Image

മോശയുടെ വടി (രാജു മൈലപ്ര)

Published on 03 October, 2021
മോശയുടെ വടി (രാജു മൈലപ്ര)
"അമ്മാമ്മേ കോവിഡ് വന്നതായിരുന്നോ?'
'ഇല്ല മോളേ, അവന്‍ കഴിഞ്ഞ ഓണത്തിന് വന്നതാ- അതിപ്പിന്നെ ഒരെഴുത്തുപോലും അയച്ചിട്ടില്ല. എന്നാ പറ്റിയെന്ന് ആര്‍ക്കറിയാം?'
'അതല്ല അമ്മാമ്മേ- കോവിഡ്- കോവിഡ് വന്നാരുന്നോ എന്നാ ചോദിച്ചത്'
'കോവിഡോ? എന്റെ മോളെ എനിക്കയാളെ അറിയില്ല. ആരാ മോനേ കോവിഡ്?'
'അമ്മാമ്മേ, അവളു കൊറോണയുടെ കാര്യമാ ഈ പറേന്നത്. കൊറോണ വരാതിരിക്കാനുള്ള വാക്‌സിനേഷന്‍ എടുത്താരുന്നോ?'
'എന്റെ പൊന്നുമക്കളെ, ഓരോരുത്തര് ചുമ്മാ വേണ്ടാതീനംപറേന്നതാ. ഞാനൊന്നും എടുത്തിട്ടുമില്ല, ചെയ്തിട്ടുമില്ല. അവര് വരുവോ, പോകുവോ എന്തെങ്കിലും ചെയ്യട്ടെ! എനിക്കെന്നാ ചേതം? അല്ലേലും ഈ കൂടോത്രമൊന്നും ദൈവമക്കള്‍ക്ക് ചേര്‍ന്നതല്ല.

സംഭാഷണം എന്റെ ഭാര്യയും, ഞങ്ങളുടെ നാട്ടുകാരി അന്നമ്മച്ചേടത്തിയും തമ്മിലാണ്. ചേട്ടത്തിക്ക് എണ്‍പതില്‍ കുറയാത്ത പ്രായം കാണും. വളരെ മെലിഞ്ഞ്, ഉയരം കുറഞ്ഞ ശരീര പ്രകൃതം. കാഴ്ചയില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഒറ്റയ്ക്കാണ് താമസം.

പത്തനംതിട്ടയില്‍ നിന്നു വരുന്നവഴി മൈലപ്രാ സുനിലിന്റെ ബേക്കറിയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോഴാണ് അന്നമ്മച്ചേടത്തിയെ കാണുന്നത്.

'എന്താ മോനേ! നിന്റെ ഭാര്യയ്ക്ക് നല്ല സുഖമില്ലേ? ആശുപത്രിയില്‍ പോയിട്ട് വരികയാണോ?
ചോദ്യം എന്നോടാണ്.
'ഏയ് അവള്‍ക്ക് കുഴപ്പമൊന്നുമില്ല. എന്താ അമ്മാമ്മ അങ്ങനെ ചോദിച്ചത്?'
'അല്ല മോനേ, വാ തുണികൊണ്ട് മൂടിക്കെട്ടി വച്ചിരിക്കുന്നതുകൊണ്ട് ചോദിച്ചതാ?'
'ഓ, അതോ, അവള് കുറച്ച് കൂടുതല്‍ സംസാരിക്കുന്നത് കൊണ്ട് ഞാന്‍ തന്നെ ഒരു മാസ്ക് കെട്ടി വച്ചതാ'.
ഞാനൊരു വിലകുറഞ്ഞ തമാശ പറഞ്ഞത് എന്റെ ഭാര്യയ്ക്കത്ര പിടിച്ചില്ലെന്നു തോന്നുന്നു.
"ദേ, എന്നേക്കൊണ്ടൊന്നും പറേപ്പിക്കരുത്. മാസ്ക് ഇങ്ങേരുടെ മറ്റേട....'
അപ്പോഴേയ്ക്കും സുനിലിന്റെ ബേക്കറിയില്‍ നിന്നും ബ്രൂക്കാപ്പിയുമായി ഡ്രൈവര്‍ അനില്‍ വന്നതുകൊണ്ട് അവള്‍ ആ വാചകം പൂര്‍ത്തീകരിച്ചില്ല.

ഞങ്ങളുകൊടുത്ത സ്‌നേഹ സമ്മാനം സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് 'മക്കളേ നിങ്ങള്‍ക്കുവേണ്ടി  ഞാന്‍ എന്നും പ്രാര്‍ത്ഥിക്കാം' എന്നു പറഞ്ഞുകൊണ്ട് അന്നമ്മച്ചേടത്തി നടന്നുനീങ്ങി.

****** ****** ******

എന്റെ മാവിമാരില്‍, സാറാ മാവി മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളൂ. മക്കളും കൊച്ചുമക്കളുമെല്ലാം വിദേശത്താണ്.
സഹായത്തിനായി വീട്ടില്‍ ഒന്നുരണ്ടു പേരുണ്ട്.
ആദ്യ ബാച്ചില്‍ തന്നെ വാക്‌സിനേഷന്‍ ലഭിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ടായിട്ടും, അത് തത്കാലം വേണ്ടായെന്നു തീരുമാനിച്ചു.
'കുറച്ചുപേരൊക്കെ എടുക്കട്ടെ! അതുകൊണ്ട് വല്ല ദോഷവുമുണ്ടോ എന്നറിഞ്ഞിട്ട് എടുത്താല്‍ പോരേ?' ദോഷം പറയരുതല്ലോ! തികച്ചും ന്യായമായ തീരുമാനം.

വാക്‌സിനേഷന്‍ പ്രോസസ് വളരെ മുന്നോട്ട് പോയിട്ടും, സാറാ മാവി തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോയില്ല.

'എന്റെ പൊന്നുമക്കളേ! എനിക്ക് ആവശ്യത്തിനുള്ള മുണ്ടും തുണിയുമെല്ലാം ഇഷ്ടം പോലെ പിള്ളേരിവിടെ വാങ്ങിച്ചുവച്ചിട്ടുണ്ട്. മറ്റു സാധനങ്ങളെല്ലാം ഇവിടെ നില്‍ക്കുന്ന പിള്ളേര് കൊണ്ടത്തരും. പിന്നെ, പള്ളിയില്‍ പോകാതെ തന്നെ, ടിവിയില്‍ കുര്‍ബാന കാണാം. വീടിനു പുറത്തോട്ട് പോയിട്ട് എനിക്കൊരു കാര്യവുമില്ല'.

പിന്നെ അധികം താമസിയാതെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ കിട്ടുമന്നല്ലേ പറേന്നത്. എല്ലാവരും എടുത്തുകഴിഞ്ഞാല്‍ പിന്നെ ഞാനെടുത്തില്ലെങ്കിലും കുഴപ്പൊന്നുമില്ലല്ലോ!'

സാറാ മാവി തന്റെ തീരുമാനത്തില്‍ പാറപോലെ ഉറച്ചു നില്‍ക്കുകയാണ്.

****** ****** ******

'അറിയാന്‍ മേലാണ്ടു ചോദിക്കുവാ- നിങ്ങള്‍ പാരമ്പര്യമായി പൊട്ടന്മാരാണോ?' അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജു മേനോന്റെ കഥാപാത്രം അയ്യപ്പനോട് ചോദിക്കുന്ന ഈ ചോദ്യം - ഇന്നത്തെ ചില വാര്‍ത്തകളും. ചാനല്‍ ചര്‍ച്ചകളും കാണുമ്പോള്‍ പലരോടും ചോദിക്കുവാന്‍ തോന്നിപ്പോകുന്നു.

സരിതയുടെ സോളാറും, സ്വപ്നയുടെ സ്വര്‍ണവും കടന്ന് ഇപ്പോള്‍ മോന്‍സന്‍ മാവുങ്കല്‍ എന്ന പുരാവസ്തു തട്ടിപ്പുകാരന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളില്‍ വരെ എത്തി നില്‍ക്കുന്നു.

പുരാവസ്തു തട്ടിപ്പിന്റെ 'ട്രെയിലര്‍' മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ. ജര്‍മ്മനി, അമേരിക്ക, ഗള്‍ഫ് മുതലായ രാജ്യങ്ങള്‍ ഉള്‍പ്പെട്ട 'വേള്‍ഡ് വൈഡ്' റിലീസ് അധികം താമസിയാതെതന്നെയുണ്ടാവും.

മോശയുടെ വടി, യൂദാസിന്റെ വെള്ളിക്കാശ്, യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയ ഭരണി, ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, ടിപ്പു സുല്‍ത്താന്റെ സിംഹാസനം എന്നുവേണ്ട ഈരേഴുപതിനാല് ലോകങ്ങളിലുമുള്ള വിലപിടിപ്പുള്ള പലതും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

മോന്‍സന്റെ മോഹനവാഗ്ദാന വലയത്തില്‍ വീണത് ചെറിയ നെത്തോലികളൊന്നുമല്ല. ഉയര്‍ന്ന പോലീസ് മേധാവികള്‍, രാഷ്ട്രീയ നേതാക്കന്മാര്‍, താര രാജാക്കന്മാര്‍, ആസ്ഥാന ഗായകര്‍ തുടങ്ങിയ വമ്പന്‍ സ്രാവുകളെ വരെ തന്റെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആസനങ്ങളില്‍ മോന്‍സണ്‍ ഉപവിഷ്ടരാക്കിയിട്ടുണ്ട്.

സംഗതി കളര്‍ഫുള്‍ ആണെങ്കില്‍ കൂട്ടത്തില്‍ ഒരു വനിതാരത്‌നം കൂടി വേണമല്ലോ! ഇവിടെയുമുണ്ട് ഒരവതാരം. ഈ പുലിക്കുട്ടിയുടെ മുന്നില്‍ സരിതയും, സ്വപ്നയുമെല്ലാം വെറും പൂച്ചക്കുട്ടികള്‍!

'കോപിക്കാറില്ല, പെണ്ണുകോപിച്ചാല്‍
ഈറ്റപ്പുലിപോലെ'

ചാനല്‍ ചര്‍ച്ചയില്‍ ഈ പെണ്‍കെടി, അവതാരകനോട് തട്ടിക്കയറുന്നത് കണ്ട പലരും, ഇരിപ്പിടത്തില്‍ നിന്നും തെറിച്ചുപോയെന്നാണ് പിന്നാമ്പുറ വാര്‍ത്ത.

ആളു ചില്ലറക്കാരിയൊന്നുമല്ല- "പ്രവാസി മലയാളി ഫെഡറേഷന്റെ' ലോക കണ്‍വീനറാണ്. പോരെങ്കില്‍ 'ലോക കേരള സഭ'യിലെ ഒരു പ്രധാന വ്യക്തിയും. പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍, സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന്,  അതിനു പരിഹാരം കാണുന്ന ഒരു നല്ല പൊതുപ്രവര്‍ത്തക- അവരെയാണ് 'ഇടനിലക്കാരി' എന്നും മറ്റും പറഞ്ഞ് താറടിക്കാന്‍ ശ്രമിച്ചത്.

അമേരിക്കയിലുമുണ്ട് 'ലോക കേരള സഭ'യില്‍ അംഗത്വമുള്ള ചിലര്‍. ഇവരൊക്കെ എങ്ങനെ ഈ സഭയില്‍ അംഗങ്ങളായി, ഇവരെ ആര് തെരഞ്ഞെടുത്തു, അമേരിക്കന്‍ മലയാളികളെ പ്രതിനിധീകരിക്കുവാന്‍ ഇവര്‍ക്കുള്ള യോഗ്യതയെന്താണ്- ഇതൊന്നും അവര്‍ക്ക് പോലും അറിയാമെന്നു തോന്നുന്നില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തുന്ന ഈ മാമാങ്കംകൊണ്ട് പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികള്‍ക്ക് നയാപൈസയുടെ പ്രയോജനം ഉണ്ടായിട്ടില്ല. സര്‍ക്കാരു ചെലവില്‍ രണ്ടുമൂന്നു ദിവസം പുട്ടടിച്ച് താമസിക്കാനൊരു സൗകര്യം.

ഏതായാലും കൂട്ടത്തില്‍ "പ്രാഞ്ചിയേട്ടന്മാര്‍' എന്നൊരു അപരനാമവും ഇവര്‍ക്ക് ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. മുട്ടനാടിന്റെ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന മുലകള്‍ പോലെയാണ് ഇവരുടെ സ്ഥാനം. വെറുതെ തൂക്കിക്കൊണ്ട് നടക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.

അമേരിക്കന്‍ മലയാളികള്‍ക്ക് നീറുന്ന വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ, അതു സ്വയം പരിഹരിക്കാനുള്ള കഴിവ് അവര്‍ക്ക് ഉണ്ട്.

അഥവാ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി പരിഹരിക്കേണ്ട വല്ല വിഷയവുമാണെങ്കില്‍ നമ്മുടെ തോമസ് ടി. ഉമ്മനെ ഒന്നു വിളിച്ചാല്‍ മതി. അദ്ദേഹം വേണ്ടപോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്തുതരും.



Join WhatsApp News
Pranchi 2021-10-03 09:37:15
മോൺസെൻറെ സിംഹ "ആസനത്തിൽ" ഇരുന്നു ഫോട്ടോ എടുക്കുവാൻ അമേരിക്കൻ പ്രാഞ്ചികൾ മറക്കരുത്. പ്രാഞ്ചൻമ്മാരുടെയും പ്രാഞ്ചികളുടെയും ഫോട്ടോസ് ഇ-മലയാളിൽ വരുന്നതു കാണുവാൻ കാത്തിരിക്കുന്നു.
Trumpan 2021-10-03 09:42:54
Maybe we have some Trump supporters in Kerala who still hesitate to take vaccine.
American 2021-10-04 00:59:19
ബഹുമാന്യരായ ജെയിംസ് കൂടലും, ജോൺ സി. വറുഗീസും ചാനൽ ചർച്ചയിൽ പങ്കെടുത്തു പറഞ്ഞത് 'ലോക കേരളാ സഭ' പോലുള്ള സംഘടനകളിൽ , അർഹതയില്ലാത്ത പലരും ചില ബന്ധങ്ങൾ ഉപയോഗിച്ച്, പല കള്ളനാണനയങ്ങളും കടന്നു കൂടിയിട്ടുണ്ടെന്നാണ്. ലോക കേരളാ സഭ അംഗമായ പൗലോസ് കറുകപ്പള്ളിയുടെ അഭിപ്രായത്തിൽ ഇത് കൊണ്ട് ഉദ്ദേശിച്ചതു പോലുള്ള പ്രയോജനം പ്രവാസികൾക്ക് ലഭിക്കുന്നില്ലെന്നാണ്. ജോസ് കാനാട്ടിനെ ഒരു ചാനൽ ചർച്ചക്ക് ക്ഷണിച്ചിട്ടു, അദ്ദേഹത്തെ വെറും കാഴ്ച്ചക്കാരനായി ഇരുത്തിയിട്ടു, അവതാരകൻ തന്നെ ചോദ്യവും ഉത്തരവും അഭിപ്രായവും പറഞ്ഞു അപമാനിച്ചു. മറുപിടി പറയുവാൻ ഉള്ള ഒരു സാമാന്യ മര്യാദ പോലും അവതാരകൻ വിനു ജോൺ നൽകിയില്ല. കേരളത്തിലെ ടെലിവിഷനുകളിൽ വൈകുന്നേറും നടക്കുന്ന ചർച്ചകൾ ഒരു എല്ലിൻ കഷണത്തിനു വേണ്ടി ഒരു കൂട്ടം തെരുവുപട്ടികളെ കുരക്കുന്ന ത്പോലയുമാണ്.ഇതിൽ പങ്കെടുക്കുന്ന പലരും മറ്റു പാനലിസ്റ്റുകൾക്കു മറുപടി കൊടുക്കവുൻ അവസരം നൽകാതെ തടസ്സപ്പെടുത്തുകൊണ്ടിരിക്കും. അതിനാൽ കേരളത്തിലെ ചാനൽ അവതാരകരുടെ പാനൽ ചർച്ചകളിൽ അമേരിക്കൻ മലയാളികൾ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്. ഒരു മുൻവിധിയോടെ അവർ നമ്മളെ അപമാനിക്കാനും അവഹേളിക്കാനും ശ്രമിക്കും.
Brother Ittoopp 2021-10-04 12:52:41
ഇട്ടൂപ്പ് പറഞ്ഞതാണ് ശരി. പാപ്പാപ്പ അടിച്ചു പോന്നു. സൂം മീറ്റിംഗ് ആയതുകൊണ്ടായിരിക്കാം, ഇറ്റലിക്കാരി ഒഴികെ, മറ്റാരും പറഞ്ഞതൊന്നും തിരിഞ്ഞില്ല.
കൊന്നത്തടി ഇട്ടൂപ്പ്, 2021-10-04 07:03:33
പലപ്പോഴും നാട്ടിലെ ചാനൽ ചർച്ചയ്ക്കായി അമേരിക്കയിലുള്ള നാടൻ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രസ്റ്റം താങ്ങികളേയും അവരുടെ പുറംചൊറിയൽകാരെയും രാഷ്ട്രീയ-സാമൂഹ്യ അറിവില്ലാത്ത വരെയുമാണ് പങ്കെടുപ്പിക്കാറുള്ളത് . എന്നിട്ട് അവരെ ഉത്തരം മുട്ടിച്ച് അവഹേളിച്ചു വിടും. അമേരിക്കയിൽതന്നെ നല്ല രാഷ്ട്രീയ-സാമൂഹ്യ അറിവുള്ള നല്ല വാചാലൻമാരായ തീപ്പൊരികളെ വിളിക്കട്ടെ. അവർ നാട്ടിലെ ടിവി അവതാരകനെ ചവിട്ടികൂട്ടി ഉപ്പിലിടും. അതു പേടിച്ചാണ് ഇവിടത്തെ കുറച്ച് ഇവിടത്തെ ചില ചണ്ണകളെ മാത്രം ചർച്ചയ്ക്ക് വിളിക്കുന്നത്. അവരെ അവഹേളിച്ചും വിടും. ഇവരുടെയൊക്കെ മുക്കിയും മൂളിയും ഉള്ള പപ്പ ബ പറച്ചിൽ, അവ കേൾക്കുന്നവർക്ക് മനസിലാകുകയുമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക