Image

മനസ്സു നിറയെ ആ യാത്ര : അന്ന സുരേഷ്

Published on 06 October, 2021
മനസ്സു നിറയെ ആ യാത്ര : അന്ന സുരേഷ്
 രതീഷ്- ബി.എ ക്ളാസിലെ എന്റെ സഹപാഠി- വീണ്ടു० ചോദിച്ചു.
"താനെഴുതിയോ?" 
ചിരിച്ചതേയുള്ളൂ ഞാൻ. ഇന്ന് ഉറങ്ങാൻ കിടന്നപ്പോളോർത്തു. ഒന്നെഴുതിനോക്കിയാലോ?  ആൻസിയു० പറഞ്ഞിരുന്നല്ലോ. ഈ കുത്തിക്കുറിക്കലുകൾ  അവർക്കുവേണ്ടിയുള്ളതാണ്..
യാത്രകളോട് ഒരുതര० ഭ്രമമായിരുന്നു എന്നു०.. 
പുതിയ കാഴ്ചകൾ, അനുഭവങ്ങൾ, സുഹൃത്തുക്കൾ.
ലക്ഷ്യബോധമില്ലാത്ത ചില യാത്രകളും ഉണ്ടായിട്ടുണ്ട്. മടുപ്പുതോന്നുമ്പോൾ ആദ്യ० വരുന്ന ബസിൽ കയറി അവസാനത്തെ സ്റ്റോപ്പിലേക്കു ടിക്കറ്റെടുത്ത് വെറുതെ... തിരികെയെത്തുമ്പോൾ ഒരു ജേതാവിന്റെ ഭാവ०...
കോഴിക്കോട് നിന്നും പുറപ്പെടുന്ന യാത്രാ സംഘത്തിൽ ഞാനും ചേർന്നിരുന്നു. ചെന്നൈ , പോണ്ടിച്ചേരി വഴിയൊക്കെ ഒരു ചുറ്റിക്കറക്കം. മക്കളൊന്നുമില്ലാതെ തനിച്ചുള്ള യാത്ര ആദ്യമാണ്. ചെറുപ്പത്തിൽ കൂട്ടുകൂടാനെത്തിയ പോളിയോ തിരിച്ചു പോയപ്പോൾ ഒരു കാലിന്റെ കുറെയധികം ശക്തിയും കൊണ്ടുപോയിരുന്നതുകൊണ്ട് ഒറ്റയ്ക്കുള്ള യാത്ര ഇത്തിരി ആശങ്ക പടർത്തിയിരുന്നു. ഒന്നും സാരമില്ലെന്ന് ടൂർ സംഘടിപ്പിച്ച ലത ധൈര്യം തന്നു.
ടൂർ ഓപ്പറേറ്റർ ലതയെക്കുറിച്ചു പറയാതെ വയ്യ.  ഒരപകടത്തിൽപെട്ട് ഒന്നനങ്ങാൻ പോലുമാകാതെ മാസങ്ങളോള०.... ഫീനിക്സ് പക്ഷിയായി, വീണ്ടു०. എത്ര യാത്രകളാണന്നോ അവർ സ०ഘടിപ്പിക്കുന്നത്. നടക്കാൻ പിന്നിലായപ്പോഴെല്ലാ० ഒപ്പ०നിന്നു കാലുകൾക്കു० മനസ്സിനു० ശക്തി പകർന്നു...എത്ര കൃത്യതയോടെ ഓരോരുത്തരേയു० ശ്രദ്ധിക്കുന്നു...സ്ത്രീകൾ അബലകളാണെന്നു പറയുന്നവർ ലതയെപ്പോലുള്ളവരെ പരിചയപ്പെട്ടിട്ടുണ്ടാവില്ല..കയറുമോ എന്നു സ०ശയിച്ചു നിന്നിടത്തെല്ലാ० എന്താ കയറാതെ, നടന്നേ,ഞാൻ കൂടെയുണ്ട് എന്നൊക്കെ ശാസിച്ചു. എന്തൊരു സ്നേഹവു० കരുതലു०...കണ്ടു പഠിക്കുകകൂടിയായിരുന്നു ഞാൻ ആ മൂന്നു പകലു०

യാത്രകളോടുള്ള എന്റെ ഇഷ്ടമറിയുന്ന മക്കളുടെ പ്രേരണകൂടി ആയപ്പോൾ ഞാനു० ഒരു ടീമിന്റെ ഭാഗമായി...
അമ്മ സമ്പാദിക്കുന്നത് അമ്മയുടെ സന്തോഷങ്ങൾക്കുവേണ്ടിക്കൂടി ചിലവാക്കണമെന്ന് അവരിരുവരും പറഞ്ഞപ്പോൾ,  അവരെ മക്കളായി കിട്ടിയ ഞാൻ എത്ര ഭാഗ്യവതിയെന്നു മനസ്സു നിറഞ്ഞു; കണ്ണു०..

ആഗസ്റ്റ് 22 ന് രാത്രി 8.10 നുള്ള എ०.ജി.ആർ എക്സ്പ്രസിൽ കോഴിക്കോടുനിന്ന് യാത്ര തുടങ്ങുകതന്നെ ചെയ്തു.... കുടു०ബവുമൊന്നിച്ച് കുറേ സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലു० തനിച്ച് ഇതാദ്യ०....
ഉള്ളിൽ നിറഞ്ഞ അങ്കലാപ്പ്....
മൂന്നു ദിവസം, എന്താവുമോ എന്തോ.... സ്റ്റേഷനിൽ സഹയാത്രികരിൽ നാലുപേരെ കണ്ടു. സിന്ധു, ഗൗരി, സാബു, പ്രവീൺ..  
വേറെയു० ആളുകൾ മറ്റേതോ ബോഗികളിലുണ്ടത്രേ.. 23നു രാവിലെ 7.30ന് ചെന്നൈ സ്റ്റേഷനിൽ... പുറത്ത് ഞങ്ങളെയു० കാത്ത് കുട്ടിബസു० ലതയു०... 
   രണ്ടു ബസിലായി അമ്പതോള० പേർ... 
 ഒടുവിലെത്തിയ എന്നെയു० കാത്ത് ബായ്ക്കിലെ സൈഡ്സീറ്റ് ഒഴിഞ്ഞുകിടന്നു...
ബസ് 'സ്പാഗോ ഇൻ' എന്ന ഹോട്ടലിലെത്തി നിന്നു..

ചെക്കിൻ ചെയ്തു. ഫ്രഷായി. പ്രഭാതഭക്ഷണവു० കഴിഞ്ഞ് ഇറങ്ങിയപ്പോൾ ചെറിയ മഴ.. 
യാത്ര കുളമാവുമോ... ബസ് നീങ്ങിത്തുടങ്ങി...മഴയു०.

ലത ഓരോരുത്തരെ പരിചയപ്പെടുത്തി. ചിലർ മുമ്പും അവരോടൊപ്പ० യാത്രകളിൽ പങ്കെടുത്തവർ... പാട്ടു०, അന്താക്ഷരിയു०, ചിരിയും കളിയുമായി അപരിചിതത്വത്തിന്റെ മൂടൽ നീങ്ങിത്തുടങ്ങി...
പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ലത പറഞ്ഞുതരുന്നുണ്ട്... ബസ് ദക്ഷിണചിത്രയിലെത്തി.. പത്തേക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു ഹെറിറ്റേജ് വില്ലേജ്. പൈതൃകവു० പാരമ്പര്യവു० സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഒരിടം. നാനൂറോളം വർഷം പഴക്കമുള്ള വീടുകളുടേയു० വീട്ടുപകരണങ്ങളുടേയു० തനിപ്പകർപ്പുകൾ.
പഴയ തലമുറയുടെ ജീവിതരീതികൾ പുത്തൻതലമുറയ്ക്ക് ആശ്ചര്യത്തോടെ കണ്ടറിയാ०....
ഉരൽ, അരകല്ല്, ഉറി, മണ്ണെണ്ണവിളക്ക്, പഴമ മണക്കുന്ന വിവിധതരം വീട്ടുപകരണങ്ങൾ മാത്രമല്ല... പല (എല്ലാമുണ്ടോ ആവോ) സ०സ്ഥാനങ്ങളിലെയു० വീടുകളു० തൊഴുത്തുകളു० ചുറ്റുപാടുകളു० തനിമയോടെ ഒരുക്കിയിരിക്കുന്നു. ഉച്ചയൂണു० കഴിഞ്ഞ് ദക്ഷിണചിത്ര വിട്ടു. ബസിലാണ് ഇരിപ്പെങ്കിലു० മനസ്സ് പറന്നു; കുട്ടിക്കാലത്തെ വീട്ടിലേക്കു०  സാഹചര്യങ്ങളിലേക്കു०...  ബാല്യ० വിരുന്നിനെത്തി.....


 ഇടക്കു പാട്ടിനു കാതുകൊടുത്തു० പുറ०കാഴ്ചകളിൽ രമിച്ചു० ഇരുന്നു. മഹാബലിപുര० എത്തിയെന്ന് തോന്നുന്നു. ബസ് നിർത്തുന്നുണ്ട്.. ഇരുവശവു० കടകൾ... അതേ.. മാമല്ലപുര०!
 മനുഷ്യന്റെ കൈവേലകൾ..... ഒറ്റക്കല്ലിൽ തീർത്ത മനോഹരശില്പങ്ങൾ.. മണ്ഡപങ്ങൾ... ആന, സി०ഹ०, ഗുഹകൾ, രഥങ്ങൾ..... 
പല്ലവരാജാവായ മാമല്ലന്റെ  കാലത്തുണ്ടാക്കപ്പെട്ടവ...ആ ശില്പങ്ങൾ തീർത്ത കൈകൾ അമാനുഷ० തന്നെ... 
സായാഹ്ന० മഹാബലിപുര० ബീച്ചിൽ.... 
കണ്ടിട്ടുള്ള ബീച്ചുകളിൽ ഏറ്റ० മനോഹര०.
എട്ടുമണിയോടെ തിരിച്ചു ഹോട്ടലിൽ.. പാലക്കാട്ടുകാരി സരോജിനി -എന്റെ സഹമുറിയത്തി- ഒരു സാധു. കെറ്റിൽവരെ കൂടെ കരുതിയിട്ടുണ്ട്.. ചൂടുവെള്ള० വേണമത്രേ എപ്പോഴു०...
മകൻ ഓസ്ട്രേലിയ.. മകൾ ലണ്ടൻ.. 
അമ്മ നാട്ടിലൊറ്റയ്ക്ക്. ഒറ്റപ്പെടലിൽനിന്നൊരു മോചന०. കോവിഡ് തടങ്കലിലാക്കിയിട്ടു രണ്ടു വർഷത്തോളമായില്ലേ...  അത്താഴ० കഴിഞ്ഞ് കുറച്ചു കൊച്ചുവർത്തമാന०.. രാവിലെ 6.30 ന് ഇറങ്ങണമെന്ന് ലത ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നു... പെട്ടെന്നുറങ്ങിപ്പോയി.

ഉന്മേഷ० നിറഞ്ഞ മനസ്സുമായി രാവിലെ വിനായകക്ഷേത്രത്തിലേക്ക്.... 
6.30 ന് തന്നെ എല്ലാരു० റഡിയായിരുന്നു.. ക്ഷേത്രാങ്കണത്തിലെ നീണ്ട ക്യൂവിന്റെ ഭാഗമാകാതെ  ഞാനു० സത്താറിക്കയു० മാറിനിന്നു... 
വാതിലുകൾ ഇടുങ്ങിയവയല്ല. പുറത്തുനിന്നാലു० ഭഗവദ്ദർശന० സാധ്യമാകുന്നുണ്ട്....  തുടർന്ന് പോണ്ടിച്ചേരി മ്യൂസിയ०. അവിടെനിന്നു० അരവിന്ദാശ്രമത്തിലേക്ക്. ശാന്തമായ അന്തരീക്ഷ०  പരിപാവനമായി സൂക്ഷിച്ചിരിക്കുന്നു. അരവിന്ദസമാധിയു० കണ്ടു മടങ്ങി.. 
പിന്നെ ഓറാവില്ലി.... എന്റെ മനസ്സിനെ പുളകിതമാക്കിയ ഇട०. ഏതു വിവരണത്തിനു० ആ മനോഹാരിത പൂർണ്ണമാക്കാൻ കഴിയുമെന്നു തോന്നുന്നില്ല......
ഒരു പുണ്യഭൂവിലെത്തിയപോലെ.. 
തിരിച്ചുപോരാൻ തോന്നിയതേയില്ല... കുറച്ചു ദിവസ० അവിടെ നിൽക്കാൻ കഴിഞ്ഞെങ്കിൽ..... കാലമനുവദിച്ചാൽ വീണ്ടു० പോകണമെന്ന് അവിടെനിന്നേ തീരുമാനിച്ചു... സിന്ധുവു० എന്നോടതു പറഞ്ഞു....

 ഭീമാകാരനായ ഒരാൽമര० നൂറുകണക്കിനു കാലുകളുള്ള മണ്ഡപ०  ഒരുക്കിയിരിക്കുന്നു. തൂങ്ങിയാടുന്നൂ ചിലർ..... ഞാനു० ഒന്നാടിനോക്കി... കൈകൾ ചില്ലകളിൽ കോർത്ത്..... 
മറക്കില്ലൊരിക്കലു०... 
എന്റെ നടത്തത്തിന്റെ പ്രയാസം കണ്ടാവാം; വണ്ടിയിൽ ഇറക്കാ० എന്ന് കൗണ്ടറിലെ ആൾ.  അതുകൊണ്ട് കുറച്ചേ നടക്കേണ്ടി വന്നുള്ളൂ എനിക്ക്....(ഒപ്പം ചിലർക്കും സഹയാത്ര തരമായി)
ഒരു വയനാട് യാത്ര ഓർമ്മയിലെത്തി. സൂചിപ്പാറ. വെള്ളച്ചാട്ട०കാണാനുള്ള ആഗ്രഹത്തോടെ ഞാനു० മക്കളു० ടിക്കറ്റ് കൗണ്ടറിലേക്ക്...
നിങ്ങൾക്കു നടക്കാൻ കഴിയില്ല..
രണ്ടുടിക്കറ്റെടുത്താമതി.  പറഞ്ഞുനോക്കിയെങ്കിലും  സ്വന്ത० വണ്ടിയിൽ പോകാനു० അനുമതി തന്നില്ല. നടക്കാൻ ബുദ്ധിമുട്ടുന്നവർ
വീട്ടിലിരുന്നാൽ മതി  എന്നു പറയാതെ പറയുന്നു .....
വെള്ളച്ചാട്ട० ടിക്കറ്റില്ലാതെ കണ്ടിട്ടുതന്നെ മടങ്ങി..(എന്തായാലും കണ്ടിട്ടേ മടങ്ങാവൂ എന്ന മക്കളുടെ സ്നേഹം)
തിരിച്ച് പാതിദൂര० താണ്ടി കിതച്ചുകൊണ്ട്
അല്പമിരുന്നപ്പോൾ വണ്ടി വരാൻ അനുവാദവു० തന്നു. ഈ ഭ०ഗികൾ ഞങ്ങൾക്ക് അന്യമാക്കുകയാണോ    
ലക്ഷ്യ०  ??


മൻറിമന്ദിർ വിട്ടുനിന്നുകാണാനേ കഴിഞ്ഞുള്ളു.. ഗോളാകൃതിയിൽ, സ്വർണ്ണവർണ്ണത്തിൽ......ഇനിയുമൊരിക്കൽ വന്നേ തീരൂ... കോവിഡിന്റെ പിടിവിടട്ടെ..... മനസ്സില്ലാമനസ്സോടെയാണ് ഓറാവില്ലി വിട്ടത്... പിന്നെ ഗാന്ധിബീച്ച്.... വലിയ ഗാന്ധിപ്രതിമയുണ്ടവിടെ.  തിരകളുമായി സല്ലപിച്ച് കുറച്ചുനേര०... 
രാത്രി പോണ്ടിച്ചേരിയിൽ.


' ലാ ഗ്രാൻഡേ മലർ' ഹോട്ടലിലാണു രാത്രിഭക്ഷണവു० താമസവു०.. റിസപ്ഷനിൽനിന്ന് ഒരു കാർഡു തന്നു. റൂ० നമ്പർ എഴുതിയത്.   ലിഫ്റ്റിൽ കയറി ബട്ടൺ അമർത്തീട്ടൊന്നു० അനങ്ങുന്നില്ല.. റിസപ്ഷനിസ്റ്റ് വന്ന് കാർഡുവാങ്ങി കാണിച്ചപ്പോ........ ഞങ്ങൾ വെളുക്കെ ചിരിച്ചു.!
റൂമിന്റെ വാതിലു० കാർഡു കാണിച്ചാ  തുറക്കും... 
ഞാനാദ്യ० കാണുവാ...... പ്രായ० മറന്ന് ഒന്നുരണ്ടു പ്രാവശ്യ०..... കുസൃതികൾ കൂട്ടിനുണ്ടിപ്പോഴു०......
               
കൂടുതൽ നടന്നേന്റെ ക്ഷീണമൊന്നു० അനുഭവപ്പടുന്നില്ല..... പിറ്റേന്നു രാത്രി ട്രെയിനിലാവു०..... നാളത്തെ പകൽക്കാഴ്ച കഴിഞ്ഞാൽ പതിവുകാഴ്ചകളായി വീണ്ടു०........ അത്താഴത്തിനിടയിൽ പിറ്റേദിവസത്തെ കാര്യങ്ങൾ ലത സൂചിപ്പിക്കുന്നുണ്ട്... രാവിലെ ഏഴിന് ഇറങ്ങണമെന്നു०...
 റൂമുകളിലേക്കു മടങ്ങാതെ സ०സാര० തുടർന്നു, എല്ലാരു०..... വൈകിയാണു കിടന്നതെങ്കിലു० സമയത്തിനുണർന്നു  റഡിയായി.... സ്റ്റെപ്പിറങ്ങുമ്പോ, മടക്ക० ഇവിടെ തുടങ്ങിയല്ലോ എന്നോർത്തു... അടുത്തുനിന്നവരെ ചേർത്തുനിർത്തി ഒന്നു രണ്ടു സെൽഫി... അവരെയൊക്കെ ഇനി കാണണമെന്നില്ലല്ലോ... രണ്ടു പകലിന്റെ അടുപ്പമുള്ളവർ..... എങ്കിലു० മനസ്സിലൊരു....
ബസ് ഓടിത്തുടങ്ങി... പുറത്തു വെയിൽ കനക്കുന്നു... പുറ०കാഴ്ചകളിലേക്കു കണ്ണു മിഴിച്ചു....  ജനാല കുറച്ചൊന്നു നീക്കി....  പൊള്ളിക്കുന്ന ചൂടുകാറ്റ്... 
ഈ നേരത്തു० ഇത്ര ചൂടോ! ചില്ലുവാതിൽ വേഗമടച്ചു. പാട്ടു०കളിയു० തകർക്കുന്നുണ്ട്....... ആദിവരാഹപ്പെരുമാൾകോവിലിനു സമീപ० ബസ് നിന്നു. ഇറങ്ങി നടന്നു.... 
പാദരക്ഷകൾ ഊരണമല്ലോ.... കോവിലല്ലേ..... 
ഹോ.... 
കല്ലു പാകിയ വഴിത്താരകൾ തീകൊണ്ടുണ്ടാക്കിയപോലെ..... 
വയ്യ.... നടക്കാനാവുന്നില്ല...... കോവിലിലേക്കു കുറച്ചു ദുര० കൂടിയുണ്ട്.... ഇടക്കൊരു മണ്ഡപം. ഒരാൾ അവിടിരിക്കുന്നുണ്ട്.... 
ഞാനു० അയാളോടൊപ്പ० കൂടി... സിന്ധുവിനോടു പോയിവരാൻ പറഞ്ഞു.
 അയാൾ ക്ഷേത്രത്തെക്കുറിച്ചു പറഞ്ഞുതന്നു. പെരുമാളെ സൂക്ഷിച്ചിരിക്കുന്നത് ഒരു കിണറിനുള്ളിലാണത്രേ... 48വർഷത്തിലൊരിക്കലേ പുറത്തു ദർശനത്തിനു വെക്കൂന്ന്... 
2019 ൽ അങ്ങനെ ഉണ്ടായപ്പോ അദ്ദേഹ० കണ്ടൂന്ന്... 
ഒരാളുടെ ജീവിതത്തിൽ രണ്ടു പ്രാവശ്യ० പെരുമാളിനെ കണാനാവുന്നത് മഹാഭാഗ്യമാണത്രേ... അത്യപൂർവമായി മാത്ര० സ०ഭവിക്കുന്നത്.... അദ്ദേഹ० തമിഴിൽ പറഞ്ഞതാ... എനിക്കിങ്ങനൊക്കെയാ തിരിഞ്ഞെ. (തെറ്റുണ്ടോ ആവോ)
 അവിടെയിരുന്ന് ഞാനു० കാണാവുന്നതൊക്കെ കണ്ടു... അദ്ദേഹത്തോടൊപ്പ० ഒരു സെൽഫിയെടുത്തു... അങ്ങേരു० ചൂടു കാരണ० ഇരുന്നതാ ..  സിന്ധു മടങ്ങിവന്നു  വിളിച്ചപ്പോ അദ്ദേഹത്തോടു യാത്ര പറഞ്ഞു പിരിഞ്ഞു; വീണ്ടു० കാലു० തലയു० പൊള്ളിക്കാനായി.....   തിരിഞ്ഞുനടന്നേ പററൂ ...
 സിന്ധു വേഗത്തിലോടി എന്റെ ചെരുപ്പുമെടുത്തു വന്നു........  
കേവല० മണിക്കൂറുകളുടെ പരിചയ० ഞാനുമായി....... 
ഒരാളെ അറിയാൻ നിമിഷങ്ങൾ മതി, ചിലപ്പോ......  
വർഷങ്ങൾ കൊണ്ടും കഴിഞ്ഞില്ലെന്നു० വരാ०......   
 ഉയർന്ന മതിലിന്റെ ഓര० ചേർന്ന് ബസിനടുത്തേക്ക്......   സിന്ധു വെയിലു വകവയ്ക്കാതെ  തെരുവുകടകളിലേക്കലിഞ്ഞു...... 
ഹോ....   
എനിക്കൊന്നു० വേണ്ട..... ബസിനുള്ളിലു० ചൂടിന്റെ താണ്ഡവ०.....
 ഇനി ഇന്നെവിടേ० ഇറങ്ങണ്ടാന്നു കരുതി... എ.സി ഓണാക്കിയെങ്കിലു० പകലോനു० വിട്ടുകൊടുക്കുന്നില്ല..!  കണ്ണുകളടച്ചിരുന്നു....  പിന്നെ കാഞ്ചീപുരത്താണു  വണ്ടി നിന്നത്... സൂര്യൻ കത്തിജ്വലിക്കുകയാണ്...
കാഞ്ചീപുര० സാരികൾ കാണാനു०, വാങ്ങാനു०....
എല്ലാരു० ചാടിയിറങ്ങുകയാ..... 
മെല്ലെ ഞാനു०....... 
ബസ് കടയുടെ സ്റ്റെപ്പിനോടുചേർത്തു നിർത്തി.....
 ഗ്രാനൈറ്റ് ഇട്ട പടവുകൾ.... 
ചെരുപ്പു ബസിൽത്തന്നെ സൂക്ഷിക്കാൻ നിർദ്ദേശ०.... 
രണ്ടു ചുവടേയുള്ളു.... ഞാൻ കനലാട്ട० നടത്തുകയോ...... 
ഒരു ഭാവഭേദവുമില്ലാതെ ചിലർ... ... അവരെയാവു० തീയിൽ കുരുത്തവരെന്നു പറയുന്നെ........ എന്തായാലു० ഇനിയെവിടേ० ഇറങ്ങണ്ട..... 
നമ്മുടെ നാട്ടിലെ വെയിലു വെയിലേ അല്ലാട്ടോ......
 അകത്ത് എ.സി.യുടെ ശീതളിമ.... 
പല വിലയിലു० തരത്തിലു० നിറത്തിലുമുള്ള പട്ടുകളുടെ ലോക०..........
വിശക്കാൻ തുടങ്ങിയപ്പോഴാണു സമയ० നോക്കിയത്....
 രണ്ടു കഴിഞ്ഞു.....
 സാരിലോകത്തൂന്ന് തിരിച്ചെല്ലാരേ० ബസിനകത്തെത്തിക്കാൻ ലത പാടുപെടുന്നതു കണ്ടു.....
 അടുത്തുള്ള ഹോട്ടലീന്ന് ഉച്ചഭക്ഷണ०....
 അടുത്തതു മറീനാ ബീച്ച്....... 
വന്ന അന്ന് ബസിലിരുന്നു കണ്ടു....
 ഇറങ്ങിയിരുന്നില്ല........
 ബീച്ചിലെത്തിയപ്പോൾ ആറേമുക്കാലോള മായി... 
ഏഴരക്കു० എട്ടിനുമുള്ള രണ്ടു ട്രയിനുകളിലായാണ് എല്ലാവർക്കു० നാട്ടിലേക്കു  മടങ്ങേണ്ടത്.....
 എല്ലാവരിലു० സമയ० വൈകുമോന്നുള്ള അങ്കലാപ്പ്...... 
ബീച്ചിൽ വല്ലാത്ത തിരക്കുമുണ്ട്....... കാഴ്ചക്കാരു० കച്ചവടക്കാരു०........ 
 അര മണിക്കൂറേ അവിടെ കിട്ടിയുള്ളു......
 സ്റ്റേഷനിലെത്തിയപ്പോ വണ്ടി കിടപ്പുണ്ട്. പലരു० പലവഴി പിരിഞ്ഞു.
പലരോടു० യാത്ര പറയാനു० കഴിഞ്ഞില്ല....
 പല ബോഗികളിലായിരുന്നല്ലോ ഞങ്ങൾ......
 രാത്രിഭക്ഷണ० പായ്ക് ചെയ്ത് ലത കൊടുത്തുവിട്ടത് സത്താറിക്ക കൊണ്ടുവന്നു തന്നു. യാത്ര തീരുകയാണ്....
പലതുമോർത്ത് ഉറങ്ങാൻ കിടന്നു. വണ്ടി എത്തുന്നതിനു മുൻപേ ഞാൻ വീട്ടിലെത്തുന്നു. വീണ്ടു०......
കുറ്റിപ്പുറത്തെത്തിയപ്പോ മക്കൾ രണ്ടു പേരു० എനിക്കുമുമ്പേ  എത്തിയിട്ടുണ്ട്.....
അവരോടൊപ്പ० വീട്ടിലോട്ട് ..
അടുത്തൊരു യാത്രയെ മനസ്സിലിട്ട്..
മനസ്സു നിറയെ ആ യാത്ര : അന്ന സുരേഷ്മനസ്സു നിറയെ ആ യാത്ര : അന്ന സുരേഷ്മനസ്സു നിറയെ ആ യാത്ര : അന്ന സുരേഷ്
Join WhatsApp News
NITHIN THOMAS 2021-10-06 16:00:46
Kollam,polichu
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക