Image

കൊലക്കേസ് പ്രതിയെ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്? ലഖിംപുര്‍ ഖേരിയില്‍ അറസ്റ്റ് വൈകുന്നതില്‍ സുപ്രീം കോടതിക്ക് അതൃപ്തി

Published on 08 October, 2021
 കൊലക്കേസ് പ്രതിയെ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്? ലഖിംപുര്‍ ഖേരിയില്‍ അറസ്റ്റ് വൈകുന്നതില്‍ സുപ്രീം കോടതിക്ക് അതൃപ്തി


ന്യുഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതികള്‍ക്ക് എന്തിനാണ് നോട്ടീസ് നല്‍കിയത്. കൊലക്കേസ് പ്രതിയെ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്. എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ക്രൂരസംഭവമാണ്. കൊലക്കേസ് രജിസ്റ്റര്‍ ചെയ്താലുടന്‍ പ്രതിയെ അറസ്റ്റു ചെയ്യുകയാണ് പോലീസ് ചെയ്യേണ്ടത്. മറ്റേത് കൊലക്കേസ് പ്രതിയെ പരിഗണിക്കുന്ന പോലെ ഈ കേസിലും പ്രതിയെ കാണണം. സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

കേസ് ദസറ അവധിക്കു ശേഷം പരിഗണിക്കുന്നതിനായി മാറ്റി. ഇതിനകം നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

അതേസമയം, പോലീസിനു മുമ്പാകെ ഹാജരാകാന്‍ ആശിഷ് മിശ്ര സമയം നീട്ടി ചോദിച്ചു. നാളെ ഹാജരാകാമെന്നാണ് ആശിഷ് അറിയിച്ചിരിക്കുന്നത്. ഇന്ന് 10 മണിക്ക് മൂന്‍പ് ഹാജരാകാന്‍ നോട്ടീസില്‍ നല്‍കിയെങ്കിലും ആശിഷ് മിശ്ര ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ നേപ്പാളിലേക്ക് കടന്നുവെന്നാണ് സൂചന. 

പ്രതിയാ ആശിഷ് മിശ്രയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും നാളെ 11 മണിക്ക് ഹാജരാകുമെന്ന അറിയിച്ചതായും യു.പി സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചു. പ്രതി ഹാജരായില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും യു.പി സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ അതൃപ്തി പ്രകടിപ്പിച്ച കോടതി മറ്റെല്ലാ പ്രതികളെയും ഇതുപോലെ നോട്ടീസ് നല്‍കിയാണോ സര്‍ക്കാര്‍ വിളിപ്പിക്കുന്നതെന്ന് ആരാഞ്ഞൂ. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെടിയുണ്ട കൊണ്ടുള്ള മുറിവുകളൊന്നും വ്യക്തമാക്കുന്നില്ല. അതുകൊണ്ടാണ് നോട്ടീസ് നല്‍കിയതെന്നും ഹരീഷ് സാല്‍വെ അറിയിച്ചു. സ്ഥലത്തുനിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെടുത്തു. പ്രതികള്‍ക്ക് ദുരുദേശം ഉണ്ടായിരുന്നുവെന്ന് വ്യക്തമായെന്നും ഹരീഷ് സാല്‍വെ പറഞ്ഞു. 

കേസില്‍ സി.ബി.ഐ അന്വേഷണം ഒരു പരിഹാരമല്ല. കാരണം വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കോടതിക്ക് ഒട്ടും തൃപ്തിയില്ല. മറ്റൊരു ഏജന്‍സി കേസ് ഏറ്റെടുക്കുന്നത് വരെ തെളിവുകള്‍ നശിപ്പിക്കപ്പെടാതെ സംരക്ഷിക്കണമെന്നു ഡി.ജി.പിയോട് ആവശ്യപ്പെടണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 

കേസന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്പിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക