Image

ശാന്തിക്കായിനിയെവിടേയ്ക്ക് ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 04 October, 2021
ശാന്തിക്കായിനിയെവിടേയ്ക്ക് ? (കവിത: മാര്‍ഗരറ്റ് ജോസഫ്)
മനുഷ്യാ, നീയൊരു പോരാളി,
ഉയിരിന്‍ വഴിയില്‍ സഞ്ചാരി,
മതിയില്ലാതെ മദിക്കുന്ന-
മൃതിയത്രെ നിന്‍ സഹചാരി.
വിധിവിളയാട്ടങ്ങള്‍ വാഴ്‌വില്‍,
നിരന്തരം വിലപേശുമ്പോള്‍,
ലാഭവുമൊപ്പം നഷ്ടവുമായ്,
പ്രതിസന്ധികളില്‍ മുന്നോട്ട്.....
മാരകവ്യാധി, മഹാമാരി,
ആളിപ്പടരുമരങ്ങത്ത്,
കരിന്തിരികത്തിത്തീരുന്നു,
ദൃശ്യങ്ങള്‍ ഭയദായകമായ്;
നാളുകള്‍, നാളുകള്‍ നീളുന്നു,
വേര്‍പാടിന്‍ വേദനയോടെ;
വായ്മൂടികളിലൊളിപ്പിച്ച,
പുഞ്ചിരിയമ്പേ ദയനീയം;
മോഹക്കുതിരകള്‍ പായുന്ന,
മായിക വീഥിയിലെപ്പോഴും,
ഭോഗങ്ങള്‍ മൃഗതൃഷ്ണകളായ്,
മാടിവിളിക്കുന്നതിദൂരെ....
ആയുസു മുഴുവന്‍ ഹോമിച്ച്,
നേട്ടങ്ങള്‍ക്കലയുന്നവരെ,
ശ്വാസക്കുമിളയില്‍ മിന്നുന്ന,
മിന്നാമിനുങ്ങുകള്‍ നാമെല്ലാം;
എന്തുമടിച്ചമര്‍ത്തീടുവാന്‍,
വെമ്പും വീരപരാക്രമികള്‍,
അകലം പാലിക്കുന്നവരായ്,
ശാന്തിക്കായിനിയെവിടേയ്ക്ക്?
മുക്തിക്കവകാശികളാക്കി,
മഹത്തരമാമേതോശക്തി,
സൃഷ്ടികളൊക്കെയവിടേയ്ക്ക്,
അനന്തമാകുമരങ്ങത്ത്....
ജീവിതമേകും യാതനയില്‍,
ഇടറിവീഴാത്താവരായി,
സ്‌നേഹവെളിച്ചം തെളിയിച്ച്,
യാനം തുടരാമനുവേലം;
സൗഭാഗ്യത്തിലഹന്തമൂത്ത്,
സ്വന്തം കഴിവുകളെന്നോര്‍ത്ത്,
സഹജന്മാരെ നിന്ദിച്ചിടാന്‍,
തന്ത്രങ്ങള്‍ മെനയും മനസ്സേ,
സത്യത്തിന്‍ വഴികാട്ടികളായ്,
സല്‍പ്രവര്‍ത്തികളില്‍ മുഴുകാം;
സ്വത്വം നിഹനിക്കാത്തവരായ്,
ജന്മം സാര്‍ത്ഥകമാക്കുകനാം.



Join WhatsApp News
Sudhir Panikkaveetil 2021-10-06 12:18:43
മനുഷ്യൻ പോരാളിയും ജീവന്റെ വഴിയിലെ സഞ്ചാരിയുമൊക്കെ ആണെങ്കിലും അവന്റെ സഹചാരി മൃത്യുവാണ്‌. ഉയിരിന്റെ വഴി എന്ന് പറയുമ്പോൾ സുഗമമായി സഞ്ചരിക്കുന്നുവെന്നും അർഥം പറയാം. ഉയിരിന്നു സ്വരാക്ഷരങ്ങൾ എന്നര്ഥമുണ്ടല്ലോ. സ്വരാക്ഷരങ്ങൾ ശ്വാസകോശത്തിൽ നിന്നും വായുവിന് ഞെരുക്കമില്ലാതെ ഉച്ചരിക്കാവുന്നവയാണ്. അതുകൊണ്ട് മനുഷ്യർ കരുതുന്നത് അവൻെറ സഞ്ചാരം സുഖമാണ് എല്ലാം വെട്ടിപിടിക്കാമെന്നാണ്. പക്ഷെ കൂടെ നടക്കുന്നവൻ മരണമാണ്. എന്നിട്ടും മോഹാകുതിരകൾ അവൻെറ മായിക വീഥിയിൽ പായുന്നു. അവൻ അതിനുപുറകേ പോകുമ്പോൾ അറിയുന്നില്ല ശ്വാസക്കുമിളയിൽ മിന്നുന്ന മിന്നാമിനുങാണവൻ എന്ന്. മനുഷ്യന്റെ കപട പുഞ്ചിരി തിരിച്ചറിയുന്ന സൃഷ്ടാവ് അവന്റെ വായ് മൂടികെട്ടിക്കുന്നു എന്നും കവി ധ്വനിപ്പിക്കുമ്പോൾ കവിതയിലെ വളരെ പ്രധാനപ്പെട്ട വരികളാണ് ഇപ്പോൾ മഹാമാരി മനുഷ്യരിൽ അടിച്ചെല്പിച്ച അകലം പാലിക്കലിനെ കുറിച്ച് കവയിത്രിയുടെ പരാമർശം. എല്ലാം അടിച്ചമർത്തുന്ന മനുഷ്യാ അകലം പാലിച്ച് നിൽക്കുന്ന നീ നിസ്സഹായാനാണ്. അതുകൊണ്ട് ശാന്തിക്കായി അന്വേഷണം തുടങ്ങുമുമ്പ് സത്യത്തിൻ വഴികാട്ടികളാകുക, സൽപ്രവർത്തികളിൽ മുഴുകുക, സ്വന്തം വ്യക്തിത്വം നശിപ്പിക്കാതെ ജീവിതം അർത്ഥവത്താക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക