Image

ലഖിംപുര്‍ ഖേരി സംഭവം: ആശിഷ് മിശ്ര ഹാജരായി; മാധ്യമങ്ങളുടെ കണ്ണില്‍പെടാതെ പോലീസിന്റെ സംരക്ഷണം

Published on 09 October, 2021
 ലഖിംപുര്‍ ഖേരി സംഭവം: ആശിഷ് മിശ്ര ഹാജരായി; മാധ്യമങ്ങളുടെ കണ്ണില്‍പെടാതെ പോലീസിന്റെ സംരക്ഷണം


ലക്‌നൗ: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കു മേല്‍ വാഹനം ഓടിച്ചുകയറ്റി എട്ടു പേരുടെ മരണത്തിനിടയാക്കിയ കേസില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്ര ഹാജരായി. ലഖിംപുരിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് 10.45 ഓടെ ഹാജരായത്. മാധ്യമങ്ങളുടെ ശ്രദ്ധയില്‍പെടാതെ സ്‌റ്റേഷന്റെ പിന്‍വശത്തുള്ള ഗേറ്റില്‍ കൂടിയാണ് അകത്തുകടത്തിയത്. 

കൊലപാതകം, ഗൂഢാലോചന, അപകടകരമായി വാഹനം ഓടിച്ചു തുടങ്ങി എട്ട് കുറ്റങ്ങളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗുരുതര കുറ്റങ്ങള്‍ ചുമത്തിയ സാഹചര്യത്തില്‍ ആശിഷ് മിശ്രയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. 

ഇന്നലെ ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ആശിഷ് മിശ്ര സുപ്രീം കോടതി കടുത്ത നിലപാട് എടുത്തതോടെ ഇന്ന് 11 മണിക്ക് ഹാജരാകുമെന്ന് അറിയിക്കുകയായിരുന്നു. 

ആശിഷ് മിശ്ര ഹാജരാകുമെന്ന് അറിയിച്ച സാഹചര്യത്തില്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. മേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഡി.ഐ.ജി ഉപേന്ദ്ര അഗര്‍വാളിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക