Image

ആര്യന്‍ ഖാനെ തള്ളുകയല്ല, ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്ന് ബോളിവുഡ്

Published on 04 October, 2021
 ആര്യന്‍ ഖാനെ തള്ളുകയല്ല, ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്ന് ബോളിവുഡ്
മുംബൈ: ഷാറൂഖിന്റെ മകന്‍ ആര്യന്‍ ഖാനെ തള്ളുകയല്ല, ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്ന് ബോളിവുഡ്. ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ എന്‍സിബി കസ്റ്റഡിയിലായ ആര്യന്‍ ഖാന് ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് സിനിമാലോകമെത്തി.

സംവിധായകന്‍ ഹന്‍സല്‍ മേത്ത, നടി പൂജ ഭട്ട്, സുചിത്ര കൃഷ്ണമൂര്‍ത്തി, സുനില്‍ ഷെട്ടി ഉള്‍പ്പെടെയുള്ളവര്‍ ഷാരൂഖ് ഖാന് പിന്തുണയുമായി എത്തി. ആര്യന്‍ ഖാന്റെ അറസ്റ്റില്‍ ഷാരൂഖ് ഖാനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സിനിമാപ്രമുഖരുടെ ഇടപെടല്‍.

ആര്യന്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അടുത്ത സുഹൃത്തും ബോളിവുഡ് താരവുമായ സല്‍മാന്‍ ഖാന്‍ ഷാറൂഖിനെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തില്‍ സന്ദര്‍ശിച്ചിരുന്നു. മറ്റ് സഹപ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ ഷാറൂഖ് ഖാന് പിന്തുണയുമായി എത്തി. ഷാറൂഖിനെ പിന്തുണച്ച ഹന്‍സല്‍ മേത്ത കുട്ടി പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുമ്ബോള്‍ അതിനെ രക്ഷിതാവിന് കൈകാര്യം ചെയ്യേണ്ടി വരുന്നത് വേദനാജനകമാണെന്നും നിയമം വിധി പ്രഖ്യാപിക്കുന്നതിന് മുന്‍പ് ആളുകള്‍ മുന്‍വിധിയോടെ പെരുമാറുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും ട്വിറ്ററില്‍ കുറിച്ചു.

1996ല്‍ പുറത്തിറങ്ങിയ ചാഹത്ത് എന്ന ചിത്രത്തില്‍ ഷാറൂഖ് ഖാനൊപ്പം അഭിനയിച്ച നടി പൂജ ഭട്ട് താന്‍ ഷാറൂഖ് ഖാനൊപ്പം നില്‍ക്കുന്നുവെന്നും ഇതും കടന്നുപോകുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു. ഒരു രക്ഷിതാവിന് കുട്ടി അപകടത്തിലാകുന്നത് കാണുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ളതായി മറ്റൊന്നുമില്ലെന്നും ഷാറൂഖിന്റെ കുടുംബത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും 'കഭി ഹാന്‍ കഭി നാ' ചിത്രത്തില്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ച സുചിത്ര കൃഷ്ണമൂര്‍ത്തി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക