഴികളിലും, ചുരീദാരിൻ്റെ ഉയർച്ചതാഴ്ചകളിലെ ലാവണ്യദേശത്തും, സ്റ്റീൽ പാത്രത്തിന് പുറത്ത് പേരുകൊത്തുന്ന യന്ത്രത്തിൻ്റെ കിരുകിരുപ്പായി അസ്മിത അതറിഞ്ഞു. 

   കൊല്ലത്തു നിന്നു കയറിയതാകാം , ചെറുപ്പക്കാരിയായ യാചകി മുഴിഞ്ഞ് കീറിയ ഹാഫ് സാരിയുടെ അറ്റം വിരലുകൾക്കിടയിൽ തെരുപ്പിടിച്ച് നിർവ്വികാരമായി പാടി: 'സ്വർഗ്ഗ നാട്ടിലെൻ പ്രിയൻ തീർത്തിടും .......'
കഴുത്തിൽ തൂക്കിയ, സിനിമാ നടിയുടെ പടമൊട്ടിച്ച ഹാർമോണിയത്തിൻ്റെ കട്ടകളിൽ ചെറുപ്പക്കാരൻ പാട്ടിന് ശ്രുതിയിട്ടു. അഭിരാമി ബേയ്ഗിൽ നിന്ന് രൂപയെടുത്ത് പാട്ടുകാരിക്ക് കൊടുത്തു.

കായംകുളത്തിനുത്ത് സ്റ്റേഷനല്ലത്തിടത്ത് ട്രയിൻ എന്തിനോ നിർത്തിയിട്ടു.അധികം ദൂരത്തല്ലാതെ, ഓല മറച്ചുകെട്ടിയ ഗ്രൗണ്ടിൽ മാസ്റ്റർ കുട്ടികളെ 'സെൻകുട്സ്ടാച്ചി' (1)പൊസിഷനിൽ നിർത്തി 'ജോതാൻ കെരി' (2) പഠിപ്പിക്കുന്നു.
  അഭിരാമിയുടെ കാൽവിരൽത്തുമ്പിലെ ധമനികളിൽ രക്തത്തിന് വേഗതയേറി.
' അടിവയറ്റിന് താഴെ മർമ്മത്തിൽ കൊള്ളുന്നതിനാൽ പ്രദർശനങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും എനിക്കിഷ്ടം പ്രതിയോഗിയിൽ 'കിൻകെരി' (3) പ്രയോഗിക്കാനാണ് '
ഒന്ന് നിർത്തി അഭിരാമി ചോദിച്ചു: 'നിനക്കോ ?'
'നിൻ്റെ കിൻകെരിയിൽ കൂനിപ്പോകുന്നവൻ്റെ ഒരു ഫോട്ടോയെടുക്കണം.'
   പെൺകുട്ടികൾ സ്വയം രക്ഷയ്ക്ക് കരാട്ടേ പഠിക്കേണ്ടതിനെക്കുറിച്ച് അഭിരാമി മുമ്പ് ഒരു ഫീച്ചർ തയ്യാറാക്കിയിരുന്നു. ഫീച്ചറെഴുതാനായി സഹായിച്ച കരാട്ടേ മാസ്റ്റർ പിന്നെ ഗുരുവായി. ഇന്നും നിത്യവും രാവിലെ ഒരു മണിക്കൂർ അഭിരാമിയും, അസ്മിതയും കരാട്ടേ പരിശീലിക്കുന്നു.

   കോട്ടയത്ത്  വൈകി എത്തിച്ചേർന്ന വഞ്ചിനാടിൽ നിന്ന് അഭിരാമിയും, അസ്മിതയും ഇറങ്ങി. പുതുപ്പള്ളിയ്ക്ക് പോകേണ്ടിയിരുന്ന അവർ ബസ്സ് പ്രതീക്ഷിച്ച്  സെൻ്റ് ജോസഫ് സ്ക്കൂളിൻ്റെ മുമ്പിലെ ബസ് സ്റ്റോപ്പിൽ നിന്നു. ഇനി ബസ്സില്ല എന്നറിഞ്ഞ അവർ അതുവഴി വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു.
'എവിടേയ്ക്കാ' തല പുറത്തേയ്ക്ക് നീട്ടി ഡ്രൈവർ ചോദിച്ചു.
' പുതുപ്പള്ളി ' അഭിരാമി പറഞ്ഞു.
' കയറിക്കോളൂ, സാറ് വടവാതൂരാണ് ഞാൻ പിന്നെ കൊണ്ടു വിട്ടോളാം'
പിൻസീറ്റിലിരുന്ന ആൾ ഇറങ്ങി ഡ്രൈവറുടെ അരികിൽ ഇരുന്നു.
    'ട്രയിനിലെ ചെറുപ്പക്കാരൻ ഓട്ടോയിലും സഹയാത്രികനായത് യാദൃശ്ചികമാകാം' 
ഓട്ടോയിൽ കയറുന്ന നേരം അസ്മിത ഓർത്തു.
  കഞ്ഞിക്കുഴി കഴിഞ്ഞ് വളവു തിരിഞ്ഞ് റബ്ബർക്കാടുകൾ നിഴൽ പരത്തിയ വിജനതയിൽ ഓട്ടോ നിന്നു. 
' വരൂ, നമുക്കല്പം വിശ്രമിച്ചിട്ടു പോകാം' ചെറുപ്പക്കാരൻ അസ്മിതയെ ക്ഷണിച്ചു.
' ആരറിയാനാ. ഇതൊക്കൊയൊരു രസമല്ലേ. പേടിക്കാതെ ചെല്ലുമോളേ ' അഭിരാമിയെ കണ്ണുകൊണ്ട് ഭോഗിച്ചുകൊണ്ടു് ഡ്രൈവർ അസ്മിതയെ പ്രോത്സാഹിപ്പിച്ചു.
'പ്ളീസ്, ഉപദ്രവിക്കരുത്. ഞങ്ങൾ അത്തരക്കാരല്ല'. അഭിരാമി പറഞ്ഞു
 ' ട്രയിനിൽ വച്ചു കണ്ടപ്പോഴേ കൊതിച്ചു പോയി. '
' അപ്പോൾ കരുതിക്കൂട്ടി വലവിരിച്ചതാണ്.' അഭിരാമി മനസ്സിൽ കുറിച്ചു: 'ഇതങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല. 'അവൾ അസ്മിതയെ നോക്കി കണ്ണിറുക്കി.
   പുറത്തിറങ്ങിയതും ചെറുപ്പക്കാരൻ അസ്മിതയുടെ കൈ പിടിച്ചു. അവൾ മിന്നൽ വേഗത്തിൽ കൈ തട്ടിത്തെറുപ്പിച്ച് രണ്ടു കൈ കൊണ്ടും മാറി മാറി മുഖമടക്കി 'ജോതാൻ സുക്കി ' (4) കൊടുത്തു. അപ്രതീക്ഷിത ആക്രമണത്തിൽ അന്ധാളിച്ചു നിന്ന അവനുനേരെ കാലുവലിച്ച് ഒരു ജോതാൻ കെരി കൂടിയായപ്പോൾ അവൻ മുഖമടിച്ച് റോഡിൽ വീണു. അഭിരാമി അവനെ ഷർട്ടിൻ്റെ കോളറിൽ പൊക്കി നിറുത്തി തനിക്കേറ്റവും ഇഷ്ടപ്പെട്ട കിൻകെരി പ്രയോഗിച്ചു.
   അപകടം മണത്ത് മുങ്ങാൻ തുടങ്ങിയ ഡ്രൈവറെ അസ്മിത തടഞ്ഞു.സെൻകുട്സ്ഡാച്ചി നില സ്വീകരിച്ച് , വലതു കാലിലെ പെരുവിരൽത്തുമ്പുവഴി അവനും ഒരു കിൻകെരി പാസ് ചെയ്തു.
'ചതിക്കല്ലേ പിള്ളാരെ, അബദ്ധം പറ്റിയതാ'
അയാൾ വിറക്കുന്നതു കണ്ട്  അസ്മിതക്ക് ചിരി വന്നു.
'താൻ വണ്ടിയെടുക്ക്' അഭിരാമി നാവുകൊണ്ട് ചാട്ടവാർ ചുഴറ്റി.
വണ്ടി മുഴക്കത്തോടെ സ്റ്റാർട്ടാവുമ്പോൾ അഭിരാമിയും, അസ്മിതയും സീറ്റിൽ നട്ടെല്ലുവളയ്ക്കാതെ നിവർന്നിരുന്നു.
          ..........

1 - സെൻകുട്സ് ഡാച്ചി _കരാട്ടയിലെ ഒരു നില.
2 ജോതാൻ കെരി - കാലുകൊണ്ട് ഫേസ് ലെവൽ കിക്ക്.
3. ജോതാൻ സുകി - മുഖമടച്ചുള്ള അപ്പർ ലവൽ പഞ്ച്(കൈ കൊണ്ട്)
4. കിൻകെരി - കാലു കൊണ്ട് പ്രതിയോഗിയുടെ അടിവയറ്റിന് താഴെ കൊടുക്കുന്ന അതിശക്തമായ കുത്ത്.( പ്രാണരക്ഷയ്ക്ക് മാത്രം ഉപയോഗിക്കാം; പ്രദർശനങ്ങളിൽ ഇത് ഒഴിവാക്കിയിട്ടുള്ളതായി അറിയുന്നു)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വീണ്ടും കാണവേ (കവിത: തസ്‌നി ജബീൽ)

കുരുക്ഷേത്രം (ഡോളി തോമസ് കണ്ണൂർ)

പാദരക്ഷ (കഥ: നൈന മണ്ണഞ്ചേരി)

പുസ്തക പരിചയം : പൂമരങ്ങള്‍ തണല്‍ വിരിച്ച പാതകള്‍ (എഴുതിയത് :സന്തോഷ് നാരായണന്‍)

എന്റെ ആത്മഹത്യ ഭീരുത്വത്തിന്റെ അടയാളമല്ല (കവിത: ദത്താത്രേയ ദത്തു)

ഞാൻ കറുത്തവൻ (കവിത : രശ്മി രാജ്)

മനുഷ്യ പുത്രന് തല ചായ്ക്കാൻ ? (കവിത: ജയൻ വർഗീസ്)

കഴുകജന്മം(കവിത : അശോക് കുമാര്‍ കെ.)

ചുമരിലെ ചിത്രം: കവിത, മിനി സുരേഷ്

Hole in a Hose (Poem: Dr. E. M. Poomottil)

അമ്മിണിക്കുട്ടി(ചെറുകഥ : സിജി സജീവ് വാഴൂര്‍)

മോരും മുതിരയും : കുമാരി എൻ കൊട്ടാരം

വിശക്കുന്നവർ (കവിത: ഇയാസ് ചുരല്‍മല)

ഛായാമുഖി (കവിത: ശ്രീദേവി മധു)

ഓർമ്മയിൽ എന്റെ ഗ്രാമം (എം കെ രാജന്‍)

ഒഴിവുകാല സ്വപ്നങ്ങൾ (കവിത : ബിജു ഗോപാൽ)

പൊട്ടുതൊടാൻ ( കഥ: രമണി അമ്മാൾ)

ഒരു നറുക്കിനു ചേരാം (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം) (സുധീര്‍ പണിക്കവീട്ടില്‍)

ഷാജൻ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം' (ജോണ്‍ മാത്യു)

സങ്കീര്‍ത്തനം: 2021 (ഒരു സത്യവിശ്വാസിയുടെ വിലാപം) - കവിത: ജോയ് പാരിപ്പള്ളില്‍

ആശംസകൾ (കവിത: ഡോ.എസ്.രമ)

പാലിയേറ്റീവ് കെയർ (കഥ : രമേശൻ പൊയിൽ താഴത്ത്)

അവൾ (കവിത: ഇയാസ് ചുരല്‍മല)

ഉല(കവിത: രമ പ്രസന്ന പിഷാരടി)

ചിതൽ ( കവിത: കുമാരി എൻ കൊട്ടാരം )

നോക്കുകൂലി (കഥ: സാം നിലമ്പള്ളില്‍)

ഒന്നും കൊണ്ടുപോകുന്നില്ല, ഞാന്‍......(കവിത: അശോക് കുമാര്‍.കെ.)

കാഴ്ച്ച (കഥ: പി. ടി. പൗലോസ്)

ഉറുമ്പുകൾ (തൊടുപുഴ കെ ശങ്കർ മുംബൈ)

ജീവിതപുസ്തകം (രാജൻ കിണറ്റിങ്കര)

View More