EMALAYALEE SPECIAL

പേരിലും പുരാതനത്വം: മോന്‍-സണ്‍; അഥവാ സണ്‍ ആരാ മോന്‍ (ഇ.സോമനാഥ്, സോമവിചാരം)

Published

on

പുരാവസ്തുക്കള്‍ക്ക് നാട്ടില്‍ ഇത്രയേറെ ഡിമാന്റെും വിലയുമുണ്ടെന്ന് അറിഞ്ഞപ്പോഴാണ് വീട്ടിലെ നിലവറയും പത്തായവും തപ്പാനിറങ്ങിയത്. ഏതായാലും സംഗതി വെറുതെയായില്ല. പത്തു മുപ്പതു കൊല്ലം മുമ്പ്  അതില്‍ നിധികംഭമുണ്ടെന്ന രഹസ്യം ഒരു കാരണവര്‍ മരണക്കിടക്കയില്‍ വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ആദ്യ നിലവറ പ്രവേശനം. ഇറങ്ങിയപ്പോള്‍ അവിടെ നിധിയുമില്ല കുംഭവുമില്ല, കുന്തവുമില്ല, കുടച്ചക്രവുമില്ല. വക്കുപൊട്ടിയ ചില പിഞ്ഞാണങ്ങള്‍. ഞെളുങ്ങിയ  അലൂമിനിയം പാത്രങ്ങള്‍, ഇനാമല്‍ പോയ ചില കോപ്പകള്‍ എന്നിവ മാത്രമാണു കണ്ടത്. നാലഞ്ചു മണിക്കൂര്‍ കിളച്ചു മറിച്ചതിന്റെ ദേഷ്യത്തില്‍ എല്ലാം അവിടെത്തന്നെ ഉപേക്ഷിച്ചു പോന്നു. കുന്തം പോയാല്‍ കുടത്തില്‍ മാത്രമല്ല കുഴിച്ചും നോക്കണമെന്ന ന്യായേന ആയിരുന്നു കിളക്കലും കുഴിക്കലുമെല്ലാം. നിലവറകള്‍ ഏ,ബി,സി,ഡി എന്നിങ്ങനെ ഇംഗ്ലീഷിലെ 26 അക്ഷരങ്ങളുണ്ട്. കോടതിയുടെ വിലക്കുള്ളതിനാല്‍ അവ പരിശോധിക്കാനായില്ല. കോടതിയുടെ ശ്രദ്ധയില്‍പെടാത്ത എക്‌സ് നിലവറയില്‍ മാത്രമായിരുന്നു പരിശോധന.

മൂന്നു പതിറ്റാണ്ടു കഴിഞ്ഞപ്പോഴാണു ലോകപ്രസിദ്ധ ആര്‍ക്കിയോളജിസ്റ്റ് മോന്‍സണിന്റെ പുരാവസ്തു ശേഖരത്തെക്കുറിച്ചുള്ള വാര്‍ത്ത വായിച്ചത്.അപ്പനും അമ്മച്ചിയുമൊഴിച്ചുള്ളതെല്ലാം അക്കൂട്ടത്തിലുണ്ടത്രേ. സമയവും സന്ദര്‍ഭവും ഒത്തുവരാത്തതു കൊണ്ടാണ്-ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം അവരെയും കൂട്ടിയേനെ- കണ്ടവരുടെയെല്ലാം കണ്ണു തള്ളിപ്പോയി. എന്നാണു കാണാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ പറയുന്നത്. അ്ക്കൂട്ടത്തില്‍ ടിപ്പുവിന്റെ സിംഹാസനത്തിലിരുന്ന്  കുന്തം പിടിച്ചു കുത്തിയിരിക്കുന്ന മുന്‍ ഡിജിപിയും വാള്‍ ഉറയില്‍ നിന്നു ഊരാനോ ഇടാനോ ശ്രമിക്കുന്ന ഏഡിജിപിയുമുണ്ട്. കുന്തം ലുട്ടാപ്പിയുടേതാണന്നും വാള്‍ പുരാതന ലോഹയുഗ മനുഷ്യന്‍ ഉപയോഗിച്ചിരുന്നതാണന്നുമാണ് മോന്‍സന്‍ ഏമാന്‍മാരെ ബോധ്യപ്പെടുത്തിയത്. ഇഞ്ചാര്‍ജ് കുട്ടന്‍പിള്ളയും കടുവ മാത്തനേഡും കാണ്‍ഷബിള്‍ ഇടിയന്‍ നാറാപിള്ളയും എന്തിനേറെ പറയുന്നു പിസി-999 പോലും അതു വിശ്വസിക്കുമെന്നു തോന്നുന്നില്ല. ടിപ്പുവിന്റെ  സിംഹാസനത്തിലിരുന്നു കുന്തം പിടിച്ചുള്ള ബഹ്‌റാജിയുടെ ഇരിപ്പു കണ്ടാല്‍ മൈസൂര്‍ വ്യാഘ്രത്തിനു ലുട്ടാപ്പിയിലുണ്ടായ കുട്ടിയാണന്നേ തോന്നു. ഐപിഎസുകാരുടെ അതിബുദ്ധി അതിപ്രശസ്തവും ജഗദ്പ്രസിദ്ധവുമാണല്ലോ ..?അവര്‍ വിശ്വസിച്ചു പോയി. അത്ര തന്നെ. മുറിപ്പാടില്‍ വിരലിട്ടു വിശ്വസിക്കുന്ന 'ഡോമാശ്ലീഹ' സംശയാലുക്കളല്ല. ഐപിഎസുകാര്‍ മാത്രമല്ല വിശ്വസിച്ചവര്‍.

വിശ്വസീഗണത്തില്‍ എംപി മാര്‍ അണക്കൊരു ഡസന്‍ എന്ന കണക്കിലും എംഎല്‍ഏ മാര്‍ കാശിനു പതിനാറ് എന്ന ക്രമത്തിലും ഉണ്ടായിരുന്നുവെന്നാണു കേള്‍ക്കുന്നത്. പോരാത്തതിനു താരങ്ങളും ദ്വാരങ്ങളും അനവധി. അടിപെരണ്ട അമ്മാളു, കുപ്പാണ്ടഗൗണ്ടനൂര്‍ കുപ്പുവച്ചന്‍ വരെയുള്ള സീരിയല്‍ ദ്വാരങ്ങളാണു കൂടുതലും.

 ബുദ്ധിജീവികള്‍, ബുദ്ധിയില്ലാത്ത ജീവികള്‍, ഉഴലൂര്‍ ദേവസ്വം ഉരാണ്‍മക്കാര്‍, കാരായ്മക്കുടിയാന്‍മാര്‍, പടനായന്‍മാര്‍, ചെട്ടികള്‍ കോമട്ടികള്‍ എന്നുവേണ്ട മോന്‍സന്‍ വിശ്വസികളായി ചേര്‍ന്നവരില്‍ സമൂഹത്തിൻറെ  എല്ലാ മേഖലകളിലുമുള്ളവരുണ്ട്. നിധിശേഖരം കണ്ടവരെല്ലാം മോന്‍സന്‍ മാഷിന്റെ ഗവേഷണ പടുത്വത്തെ കൊട്ടിപ്പാടി വാഴ്ത്ത്തുകയായിരുന്നു. സാധനങ്ങളെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഗവേഷകന്‍ നേരിട്ടു കണ്ടെത്തി സംഭരിച്ചതാണെത്രേ. ഭൂമി കുഴിച്ചും ആഴങ്ങളില്‍ മുങ്ങിയും ആഫ്രിക്കന്‍ വനാന്തരങ്ങളിലെ മരങ്ങളില്‍ നിന്നു പറിച്ചവയാണ് സാധന സാമഗ്രികള്‍.ചുരുക്കം ചിലവ അന്യഗ്രഹങ്ങളില്‍ നിന്നു സമാഹരിച്ചവയും.

കാലാന്തരത്തില്‍ ഇന്ത്യക്കു നഷ്ടപ്പെട്ടു പോയ പല അമൂല്യവസ്തുക്കളും മോന്‍സന്‍ ഇവിടെ തിരിച്ചെത്തിച്ചിട്ടുണ്ടത്രെ. മയൂരസിംഹാസനം, ബുദ്ധന്റെ പല്ല് എന്നിവ അവയില്‍ ചിലതു മാത്രം. വേഷ പ്രച്ഛന്നനായും സിഐഡി കളിച്ചുമാണ് ഇതെല്ലാം സാധിച്ചത്. ഇതൊന്നും പേരിനും പണത്തിനും പ്രശസ്തിക്കും വേണ്ടിയായിരുന്നില്ല. എല്ലാം ഇന്ത്യയോടും ചരിത്രത്തോടുമുള്ള അചഞ്ചലമായ കൂറുകൊണ്ടാണ്സ ഹസ്രകോടികള്‍ വിലയുണ്ടെന്നു കണ്ടു സംരക്ഷണം ഏര്‍പ്പെടുത്തിയ പോലീസ് ഇപ്പോള്‍ പുരാവസ്തു വെറും പ്ലാസ്റ്റര്‍ ഓഫ് പാരീസും  പേപ്പര്‍ പള്‍പ്പുമാണന്നു പറയുന്നു. ആടിനെ പട്ടിയാക്കുന്നതില്‍ കേരളപോലീസ് വിദഗ്ധരാണന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ചരിത്രത്തെ പ്ലാസ്റ്റര്‍ ഓഫ് പാരീസും പേപ്പര്‍ പള്‍പ്പുമാക്കുന്ന വിദ്യയും അവര്‍ക്ക് സ്വായത്തമായെന്ന് ഇപ്പോള്‍ ബോധ്യമായി. ലുട്ടാപ്പിയുടെ കുന്തമെന്നു മോന്‍സന്‍ പറഞ്ഞപ്പോള്‍ ബെഹ്‌റാജി മെസപൊട്ടോമിയ എന്നു കേട്ടത് ആരുടെ കുറ്റമാണ്.?.ഉപ്പുമാങ്ങയുടെ അണ്ടി എന്നു പറഞ്ഞാല്‍ അപ്പുനായരുടെ കിണ്ടി എന്നു കേള്‍ക്കുന്നവരെ ഒരു ചരിത്രവും കുറ്റക്കാരനല്ലെന്നു വിധിക്കില്ല.

ഇപ്പോഴത്തെ ചര്‍ച്ച മോന്‍സണ് ഏതുവിഷയത്തിലാണ് ഡോക്ടറേറ്റ് എന്നതാണ്.ഏറ്റവും ഒടുവില്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത് ആര്‍ക്കിയോളജിയിലും ആയുര്‍വ്വേദത്തിലും പിഎച്ച്ഡിയും, ഡെര്‍മറ്റോളജിയിലും, കോസ്മറ്റോളജിയിലും എംഡിയുമുണ്ടെന്നാണ്.ആര്‍ക്കിയോളജിയില്‍ എച്ച്.ഡി.സംങ്കാലിയയും, ഷെറിന്‍ രത്‌നാകറും, ആന്ത്രപ്പോളജിയില്‍ വെരിയര്‍ എല്‍വിനും,ആയൂര്‍വ്വേദത്തില്‍ ചരകസുശ്രുതന്‍മാരുമാണത്തേ ഗവേഷണ ഗൈഡുമാര്‍. ഇതില്‍ ആയുര്‍വ്വേദത്തിലെ പിഎച്ച്ഡിയാണു ശരിക്കും പുരാവസ്തു. മറ്റു രണ്ടും അത്രക്കു പുരാതനമല്ലെങ്കിലും പ്ലാസ്റ്റര്‍ ഓഫ് പാരീസും പേപ്പര്‍ പള്‍പ്പോ കൊണ്ടു നിര്‍മ്മിച്ചതല്ല. തട്ടിപ്പോളജിയില്‍ പിഎച്ച്ഡിക്കായി രജിസ്റ്റര്‍ ചെയ്തതാണ്. താജ്മഹല്‍, ചെങ്കോട്ട, രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റെ് മന്ദിരവും എന്തിനേറെ, പാകിസ്ഥാനെപ്പോലും വിറ്റു കാശാക്കിയ ഡോ. നട്‌വര്‍ലാല്‍ ആയിരുന്നു മോന്‍സന്റെ ഗൈഡ്. ക്രൈം ബ്രാഞ്ചിന്റെ കുനുഷ്ടും കുത്തിതിരിപ്പും കാരണം തീസിസ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല

ഏതായാലും ഞാന്‍ എന്റെ പുരാവസ്തു ഗവേഷണങ്ങളും ഉദ്ഖനനങ്ങളും ഉപേക്ഷിക്കാന്‍ പോകുന്നിില്ല. എക്‌സ് നിലവറ വീണ്ടും തുറന്ന് പിഞ്ഞാണങ്ങളും പാത്രങ്ങളും കോപ്പകളും പുറത്തെടുത്തു് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയില്‍ പരിശോധനക്കയച്ചു. പിഞ്ഞാണങ്ങള്‍ ചൈനീസ് സഞ്ചാരി ഹ്യു യങ് സാങ് ഉപയോഗിച്ചതാണന്നും പാത്രങ്ങള്‍ സംഘ കാലഘട്ടത്തിലേതും കോപ്പകള്‍ അലക്‌സാണ്ടറുടെ പടയാളികളുടേതുമാണന്നാണു പരിശോധനാ ഫലം. പത്തായവും തുറന്നു നോക്കി. ഒരു പൂച്ച, ഒരു പെരുച്ചാഴി,ക്ലാവു പിടിച്ചതും തുരുമ്പിച്ചതുമായ ഓരു ഉടവാള്‍, പടവാള്‍ എന്നിവയാണ് കണ്ടെത്തിയത്. ക്ലാവും തുരുമ്പും കണ്ടാല്‍ തന്നെ വാള്‍ അതി പുരാതനമാണന്നു മനസ്സസിലാകും. ചെറിയ ഉടവു തട്ടിയിട്ടുണ്ടെങ്കിലും ഉടഞ്ഞിട്ടില്ല. റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗില്‍ തെളിഞ്ഞത് ചേരന്‍ ചെങ്കുട്ടവന്റെയോ പ്ലാസി യുദ്ധത്തില്‍ പരാജയപ്പെട്ട സിറാജ് ഉദ് ദൗളയുടെയോ പടവാള്‍ ആകാമെന്നാണ്. പാട്ടവും മിച്ചവാരവും കിട്ടാത്തതു കൊണ്ട് ആയിരം വടിപ്പന്‍ നെല്ലു കൊള്ളുന്ന പത്തായം ഒഴിഞ്ഞു കിടപ്പാണ്. സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസിലായി പെരുച്ചാഴി അഥവാ മൂഷിക ഭഗവാന്‍ സാക്ഷാല്‍ വിഘ്‌നേശ്വരന്റെ വാഹനം തീര്‍ത്തും പുരാവസ്തു. പൂച്ചക്കാണെങ്കില്‍ ശരീരത്തില്‍ വരകളുണ്ട് . അയ്യപ്പന്റെ വാഹനമായ പുലി മെലിഞ്ഞ് പൂച്ചയായി പാറ്റയെ പിടിക്കാന്‍ പത്തായത്തില്‍ കയറിയതാണ്. ഇവ രണ്ടിന്റെയും പുരാതനത്വത്തിന് ഐഎസഐയുടെ സര്‍ട്ടിഫിക്കറ്റിന്റെ കാര്യമില്ല.

തൊഴുത്തില്‍ ചെന്നു നോക്കിയപ്പോള്‍ കയറുമായൊരു പോത്ത്. പണ്ടു കണ്ടിട്ടില്ല. അല്‍പ്പം ചിന്തിച്ചപ്പോള്‍ കാലന്റെ വാഹനമായ പോത്തും ആയുധമായ കയറുമാണ് എന്നു ബോധ്യമായി. അവയേയും ശേഖരത്തിലേക്കു മുതല്‍ കൂട്ടി. ആക്രി കൂമ്പാരത്തില്‍ നിന്നാണ് പ്രൈസ് ക്യാച്ച് കിട്ടിയത്. ദ്രവ്യം രൂപമെടുക്കാന്‍ കാരണമായ മഹാവിസ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച സ്വിച്ച്. ഇതില്‍പരം പുരാതനമായ ഒരു വസ്തു ആരും ഇതുവരെ കണ്ടെത്തിയിട്ടില്ല..; ഇനി കണ്ടെത്തുകയുമില്ല. കാലം മാറിവരും, കാറ്റിന്‍ ഗതി മാറും,കേസും കുന്ത്രാണ്ടവുമെല്ലാം തീരും, അതെല്ലാം ജനം മറക്കും. അന്നു ഞാന്‍ എന്റെ ശേഖരം ലേലത്തിനു വെക്കും. അങ്ങിനെ ഞാനുമൊരു സഹസ്ര കോടീശ്വരനാകും. മോന്‍സണ്ണിന്റെ പുരാവസ്തു ശേഖരത്തില്‍ വ്യാജമല്ലാതെ ഉണ്ടവാന്‍ വഴിയുള്ള, യൂദാസിനു കിട്ടിയ മുപ്പതു വെള്ളിക്കാശിലെ രണ്ടു വെള്ളിക്കാശ്. ഒറ്റിനും വഞ്ചനക്കുമുള്ള കാശ്  കിട്ടാന്‍ മലയാളിയാണ് സര്‍വ്വഥാ യോഗ്യന്‍.

അവസാനമായി ക്രൈംബ്രാഞ്ചുകാര്‍ക്ക്  നിയമപ്രകാരമുള്ള മുന്നറിയിപ്പ്.:മോന്‍സണ്‍ എന്ന പേരില്‍ തന്നെ ഒരു പുരാതനത്വമുണ്ട്.  മോന്‍-സണ്‍ എന്ന പേരു പദംപിരിച്ചഴുതാം.സണ്‍ ആരാ മോന്‍.!

  ഇ.സോമനാഥ്.
  നോട്ടിക്കല്‍ ടൈംസ് കേരള.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചുരുളി ഗ്രാമക്കാര്‍ നീതി തേടുമ്പോള്‍ .... (ഉയരുന്ന ശബ്ദം-43: ജോളി അടിമത്ര)

കൊറോണ വൈറസിന്റെ പുതിയ വ്യതിയാനമായ ഒമിക്രോണിന്റെ ഭീകരത വര്‍ദ്ധിക്കുന്നു (കോര ചെറിയാന്‍)

കുരുക്കിലകപ്പെട്ട സ്ത്രീയുടെ കുതറി മാറൽ - മഞ്ഞിൽ ഒരുവൾ - നിർമ്മല : ഡോ. കുഞ്ഞമ്മ ജോർജ്ജ്

ടെക് കമ്പനികളിൽ ഇന്ത്യൻ സിഇഒമാരുടെ തേരോട്ടം തുടരുന്നു (ശ്രീകുമാർ ഉണ്ണിത്താൻ)

മരക്കാർ : മലയാള സിനിമയിൽ വീണ്ടും മണി കിലുക്കം (രഞ്ജിത് നായർ)

അനിലാലും സബ്രീനയും (ഡോ.നന്ദകുമാര്‍ ചാണയില്‍)

'എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ?'

മായ ബാലകൃഷ്ണന്റെ "മായ" (ഡോ.ടി പങ്കജ് )

Nights and Days in Ujjaini - Vishnu Narayanan Namboodiri (Translated by Dr.M.N. Namboodiri)

ഹംപി കാഴ്ചകള്‍ 5: (സംഗീതമുണര്‍ത്തുന്ന കല്‍മണ്ഡപങ്ങളും ആയിരം രാമന്‍മാരും: മിനി വിശ്വനാഥന്‍)

ആരാണ് ദൈവം, എന്താണ് ദൈവം . (ലേഖനം ഭാഗം : 3- ജയന്‍ വര്‍ഗീസ് )

ബിറ്റ്‌കോയിനും ഒമൈക്രോണും, കൂടെ രണ്ടു നായ്ക്കുട്ടികളും (ഡോ. മാത്യു ജോയിസ് ലാസ്‌വേഗാസ്)

അയല്‍ക്കാരിയുടെ മേല്‍ കരുണ ചൊരിയേണമേ! (നര്‍മം: ജോണ്‍ ഇളമത)

എല്ലാം മക്കള്‍ക്കുവേണ്ടി (പുസ്തക പരിചയം : എ.സി.ജോര്‍ജ്)

ഒന്നര മാസത്തിനിടയില്‍ മൂന്നു കൊലപാതകങ്ങള്‍ക്ക് മലയാളികള്‍ ഇരയായി

ഏഴു സ്വരങ്ങളും തഴുകിവന്ന ദേവഗാനങ്ങള്‍ (സന്തോഷ് പിള്ള)

വാക്സിൻ-വാക്കുകളിലെ മിന്നും താരം; ജനം ഏറ്റവും തെരഞ്ഞ  വാക്ക്  

മാറുന്ന സിനിമാലോകം, മാറ്റപ്പെടുന്ന സിനിമാ ജീവിതവും (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

The Village of Valady and Dr. A.K.B. Pillai (P.G. Panikker)

നേരിന്റെ മഷി തൊട്ട വരകള്‍ ( മൃദുമൊഴി-33: മൃദുല രാമചന്ദ്രന്‍)

നാടിനുവേണ്ടിയുള്ള ചുവടുകൾ (വിജയ്.സി.എച്ച്)

ഇത്തിരിനേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്)

കളിഗെമിനാറിലെ കുറ്റവാളികളും ചുരുളിയും ( ഭദ്ര വേണുഗോപാൽ)

വിശ്വാസം, അതല്ലേ എല്ലാം... (ജെയിംസ് കുരീക്കാട്ടിൽ)

പാറേക്കാട്ട് കുടുംബത്തിൽ നൂറിലേറെ കന്യാസ്ത്രീകൾ; മുപ്പതിലേറെ വൈദികർ (കുര്യൻ പാമ്പാടി)

റിബെക്ക - ഒരു മിന്നാമിനുങ്ങിന്റെ നക്ഷത്രത്തിളക്കം (വാല്‍ക്കണ്ണാടി - കോരസണ്‍)

'എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ?' (പി.പി.ചെറിയാന്‍)

പ്രധാനമന്ത്രിയുടെ വിശ്വാസ്യത വിചാരണ ചെയ്യപ്പെടുന്നു (ദല്‍ഹികത്ത് : പി.വി.തോമസ്)

ക്രിപ്റ്റോകറൻസികൾക്കു ഇന്ത്യൻ ശത്രുസംഹാരപൂജ ? ( മാത്യു ജോയിസ്, ലാസ് വേഗാസ്)

മിഴിയോരം നനഞ്ഞൊഴുകും….. (നീലീശ്വരം സദാശിവൻകുഞ്ഞി)

View More