Image

കിളിമാനൂർ ആർ.കുട്ടൻപിള്ള – ആട്ടക്കഥാ സാഹിത്യത്തിന്റെ ചരിത്ര സൗരഭ്യം:( ലേഖനം, ഷാനവാസ് പോങ്ങനാട് )

Published on 30 September, 2021
കിളിമാനൂർ ആർ.കുട്ടൻപിള്ള – ആട്ടക്കഥാ സാഹിത്യത്തിന്റെ ചരിത്ര സൗരഭ്യം:( ലേഖനം, ഷാനവാസ് പോങ്ങനാട് )

നടന്നുപോയ വഴികളിലൊക്കെ നിറഞ്ഞുനിന്ന എത്രയോപേരെ പിന്നീട് ഓര്‍മ്മകളില്‍നിന്നുപോലും നാം മായ്ച്ചുകളയുന്നു. എങ്കിലും ചാമ്പല്‍മൂടിക്കിടക്കുന്ന കനലായി കാലം കടന്നാലും അവര്‍ ജ്വലിച്ചു കൊണ്ടിരിക്കും. അത്തരത്തില്‍ കഥകളി ആസ്വാദകരുടെ മനസ്സില്‍ പ്രകാശം പരത്തുന്ന പേരാണ് കിളിമാനൂര്‍ ആര്‍. കുട്ടന്‍പ്പിള്ളയുടേത്.കിളിമാനൂർ ആർ.കുട്ടൻപിള്ള
കഥകളി എവിടെയുണ്ടോ അവിടെ കുട്ടന്‍പ്പിള്ള ഉണ്ടാകുമായിരുന്നു. പള്ളിക്കൂടത്തില്‍ പഠിപ്പിച്ചു കിട്ടുന്ന പണവുമായി അദ്ദേഹം വണ്ടി കയറും. കഥകളി കാണുകയെന്നതാണ് ഏക ലക്ഷ്യം. അരങ്ങുകളില്‍ നിന്ന് അരങ്ങുകളിലേക്കായിരുന്നു ആ യാത്ര. നടനമോ പാട്ടോ ചുട്ടികുത്തലോ ഒന്നും പഠിക്കാതെ കഥകളിയുടെ സമസ്ത മേഖലകളിലും അറിവും ആസ്വാദനത്തികവും നേടിയെടുത്തതെങ്ങനെയാണ്. ക്രമേണ കഥകളിയുടെ ആധികാരിക പണ്ഡിതനായി കിളിമാനൂര്‍ കുട്ടന്‍പിള്ള വളര്‍ന്നു. ഏത് സഭയിലും കുട്ടന്‍പിള്ളയ്ക്ക് സ്ഥാനമുണ്ടായിരുന്നു. കഥകളി ആചാര്യന്മാരുടെ മനസ്സിലും.
കിളിമാനൂരിനടുത്ത് വണ്ടന്നൂര്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന കുട്ടന്‍ എന്ന ബാലന്‍ നാട്ടുപാതകളില്‍ ഓടിക്കളിക്കുന്നതിനൊപ്പം സംസ്കൃതത്തിൽ നല്ല പാണ്ഡിത്യം നേടി. അമ്മാവന്‍ ചാരുപാറ രാമന്‍പിള്ളയില്‍ നിന്നായിരുന്നു സംസ്‌കൃത പാഠങ്ങള്‍ അഭ്യസിച്ചത്.

കിളിമാനൂരില്‍ ചെലവിട്ട കുട്ടിക്കാലത്ത് കഥകളിയില്‍ കമ്പം തോന്നിയതാണ്. പിന്നീട് ഭ്രാന്തമായ ആവേശമായത് വളര്‍ന്നു. കഥകളിയെ നന്നായി പഠിച്ചു. ആട്ടവിളക്ക് എവിടെ തെളിയുമോ അവിടെ കുട്ടനുമുണ്ടാകും. ചെറുപ്പത്തില്‍ത്തന്നെ ആട്ടക്കഥാസാഹിത്യവും മുദ്രകളും ചിട്ടകളും പഠിച്ചാണ് വളര്‍ന്നത്. അങ്ങനെ കഥകളി ആസ്വാദനത്തിന്റെ മര്‍മ്മം ഗ്രഹിച്ചശേഷം അതിന്റെ പ്രചാരകനായി മാറുകയായിരുന്നു. തൂവെള്ള വസ്ത്രമണിഞ്ഞ് സഞ്ചിയില്‍ പുസ്തകവും ഒരു കുടയുമായി കഥകളിപദങ്ങൾ മൂളി വരുന്ന കുട്ടന്‍പിള്ളസാര്‍ ഓര്‍മ്മയായിട്ട് ഇരുപതാണ്ടാകുന്നു. എങ്കിലും അത്രവേഗത്തില്‍ മാഞ്ഞു പോകുന്നതല്ല ആ കലാപ്രേമിയുടെ വ്യതിരിക്തജീവിതത്തിന്റെ അടയാളങ്ങള്‍.

മികച്ച അധ്യാപകനായിരുന്നു കുട്ടന്‍പിള്ള. ആറ്റിങ്ങല്‍ ഗവ.ഹൈസ്‌കൂളില്‍ മലയാളം അധ്യാപകനായിരിക്കേ കഥകളിയുടെ പ്രചാരകനായി ചുറ്റിയടിക്കാത്ത ഇടമില്ല. ജോലിയില്‍ നിന്ന് വിരമിച്ച് ചിന്മയാവിദ്യാലയത്തില്‍ ചേര്‍ന്നു. കഥകളിക്കു മാത്രമായി ഒരു പ്രസിദ്ധീകരണം എന്ന ചിന്ത മനസ്സില്‍ ഇളകിക്കൊണ്ടിരുന്ന കാലം. എന്നാല്‍ അത്തരമൊരു മാസികയുടെ പ്രചാരണം എങ്ങനെയെന്ന് പലരും ആശങ്കപ്പെട്ടു. മുടക്കുമുതലായിരുന്നു മറ്റൊരു പ്രശ്‌നം. എങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയില്ല. മാസിക തുടങ്ങുകയും പതിനാറുവര്‍ഷം അത് മുടക്കമില്ലാതെ പ്രസിദ്ധീകരിക്കുകയും ചെയ്തു എന്നതുതന്നെയാണ് കലാചരിത്രത്തില്‍ കുട്ടന്‍പിള്ളയ്ക്ക് ഇടം നേടിക്കൊടുത്തത്. മലയാളത്തില്‍ ഇത്തരമൊരു പ്രസിദ്ധീകരണം ആദ്യത്തേതും അവസാനത്തേതും കുട്ടന്‍പിള്ളയുടെ ‘നൃത്യകലാരംഗം’ മാത്രംപത്രാധിപരും  പ്രൂഫ് വായനക്കാരനും ഏജന്റും വിതരണക്കാരനുമെല്ലാം ഒരാള്‍ മാത്രം. ഈ പ്രത്യേകതയോടെയാണ് മാസിക വര്‍ഷങ്ങള്‍ പിന്നിട്ടത്. പതിനാറുവര്‍ഷം മാസികയുമായി ചുറ്റിനടക്കാത്ത സ്ഥലമില്ല. കേരളത്തനിമയുള്ള രംഗകലകള്‍ക്കായിരുന്നു നൃത്യകലാരംഗത്തിന്റെ പേജുകള്‍ നീക്കിവെച്ചിരുന്നത്.സഞ്ചിയില്‍ മാസികയുമായി വരുന്ന കുട്ടന്‍പിള്ളയെ കഥകളി യോഗങ്ങളിലും അധ്യാപക സദസുകളിലും കാണാനാവുമായിരുന്നു.

മാസിക തുടങ്ങുകയെന്നത് അദ്ദേഹത്തിന്റെ ആഗ്രഹവും ആവേശവുമായിരുന്നു. പെന്‍ഷനായപ്പോള്‍ ലഭിച്ച തുകയാണ് ഇതിനായി വിനിയോഗിച്ചത്. നൃത്യകലാരംഗം ദ്വൈമാസികയായിരുന്നു. പ്രിന്റ് ചെയ്യാനാവശ്യമായ തുകയുടെ നാലിലൊന്നുപോലും മാസിക വിറ്റു കിട്ടിയിരുന്നില്ല. എങ്കിലും പ്രസിദ്ധീകരണം മുടക്കിയില്ല. മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്‍, മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണൻ, എം.കെ.കെ.നായര്‍, നെടുമുടിവേണു, മോഹന്‍ലാല്‍, കരമന ജനാര്‍ദ്ദനന്‍നായര്‍ തുടങ്ങി വിവിധ തുറയില്‍പ്പെട്ടവരായിരുന്നു മാസികയുടെ ആജീവനാന്ത വരിക്കാര്‍. പെന്‍ഷന്‍ തുകയുടെ നല്ലൊരു പങ്ക് മാസികയുടെ നടത്തിപ്പിനായി ചെലവിട്ടു.

മലയാളികളേയും കഥകളിയേയും എന്നും സ്‌നേഹിച്ചിരുന്ന എം.കെ.കെ നായര്‍ ഈ സംരംഭത്തെ വിശേഷിപ്പിച്ചത് ‘ ഒരു സാഹസികന്റെ യജ്ഞം’ എന്നാണ്. കലാകൗമുദിയില്‍ അദ്ദേഹം ഇതേ തലക്കെട്ടില്‍ ലേഖനം എഴുതി. അതില്‍ മാസികയുടെ ആരംഭകാലത്തെ കുറിച്ച് പറയുന്നുണ്ട്. മാസിക തുടങ്ങുന്നതിന് മുമ്പ് നിര്‍ദേശങ്ങള്‍ തേടിയാണ് എം.കെ.കെ.നായരെ കുട്ടന്‍പിള്ള സമീപിച്ചത്. എന്നാല്‍ ആ ഉദ്യമത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല. പെന്‍ഷനായപ്പോള്‍ കുടുംബസംരക്ഷണത്തിനായി കിട്ടിയ തുക മാസിക തുടങ്ങുന്നതിനായി ബലികഴിക്കരുതെന്നായിരുന്നു എം.കെ.കെ.യുടെ നിര്‍ദേശം. എന്നാല്‍ ഞാനീ സാഹസത്തിന് ബോധപൂര്‍വ്വം പുറപ്പെടുകയാണെന്നും അത് വിജയിക്കുമെന്നുമായിരുന്നു കുട്ടന്‍പിള്ളയുടെ മറുപടി.

കുട്ടന്‍പിള്ള ലക്ഷ്യം നേടി…. മാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. എം.കെ.കെയുടെ വാക്ക് കേട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹം ഉണ്ടായിരുന്നു. 1983 ജൂലൈ 13ന്
തിരുവനന്തപുരം കോട്ടയ്ക്കകം തീര്‍ഥപാദമണ്ഡപത്തില്‍ എം.കെ.കെ.നായര്‍ തന്നെയായിരുന്നു മാസികയുടെ ആദ്യലക്കം പ്രകാശനം ചെയ്തത്. പ്രൊഫ.എസ്,ഗുപ്തന്‍നായര്‍ അധ്യക്ഷനായിരുന്നു. കുട്ടന്‍പിള്ളയെക്കുറിച്ച് അന്ന് എം.കെ.കെ.നായര്‍ നടത്തിയ പ്രശംസാവാചകങ്ങള്‍ നിരവധിയാണ്. അത് പോരെന്ന് തോന്നിയതിനാലാവും ഒരു വര്‍ഷം ആകുന്നതിന് മുമ്പ് തന്നെ എം.കെ.കെ.നായര്‍ കലാകൗമുദിയില്‍ ലേഖനം എഴുതി ‘ ഒരു സാഹസികന്റെ യജ്ഞം’ പെന്‍ഷനായപ്പോള്‍ കിട്ടിയ തുക ഇതിനായി വിനിയോഗിച്ചതടക്കം എം.കെ.കെ.നായര്‍ ആ ലേഖനത്തില്‍ കുറിച്ചിട്ടുണ്ട്. ഇത് കുട്ടന്‍പിള്ളയെന്ന സാഹസികനായ കഥകളി പ്രേമിക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു. നൃത്യകലകള്‍ക്കായുള്ള മാസികയുമായി ക്ലേശകരമായ വഴികളിലൂടെ പതിനാറുവര്‍ഷം കുട്ടന്‍പ്പിള്ള നടന്നു. അതിനായി അദ്ദേഹത്തിന്റെ സമ്പത്ത് മുഴുവന്‍ ചെലവിടേണ്ടി വന്നു എന്നു പറയുന്നതാവും സത്യം. 

ആ ജീവിതത്തിന് സമ്പത്തിക ലാഭത്തേക്കാള്‍ കഥകളിയോടുള്ള സ്‌നേഹം ഒന്നു മാത്രമേയുണ്ടായിരുന്നുള്ളൂ. അതിനെക്കുറിച്ച് മകന്‍ പ്രേമചന്ദ്രന്‍ പറയുന്നതിതങ്ങനെ. ‘ എം.കെ.കെ അച്ഛനെക്കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടിലൂടെ പറഞ്ഞുതു പോലെ കഥകളിയുടെ പ്രചാരണത്തിനുവേണ്ടി അദ്ദേഹം നടത്തിയത് സാഹസികയജ്ഞം തന്നെയായിരുന്നു. മുപ്പത് വര്‍ഷത്തെ അദ്ധ്വാനത്തിൽ നിന്നുണ്ടായ മിച്ചസമ്പാദ്യം മുഴുവന്‍ അദ്ദേഹത്തിന് നൃത്യകലാരംഗത്തിനു വേണ്ടി കളഞ്ഞുകുളിക്കേണ്ടിവന്നു’.
കിളിമാനൂരില്‍ നിന്ന് കടയ്ക്കാവൂരിലേക്ക് മാറിയ കുട്ടന്‍പിള്ള പിന്നീട് അവിടെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം നടത്തിയിരുന്നത്. കഥകളി ക്ലബുകളുടെ വാര്‍ഷികങ്ങളില്‍ കുട്ടന്‍പിള്ളയുടെ സാന്നിധ്യം ഉറപ്പാണ്. വാരണാസി മഠത്തില്‍ നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുത്തതിനെക്കുറിച്ച് വാരണാസി വിഷ്ണുനമ്പൂതിരി അനുസ്മരിക്കുന്നുണ്ട്. കുട്ടന്‍പിള്ള സാറിന്റെ പ്രോത്സാഹനം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് കാരണമായി അദ്ദേഹം പറയുന്നത് -‘ എന്റെ ജ്യേഷ്ഠസഹോദരനും കഥകളി ചെണ്ടയുടെ ഉന്നത കലാകാരനുമായിരുന്ന വാരണാസി മാധവന്‍നമ്പൂതിരി, അദ്ദേഹത്തിന്റെ പുത്രനും അതേകലാരംഗത്ത് പ്രവര്‍ത്തിക്കുന്നയാളുമായ വാരണാസി നാരായണന്‍നമ്പൂതിരി, മാധവന്‍നമ്പൂതിരിയുടെ ചെറുമകനും നാരായണന്‍ നമ്പൂതിരിയുടെ മകനുമായ കഥകളി നടന്‍ മധു വാരണാസി എന്നിവരെക്കുറിച്ചും എന്നെക്കുറിച്ചും നൃതകലാരംഗത്തിലൂടെ പലതവണ ലേഖനങ്ങളും മറ്റും വന്നിട്ടുണ്ട്. അത് അഭിമാനമായി കരുതുന്നു.’

കഥകളിയരങ്ങുകളില്‍ നടനം ഒഴികെയുള്ള കാര്യങ്ങളില്‍ ആധികാരിക വാക്ക് അദ്ദേഹത്തിന്റെതായിരുന്നു. കഥകളി തുടങ്ങുന്നതിന് മുമ്പ് കഥകളിയെയും കഥയെയും കുറിച്ച് കുട്ടന്‍പിള്ളയുടെ പ്രഭാഷണം ഉണ്ടാകും. ഇത് കഥകളി ആസ്വാദകര്‍ക്ക് മാത്രമല്ല അണിയറയില്‍ വേഷമിടുന്നവര്‍ക്കുകൂടി പഠനാര്‍ഹമായിരുന്നു. അത്രത്തോളം ആഴമേറിയ അറിവായിരുന്നു ഈ കലാരൂപത്തെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്നത്.
കടയ്ക്കാവൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള കെ.എന്‍.പി ഭവനില്‍ കഥകളിപ്പദങ്ങളുരുവിട്ടും അക്ഷരശ്ലോകസദസ്സുകള്‍ സംഘടിപ്പിച്ചും കേരളത്തിന്റെ തെക്കും വടക്കുമായി വണ്ടിയിലും കാല്‍നടയായും സഞ്ചരിച്ച കലാപ്രേമിയായിരുന്നു കുട്ടന്‍പിള്ള. കടയ്ക്കാവൂര്‍ അക്ഷരശ്ലോക സമിതിക്ക് അദ്ദേഹം തുടക്കമിട്ടു. സമിതി സ്ഥാപക പ്രസിഡന്റായിരുന്ന അദ്ദേഹം ആകാശവാണിയില്‍ അക്ഷരശ്ലോക മത്സരത്തിന് സമിതിയെ സജ്ജമാക്കി. ഇതിനെല്ലാം സഹധര്‍മ്മിണി സരോജിനിയമ്മയുടെ പിന്തുണകൂടി ഉണ്ടായിരുന്നു. നൃത്യകലകള്‍ പഠിപ്പിക്കുന്നതിനായി തുടങ്ങിയ കടയ്ക്കാവൂര്‍ കേരള കലാകേന്ദ്രത്തിന്റെ പ്രസിഡന്റും കുട്ടന്‍പിള്ള തന്നെയായിരുന്നു.

തലേദിവസം കണ്ട കളിയിലെ ചുട്ടിയുടെയും മുദ്രയുടെയും സംഗീതത്തിന്റെയും ലോകത്തു നിന്ന് മുക്തനാവാതെ കളഞ്ഞുപോയതെന്തോ അന്വേഷിച്ചെന്നവണ്ണം ഒരവധൂതനെപ്പോലെ നടന്നുവരുന്ന പിതാവിനെ പ്രേമചന്ദ്രന്‍ ഓര്‍ക്കുന്നു. ഉറക്കം കുസൃതി കാട്ടുന്ന കണ്ണുകള്‍ വിടര്‍ത്തിപ്പിടിച്ച് ആളൊഴിഞ്ഞ ഉത്സവപ്പറമ്പില്‍ അച്ഛന്റെ നെഞ്ചില്‍ ചാരിയിരുന്ന് എണ്ണമറ്റതവണ കണ്ട നളചരിതത്തിലെ രംഗങ്ങള്‍…. ചെണ്ടയുടെ ധ്രുതതാളം.. മേളപ്പെരുക്കം… ഇന്നലത്തേതുപോലെ… മകന്റെ ഓര്‍മകളില്‍ പിതാവിന്റെ ജീവിതം തിരനോട്ടം നടത്തുകയാണ്.

1998 സെപ്തംബര്‍ 30നായിരുന്നു കുട്ടന്‍പിള്ളയെന്ന കലാസ്വാദകന്റെ വേര്‍പാട്. എഴുപത്തെട്ടാം വയസ്സില്‍ അന്തരിക്കുമ്പോഴും ആ കണ്ണുകള്‍ കേളിക്കൊട്ടുണരുന്ന അരങ്ങുകളിലേക്കായിരുന്നു…
ഇങ്ങനെ ഒരാള്‍ ഇരുപതാണ്ടു മുമ്പുവരെ നമുക്കിടയിലൂടെ നിശബ്ദം നടന്നുപോയിരുന്നു. ആത്മാര്‍ഥതയുടെയും ആസ്വാദക മികവിന്റെയും ആള്‍രൂപമായി… അതാണ് കിളിമാനൂര്‍ ആര്‍.കുട്ടന്‍പിള്ള.
കിളിമാനൂർ ആർ.കുട്ടൻപിള്ള – ആട്ടക്കഥാ സാഹിത്യത്തിന്റെ ചരിത്ര സൗരഭ്യം:( ലേഖനം, ഷാനവാസ് പോങ്ങനാട് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക