Image

ലഖിംപുര്‍ സംഭവത്തില്‍ പ്രതികരിച്ച വരുണ്‍ ഗാന്ധിയേയും മനേകാ ഗാന്ധിയേയും ബി.ജെ.പി നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി

Published on 07 October, 2021
ലഖിംപുര്‍ സംഭവത്തില്‍ പ്രതികരിച്ച വരുണ്‍ ഗാന്ധിയേയും മനേകാ ഗാന്ധിയേയും ബി.ജെ.പി നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി സംഭവത്തില്‍ പ്രതികരിച്ച ബി.ജെ.പി നേതാക്കളായ വരുണ്‍ ഗാന്ധിയേയും മനേകാ ഗാന്ധിയേയും ബി.ജെ.പി നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി. ബി.ജെ.പി നേതാക്കള്‍ പ്രതികളായ ലഖിംപുര്‍ ഖേരി സംഭവത്തെ ബി.ജെ.പി എം.പിയായ വരുണ്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഒഴിവാക്കലിന് ലഖിംപുര്‍ ഖേരി സംഭവവുമായി ബന്ധമില്ലെന്നും ഇതെല്ലാം സ്വാഭാവികമായി സംഭവിച്ചതാ‍ണന്നുമാണ് ദേശീയ നേതൃത്വത്തിന്‍റെ പ്രതികരണം.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ പ്രതിചേര്‍ത്ത കേസില്‍ വരുണ്‍ ഗാന്ധി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സംഭവത്തില്‍ ബി.ജെ.പിയില്‍ നിന്ന് വരുണ്‍ ഗാന്ധി മാത്രമാണ് പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. മാത്രമല്ല, കറുത്ത എസ്.യു.വി കര്‍ഷകരുടെ മേല്‍ ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങളും വരുണ്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

'കൊലപാതകം' എന്നാണ് വരുണ്‍ ഗാന്ധി സംഭവത്തെ വിശേഷിപ്പിച്ചത്. വിഡിയോ മനസ്സുലക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും ഇരയായ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വരുണ്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിഞ്ഞ ദിവസം വരുണ്‍ കത്തെഴുതിയിരുന്നു.

ദേശീയ നേതൃത്വത്തിന് ഇതുമൂലം കടുത്ത അതൃപ്തിയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക