Image

ലഹരിക്കേസ്: ആര്യന്‍ ഖാന്‍ ഉള്‍പ്പടെ മൂന്നുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി

Published on 08 October, 2021
ലഹരിക്കേസ്: ആര്യന്‍ ഖാന്‍ ഉള്‍പ്പടെ മൂന്നുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി
മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി. ആര്യനു ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) വാദം അംഗീകരിച്ചാണ്, ലഹരിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയുടെ നടപടി. ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ഛ എന്നിവരുടെ ജാമ്യാപേക്ഷയും നിരസിച്ചു.

ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ആര്യനു കഴിയുമെന്ന് എന്‍സിബി കോടതിയില്‍ വാദിച്ചു. എന്നാല്‍ ആര്യന്റെ പക്കല്‍നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്നും മൊബൈല്‍ ചാറ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ചോദ്യം ചെയ്യലില്‍ ആര്യന്‍ എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. ആഡംബരക്കപ്പലില്‍ വിരുന്ന് സംഘടിപ്പിച്ചവര്‍ ക്ഷണിച്ചതനുസരിച്ചാണ് എത്തിയത്. എന്‍സിബി ഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തതിനാല്‍ തെളിവു നശിപ്പിക്കുമെന്ന വാദം അസ്ഥാനത്താണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ എന്‍സിബിയുടെ വാദം അംഗീകരിച്ച കോടതി, ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക