Image

കോവിഡ് മരണങ്ങള്‍: ആശ്രിതര്‍ക്ക് സംസ്ഥാനവും 5 ലക്ഷം ധനസഹായം പ്രഖ്യാപിക്കണം: പ്രതിപക്ഷം

Published on 08 October, 2021
 കോവിഡ് മരണങ്ങള്‍: ആശ്രിതര്‍ക്ക് സംസ്ഥാനവും 5 ലക്ഷം ധനസഹായം പ്രഖ്യാപിക്കണം: പ്രതിപക്ഷം


തിരുവനന്തപുരം: യഥാര്‍ത്ഥ കോവിഡ് മരണസംഖ്യ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷം. കോവിഡ് ബാധിച്ച് മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും കോവിഡ് നെഗറ്റീവ് ആയവരും മരണമടയുമ്പോള്‍ സര്‍ക്കാര്‍ അത്തരം മരണങ്ങളെ കോവിഡ് മരണപട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണ്. കോവിഡ് മരണം നിശ്ചയിക്കുന്നതില്‍ ഐ.സി.എം.ആര്‍ മാനദണ്ഡം സര്‍ക്കാര്‍ പാലിക്കുന്നില്ല. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കാതെ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. 

കോവിഡ് മരണപട്ടിക പ്രസിദ്ധീകരിക്കണമെന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ചയ്ക്ക് എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷം പിന്നീട് മീഡിയ റൂമില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു. പി.സി വിഷ്്ണുനാഥ് ആണ് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ വാക്‌സിന്‍ ചലഞ്ചിലൂടെ സമാഹരിച്ച പണം നഷ്ടപരിഹാരം നല്‍കാന്‍ ഉപയോഗിക്കണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ടു. 

മറ്റ് സംസ്ഥാനങ്ങള്‍ കോവിഡ് മരണങ്ങള്‍ക്ക് പ്രത്യേകം നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ നാല് ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. വാക്‌സിന്‍ ചലഞ്ചിലൂടെ നല്ല തുക സമാഹരിച്ചിട്ടുണ്ട്. അതില്‍ നിന്നും കോവിഡ് ബാധിച്ച് മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം ഇത് യു.ഡി.എഫ് ആദ്യം മുതലേ ആവശ്യപ്പെടുന്ന കാര്യമാണ്.

കേരളത്തില്‍ മാത്രമല്ല, വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ അത്തരം കണക്കുപോലുമില്ല. എംബസികള്‍ വഴി വളരെ എളുപ്പത്തില്‍ എടുക്കാവുന്ന കണക്കായിട്ടു പോലും സര്‍ക്കാരിന്റെ പക്കല്‍ എത്ര പ്രവാസികള്‍ മരിച്ചു  എന്നതിന് കണക്കില്ല. 

ഇപ്പോഴും സര്‍ക്കാര്‍ പൊള്ളയായ അവകാശ വാദങ്ങള്‍ ഉയര്‍ത്തുകയാണ്. ആഴ്ചകളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനവുമാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ എന്തൊക്കെയായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ലോകത്ത് ഏറ്റവും കുറവ് കോവിഡ് രോഗികള്‍ ഉള്ളത്, ഏറ്റവും കുറവ് ടിപിആര്‍ ഉള്ളത്.. മരണം ഒളിപ്പിച്ചുവച്ചു. പൊള്ളയായ അവകാശ വാദങ്ങള്‍ നിരത്തി. എന്തുകൊണ്ടാണ് കോവിഡ് രണ്ടാം വരവ് അവസാനിക്കാതെ അനിശ്ചിതമായി തുടരുന്നത്. ഇതേകുറിച്ച് ഒരു പഠനം പോലും ആരോഗ്യ വകുപ്പ് നടത്തിയിട്ടില്ല. 

മരിച്ചവരുടെ കണക്കോ പ്രായമോ അവരെ കുറിച്ചുളള വിശദ വിവരങ്ങളോ ഒന്നും സര്‍ക്കാരിന്റെ പക്കലില്ല. ഈ കണക്ക് ഉശണ്ടങ്കില്‍ മാത്രമേ ഇനിയൊരു വരവ് ഉണ്ടായാല്‍ പരിശോധിക്കാന്‍ പറ്റൂ. കോവിഡ് വ്യാപനം ഉയര്‍ന്നുനില്‍ക്കുമ്പോഴും പ്രാഥമിക സെന്ററുകള്‍ എല്ലാം നിര്‍ത്തലാക്കി. 22,000 ഓളം കോവിഡ് വാരിയേഴ്‌സിനെ പിരിച്ചുവിട്ടു. കോവിഡിനു വേണ്ടിയുള്ള എല്ലാ പ്രതിരോധ സംവിധാനങ്ങളും പിരിച്ചുവിട്ടു. ലോക്കല്‍ ഭരണസമിതികള്‍ക്ക് പണം നല്‍കുന്നില്ല. കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള സൗജന്യ ചികിത്സ സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക