Image

മണ്ണില്‍ രക്തം വീണിരിക്കുന്നു: അസം കൊലപാതകത്തിനെതിരെ ഗുവാഹത്തി ഹൈക്കോടതി

Published on 07 October, 2021
മണ്ണില്‍ രക്തം വീണിരിക്കുന്നു: അസം കൊലപാതകത്തിനെതിരെ ഗുവാഹത്തി ഹൈക്കോടതി
അസമിലെ ധോല്‍പൂരില്‍ കുടിയൊഴിപ്പിക്കലിനിടെ രണ്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അസം സര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടി ഗുവാഹത്തി ഹൈക്കോടതി. സംഭവം ദൗര്‍ഭാഗ്യകരവും ദുരന്തവുമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മൂന്നാഴ്ചക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

'ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇത് ദുരന്തമാണ്. സര്‍ക്കാറില്‍ നിന്ന് ഞങ്ങള്‍ വിശദമായ സത്യവാങ്മൂലം ആവശ്യപ്പെടുന്നു. മൂന്ന് ജീവനുകള്‍ നഷ്ടമായ പ്രശ്‌നമാണിത്. മണ്ണില്‍ രക്തം വീണിരിക്കുന്നു. ഹര്‍ജി സമര്‍പ്പിച്ചത് ഒരു രാഷ്ട്രീയക്കാരനാണ് എന്നാണ് നിങ്ങളുടെ വാദമെങ്കില്‍ അതില്‍ ഞങ്ങള്‍ക്കൊന്നും പറയാനില്ല' - കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് സിജെ ധുലിയ പറഞ്ഞു. ജസ്റ്റിസ് ധുലിയയ്ക്ക് പുറമേ, ജസ്റ്റിസ് സൗമിത്ര സൈകിയയും ബഞ്ചിലുണ്ടായിരുന്നു.

അസം പ്രതിപക്ഷ നേതാവ് ദെബാബത്ര സൈകിയയാണ് വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ധോല്‍പൂരില്‍ നടക്കുന്നത് നിര്‍ബന്ധിത കുടിയൊഴിപ്പിക്കലാണെന്നും അത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്നുമാണ് ദെബാബത്ര ആവശ്യപ്പെട്ടിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

മൃതദേഹത്തിന് മുകളില്‍ ചാടുന്ന ഫോട്ടോഗ്രാഫര്‍ ബിജോയ് ബോനിയയുടെ ദൃശ്യങ്ങളാണ് പ്രചരിച്ചിരുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിങ്ങാണ് ഹര്‍ജിക്കാരനു വേണ്ടി കോടതിയില്‍ ഹാജരായത്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക