Image

ആഡംബര കപ്പലിലെ റെയ്ഡ്. എന്‍.സി.ബിക്കെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി

Published on 09 October, 2021
ആഡംബര കപ്പലിലെ റെയ്ഡ്. എന്‍.സി.ബിക്കെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) നടത്തിയ റെയ്ഡില്‍ ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്. റെയ്ഡിനിടെ എന്‍.സി.ബി 11 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ 8 പേരുടെ അറസ്റ്റു മാത്രമാണ് രേഖപ്പെടുത്തിയത്. മൂന്നു പേരെ വിട്ടയച്ചുവെന്നും നവാബ് മാലിക് ആരോപിച്ചു. എന്‍.സി.ബിയുടെ നിഷ്പക്ഷത ചോദ്യം ചെയ്തുകൊണ്ട് വീഡിയോ ദൃശ്യവും അദ്ദേഹം പുറത്തുവിട്ടു. 

കപ്പലിലെ റെയ്ഡില്‍ 8-10 പേര്‍ കസ്റ്റഡിയില്‍ ആയെന്നാണ് എന്‍.സി.ബി മേധാവി സമീര്‍ വാങ്കെഡെ പറഞ്ഞത്. എന്നാല്‍ 11 പേരാണ് പിടിയിലായത്. ഋഷഭ് സച്ച്‌ദേവ്, പ്രതീക് ഗാബ, അമീര്‍ ഫര്‍ണീച്ചര്‍ കടയുടമ എന്നിവരെ വിട്ടയച്ചുവെന്നും നവാബ് ആരോപിച്ചു. 

ആരുടെ നിര്‍ദേശപ്രകാരമാണ് മൂന്നു പേരെ വിട്ടയച്ചത്? എന്‍.സി.ബി സത്യം പുറത്തുവിടണം. സമീര്‍ വാങ്കെഡെയും ചില ബി.ജെ.പി നേതാക്കളും തമ്മില്‍ നടത്തിയ സംഭാഷണത്തിനൊടുവിലാണ് മൂന്നു പേരുടെ മോചനമെന്നും അദ്ദേഹം ആരോപിച്ചു. 

മുംബൈ പോലീസിലെ ആന്റി നര്‍ക്കോട്ടിക് സെല്‍ ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണം. ഇക്കാര്യമാവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. ആവശ്യമെങ്കില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും സുഹൃത്തുക്കളുമടക്കം 8 പേരെയാണ് എന്‍.സി.ബി. പിടികൂടിയത്. എന്നാല്‍ സംഘത്തില്‍ ഒരു ബി.ജെ.പി നേതാവിന്റെ മരുമകന്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തെ വിട്ടയച്ചുവെന്നും നവാബ് മാലിക് ഇന്നലെയും ആരോപണം ഉന്നയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക