Image

അംശവടി (കവിത: ജോയ് പാരിപ്പള്ളില്‍)

Published on 05 October, 2021
അംശവടി (കവിത: ജോയ് പാരിപ്പള്ളില്‍)
കിട്ടിയാലൊട്ടുമേ ചേതം വരാത്തൊരു
അംശവടിയുണ്ട് വില്‍പ്പനയ്ക്കായി
നാണയത്തുട്ടുകള്‍ കോടിയായി നല്കിയാല്‍
യൂദാസിന്‍ നാണയം സ്വന്തമാക്കാം!!!

ആര്‍ത്തിപിടിച്ചവര്‍ കൊള്ളപ്പലിശക്കാര്‍
കള്ളപ്പണവുമായി ഓടിയെത്തി
അത്ഭുതമുള്ള വിളക്കിന്ന് വാങ്ങണം
അംശവടി സ്വന്തമാക്കീടേണം...!!!

വ്യാപാരി വല്ലഭവന്‍ വാഗ്‌ധോരണിക്കാരന്‍
വലവീശി കോടികള്‍ കൊയ്‌തെടുത്തു
ആഘോഷരാവുകള്‍ ആര്‍ഭാടമാക്കുവാന്‍
കോടികള്‍ വാരിയെറിഞ്ഞുടച്ചു...!!!

സുന്ദരിമാര്‍ നൃത്തം ചവിട്ടുന്നു
മന്ത്രിപ്പരിഷകള്‍ കെട്ടിപ്പിടിക്കുന്നു
താരരാജാക്കന്മാര്‍ പൊട്ടിച്ചിരിക്കുന്നു
ഏമാനന്മാരവര്‍ കൈകൂപ്പി നല്‍ക്കുന്നു

ടിപ്പു ഇരിക്കാത്ത സിംഹാസനത്തില്‍
ടിപ്പുവിനെപ്പോലെ വാളുംപിടിച്ചവര്‍
കാലിന്മേല്‍ കാലേറ്റി ചിത്രം പിടിക്കുന്നു
വിഡ്ഡിക്കൊശവന്മാര്‍ പുംഗവന്‍മാരവര്‍

മാവേലി വാണൊരു കേരള മണ്ണിലെ
കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും
കേള്‍ക്കുമ്പോള്‍ എന്തൊരു കഷ്ടമേ!
നമ്മുടെ സാക്ഷരകേരളം സുന്ദര കേരളം'

Join WhatsApp News
Sudhir Panikkaveetil 2021-10-07 13:44:09
ഇത്തരം കവിതകൾ/പദ്യങ്ങൾ ഇപ്പോൾ കാണുന്നതേ ഇല്ല. അതുകൊണ്ട് വളരെ കൗതുകത്തോടെ വായിച്ചു, ആസ്വദിച്ചു കവിയും വായനക്കാരനും പരസ്പരം മനസ്സിലാക്കുന്ന ഒരു ആസ്വാദനതലത്തിലേക്ക് ഈ കവിത കൊണ്ടുപോകുന്നു. ഒരു ആനുകാലിക വിഷയം അൽപ്പം നർമ്മത്തോടെ ആവിഷ്കരിച്ചിരിക്കയാണ്. അഭിനന്ദനം ശ്രീ ജോസ് പാരിപ്പള്ളിൽ.വീണ്ടും കവിതകളുമായി വരിക.
Raju Mylapra 2021-10-07 15:44:10
Enjoyed.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക