Image

മണലാരണ്യങ്ങളിലെ ഗൃഹനായികമാര്‍ ( ലൗലി ബാബു തെക്കെത്തല)

ലൗലി ബാബു തെക്കെത്തല Published on 07 October, 2021
മണലാരണ്യങ്ങളിലെ  ഗൃഹനായികമാര്‍ ( ലൗലി  ബാബു തെക്കെത്തല)
  വീട്ടമ്മമാരായി ഒതുങ്ങിക്കൂടുക  എന്നത്  പലര്‍ക്കും  ഇഷ്ടമില്ലാത്ത  കാര്യം. സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി നാലു ചുവരുകള്‍ക്കുള്ളില്‍ അടങ്ങി  ജീവിക്കുവാന്‍ ഇന്നാര്‍ക്കാണ്  താല്പര്യം.

'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം  ബന്ധനം  തന്നെ  പാരില്‍ 'എന്ന്  കവിമൊഴി.    ഏതായാലും ജീവിതം സുന്ദരമാണ്  ജീവിക്കാന്‍ അറിയണം  എന്നു മാത്രം.

എല്ലാ കാര്യങ്ങള്‍ക്കും രണ്ട് വശം  ഉണ്ടാകും. ജോലിക്ക് പോകണമോ  വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും ജീവിത  സാഹചര്യങ്ങള്‍  അനുസരിച്ചു നിര്‍ണയിക്കേണ്ടത് .
അമ്മമാര്‍ക്ക്  പെണ്‍മക്കളോട്  പറയാനുണ്ടാകും. പഠിച്ചൊരു ജോലി നേടണം.  സമ്പാദിച്ച്  സ്വന്തം കാലില്‍ നില്‍ക്കണം. പിന്നെ ആരെയും  ഭയക്കേണ്ട  എന്നൊക്കെ. ഈ  ഉപദേശം കേള്‍ക്കാത്ത മലയാളി പെണ്‍കുട്ടികള്‍ വിരളം. എങ്കിലും ഇന്നും തുടര്‍ച്ചയായി ജോലിക്ക് പോവുന്ന മലയാളി പെണ്‍കുട്ടികള്‍  താരതമ്യേന കുറവ്. കാരണം അവസരങ്ങളുടെ കുറവും, വീട്ടുജോലി തീര്‍ത്ത്  പിന്നെ  കുനിഞ്ഞൊരു പ്ലാവില എടുക്കാനുള്ള  മടിയും  തന്നെ.

നല്ലൊരു   കുടുംബിനിയായി  വിജയിക്കണമെങ്കില്‍  കുറച്ചു തന്ത്രവും  നയചാതുര്യവും  വേണം. ജീവിതത്തില്‍ ഉണ്ടാകുന്ന ജയാപചയങ്ങളെ തന്മയത്വത്തോടെ  നേരിടാനും അതിജീവിക്കാനുമുള്ള പാടവമാണ്  കുടുംബിനിയ്ക്ക് ആവശ്യം..

ഒരു സ്ത്രീക്ക് ജോലി അത്യാവശ്യമാണോ?
 പലപ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിച്ച  ചോദ്യം. ആവശ്യത്തിന്  പണവും  സ്വാതന്ത്ര്യവും തരുന്ന  കുടുംബപശ്ചാത്തലമാണെങ്കില്‍  ജോലി ഒരു ആവശ്യഘടകമാവുന്നില്ല.  എന്നാല്‍ പഠിച്ച് പരിശീലനം നേടിയ തസ്തികയാണെങ്കില്‍ ജോലി  സ്വീകരിക്കുക  തന്നെ വേണം. ഇന്ന് ഉന്നതവിദ്യാഭ്യാസം ഒരു അവശ്യഘടകം തന്നെയാണ്. മാറുന്ന ചുറ്റുപാടുകള്‍ക്കനുസരിച്ച  ജീവിത  ശൈലി  കൈകൊള്ളുവാനും   സ്വയം നവീകരിക്കാനും വിദ്യാഭ്യാസം അനിവാര്യമാണ്.
കേരളത്തില്‍ നിന്നും ധാരാളം പെണ്‍കുട്ടികള്‍  വിവാഹം കഴിഞ്ഞു ഗള്‍ഫിലെത്തുന്ന നാലുകളിത്.  

ഗള്‍ഫിലെത്തൂന്ന  വിദ്യാഭ്യാസയോഗ്യതയുള്ള പെണ്‍കുട്ടികള്‍ ആദ്യം കുറച്ചു നാള്‍ ജോലിക്ക് പോവുകയും  അവര്‍ക്ക് കുഞ്ഞുങ്ങളാവുമ്പോള്‍  ജോലി ഉപേക്ഷിച്ചു  വീട്ടില്‍  ഒതുങ്ങി കൂടുന്ന പ്രവണതയാണ് കാലിക കാഴ്ച്ച. ആരോഗ്യമേഖലയില്‍  പ്രവര്‍ത്തിക്കുന്നവര്‍ ഇതിന്  അപവാദമാണ്. ഉയര്‍ന്ന ശമ്പളം  തന്നെയാണ് അവര്‍  ജോലി തുടരാന്‍ ഏക കാരണവും. അത് പരിശോധിച്ചാല്‍ അച്ഛനും അമ്മയും ജോലിക്ക് പോവുകയും കുട്ടികള്‍ വേലക്കാരിയുടെ ഒപ്പമോ അല്ലെങ്കില്‍ ബേബി സിറ്റിംങ്ങിലോ  വളര്‍ന്നു  വരും.

പലപ്പോഴും വേലക്കാരി വരുമോ  ഇല്ലയോ എന്ന ടെന്‍ഷനുമായാണ് അവരൊക്കെ രാവിലെ ഉണരുന്നത്. വിസയെടുത്തു നാട്ടില്‍ നിന്നും  വേലക്കാരിയെ കൊണ്ടു വരുന്നവരുമുണ്ട്. രണ്ട് ബെഡ്റൂം ഉള്ള വീട്ടില്‍ എല്ലാവരും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന മട്ടില്‍ കഴിഞ്ഞു കൂടും. അപൂര്‍വ്വം  ചിലര്‍ക്ക് മാതാപിതാക്കള്‍ വന്നു മക്കളെ  നോക്കാന്‍ നില്‍ക്കുകയുമുണ്ട്. അവര്‍ക്ക് സമാധാനത്തോടെ ജോലി ചെയ്യാനും, കുഞ്ഞുങ്ങള്‍  ആരോഗ്യകരമായ രീതിയില്‍ വളരാനും ഭാഗ്യം സിദ്ധിക്കുന്നു.

എഞ്ചിനീയര്‍, അക്കൗണ്ടന്റ്, അദ്ധ്യാപനം  എന്നീ മേഖലകളില്‍   താരതമ്യേന ജോലിക്ക് വേണ്ടിയുള്ള മത്സരവും അധ്വാനമേറിയ  ജോലിയും,  അതിനനുസരിച്ചുള്ള ശമ്പളം ഇല്ലായ്ക ഇതൊക്കെ ആയിരിക്കും ആദ്യകാലങ്ങളില്‍  ജോലി ചെയ്തിരുന്നവര്‍  പിന്നീട് അത്  നിര്‍ത്തി  വീട്ടിലിരിക്കാന്‍ കാരണമാവുന്നത്. 

ഗൃഹസ്ഥയായ വീട്ടമ്മക്കു സമയം ചെലവിടാനുള്ള  വഴികള്‍  എന്തൊക്കെയെന്നു  നോക്കാം.. അതിലൊന്ന് സംഘടനാ  പ്രവര്‍ത്തനമാണ്. ഗള്‍ഫില്‍ നിരവധി സംഘടനകള്‍  ഉണ്ട്, മതപരമായ  സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികളോട് അനുഭാവമുള്ള  സംഘടനകള്‍. കല  സാംസ്‌കാരിക സംഘടനകള്‍. ഇതിലെല്ലാം പല  വീട്ടമ്മമാരും പ്രവര്‍ത്തിക്കുന്നു.
കുറെപേര്‍ തങ്ങളുടെ ഹോബികള്‍ ചിത്രരചന. എഴുത്ത്, തുടങ്ങിയവ  തുടരുന്നു. ടൈലറിങ്, ട്യൂഷന്‍, ബ്യൂട്ടി പാര്‍ലര്‍, എന്നിവ ചെയ്ത്  വരുമാനം ഉണ്ടാക്കുന്നവരുമുണ്ട്. ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരം പോലെയുള്ള  ചെറുകിട  ബിസിനസ് നടത്തുന്ന വീട്ടമ്മമാരും ഇവിടെ ധാരാളം. ഗള്‍ഫില്‍ നിരവധി ജിംനേഷ്യം, സുംബ ഡാന്‍സ്  പോലുള്ള ആരോഗ്യപരിപാലനത്തിന് പലപല  സാധ്യതകളുമുണ്ട്. നാട്ടില്‍ ഉള്ളതിനേക്കാള്‍  കൂടുതല്‍. സമയം നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഇതൊക്കെ സഹായകരമാവുന്നു. കുവൈറ്റിലെ റാഡിസ്സണ്‍ ഹോട്ടലില്‍ നടന്നു വരുന്ന വൈകിങ് ക്ലബ് പോലെ നിരവധി സ്ഥാപനങ്ങള്‍  ഇന്ന് ഗള്‍ഫില്‍ ലഭ്യമാണ്... യോഗ, പിലേറ്റസ്, നൃത്ത പരിശീലനം ഇവയെല്ലാം ഇന്ന് ഗള്‍ഫ് നാടുകളില്‍ മലയാളി വീട്ടമ്മയ്ക്കും സാധ്യമാവുന്നു. അയലത്തെ വീടിന്റെ  ജനാലകള്‍  വിടരുന്നതിനു  മുമ്പേ ചൂലെടുത്ത്  നിലത്തു  ചിത്രമെഴുതുന്ന ഗൃഹനായികാ   സങ്കല്പം ഇന്ന് നാട്ടില്‍ പോലും ഇല്ലാതായിരിക്കുന്ന വേളയില്‍  ഗള്‍ഫിലെ  വീട്ടമ്മമാര്‍  സമയം ചിലവിടുന്നത്  ഷോപ്പിംഗ്,  വാരാന്ത്യത്തിലുള്ള  ഒത്തുകൂടല്‍  എന്നിവയിലൂടെയാണ്. കൊറോണ നാളുകളില്‍  സോഷ്യല്‍ മീഡിയയില്‍  സജീവ മാവുന്ന വീട്ടമ്മമാരും ഉണ്ട്. വിരളമായി  സോഷ്യല്‍ മീഡിയ ചതിക്കുഴികളില്‍  പെട്ടു പോവുന്നവര്‍ ഉണ്ടാകാമെങ്കിലും ഗള്‍ഫ് നാടുകളിലുള്ള കടുത്ത ശിക്ഷകള്‍ ഇങ്ങനെയുള്ള ചതികളും  കെണികളും  വളരെ കുറയ്ക്കുന്നു എന്നതാണ്  സത്യം. ഗള്‍ഫില്‍ വരുമ്പോള്‍ത്തന്നെ  തങ്ങളുടെ അയല്‍വാസികളോ,  തങ്ങള്‍ താമസിക്കുന്ന കെട്ടിടമോ എന്തിനു രാജ്യം തന്നെയോ സ്ഥിരമായി തങ്ങള്‍ക്കുള്ളതല്ല  എന്ന ബോധ്യം ഉണ്ടാവുന്നതിനാല്‍ മിക്കവാറും എല്ലാവരും സ്വന്തം ജീവിതത്തില്‍ ആരെയും ഒരു പരിധിയില്‍ കവിഞ്ഞു അടുപ്പിക്കാത്തതും ഇത്തരം ചതിക്കുഴികളില്‍ പെടുന്ന മലയാളി മങ്കമാരുടെ എണ്ണം  നാട്ടിലെ അപേക്ഷിച്ചു തുലോം  കുറവാകാന്‍  കാരണമാകുന്നു. അവധി  ദിവസങ്ങള്‍  പാര്‍ക്കുകളിലോ മറ്റു വിനോദസഞ്ചാര  കേന്ദ്രങ്ങളിലോ  ആസ്വദിച്ചു ജീവിക്കാനും ഇവര്‍  മറക്കാറില്ല. ചേരയെ  തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകണ്ടം  തിന്നാന്‍ മലയാളി വീട്ടമ്മയെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലല്ലോ..

Join WhatsApp News
Lovely 2021-10-07 13:03:08
Thank you very much🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക