Image

മണ്ടശിരോമണികളുടെ നാട് (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 10)

Published on 29 September, 2021
മണ്ടശിരോമണികളുടെ നാട് (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 10)
"എന്താ മാഷേ കയ്യിൽ ഒരു നോട്ടുബുക്കുമായി രാവിലെ ഇറങ്ങിയിരിക്കുന്നത്?"
"എടോ, ഞങ്ങളുടെ വീടിൻ്റെ തട്ടിൻപുറത്തു നിന്നും എൻറെ ചെറുപ്പത്തിൽ കിട്ടിയതാണ്."
"അതെന്തിനാണ് ഇപ്പോഴും സൂക്ഷിക്കുന്നത്? 
"എടോ, ഇത് എ.ഡി. 52 ൽ തോമ്മാശ്ലീഹാ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയപ്പോൾ നിരണത്തേക്കു പോകാനുള്ള വഴി ചോദിച്ച്‌ എഴുതിയെടുത്ത നോട്ടുബുക്കാണ്."
"ഹോ! അത് തീർച്ചയായും സൂക്ഷിക്കണം. യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിന് യൂദായ്ക്കു കിട്ടിയ 30 വെള്ളിക്കാശിൽ  രണ്ടെണ്ണം നാട്ടിൽ ഒരുത്തൻറെ സമാഹാരത്തിൽ ഇരിക്കുന്നു."
എനിക്കൊരു സംശയം. അതുകൊടുത്തല്ലേ 'അക്കൽദാമ' എന്ന രക്തനിലം വാങ്ങിയത്? അപ്പോൾ പിന്നെ ഈ രണ്ടു വെള്ളിനാണയങ്ങൾ എവിടെ നിന്ന് കിട്ടി?"
"അത് മാഷെ റിയൽ എസ്റ്റേറ്റ് കമ്മീഷൻ കിട്ടിയതാ. ഭണ്ഡാരത്തിൽ ഇടുവാൻ വിഹിതമല്ലാത്തതിനാൽ ആരാണ്ടു കൈയ്യിൽ സൂക്ഷിച്ചിരുന്നതാണ്."
 
"എടോ, കേരളത്തെ 'ദൈവത്തിന്റെ നാട്' എന്ന് ഏതോ ഒരു കൂശ്മാണ്ഡൻ പറഞ്ഞു. അത് പിന്നെ ആ പേരിൽ അറിയപ്പെടാൻ തുടങ്ങി. ഞാൻ അതൊരിക്കലും അംഗീകരിച്ചിട്ടില്ലായിരുന്നു. 'ചെകുത്താന്റെ നാട്' എന്നതാണ് കുറച്ചുകൂടി യോജിക്കുന്ന പേര് എന്നാണെനിക്ക് ഈ അടുത്ത നാൾ വരെ തോന്നിയിരുന്നത്. പിന്നെ മനസ്സിലായി കേരളം തീർച്ചയായും ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്ന്."
"അതെന്താ മാഷേ? ഇത്രയും തട്ടിപ്പും വെട്ടിപ്പും നടക്കുന്ന വേറെ നാടുണ്ടോ? എന്നിട്ടും ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറഞ്ഞാൽ അത് ദൈവത്തിനു തന്നെ നാണക്കേടാകില്ലേ?"
“എടോ, ദൈവത്തിന്റെ നാമത്തിൽ ഇത്രയും തട്ടിപ്പു നടക്കുന്ന ഏതെങ്കിലും നാടുണ്ടോ? ദൈവത്തിന്റെ നാമത്തിൽ പണം പിരിക്കയും മതസ്പർദ്ധയുണ്ടാക്കി കുളം കലക്കി മീൻ പിടിക്കയും ചെയ്യുന്നു. ആൾദൈവങ്ങൾ കോടികൾ സമ്പാദിക്കുന്നു. സർവ തട്ടിപ്പിന്റെയും ഈറ്റില്ലമാണിന്നു കേരളം."
"ആ വക തട്ടിപ്പൊക്കെ എന്നുമുള്ളതല്ലേ? എന്നാൽ ഇപ്പോൾ മോൻസൺ മാവുങ്കലിന്റെ പുരാവസ്‌തു ശേഖരം കാട്ടി നടത്തിയ തട്ടിപ്പാണ് മനസ്സിലാകാത്തത്. ഇതൊക്കെ കാട്ടിയാലുടനെ കോടികൾ എടുത്തുകൊടുക്കാൻ ആളുകൾ ക്യു നിൽക്കുകയല്ലേ? ഡിജിപി യെപ്പോലെ കൂർമബുദ്ധിയുള്ളവരും സിനിമാലോകത്തെ സൂപ്പർസ്റ്റാറുകളും മറ്റുന്നത ശ്രേണിയിലുള്ളവരുമെല്ലാം ഇതിൽ വീണുപോയെന്നു പറഞ്ഞാൽ അതിന്റെ മാജിക് ആണ് മനസിലാകാത്തത്."
"തിരുമണ്ടന്മാരുടെ ദേവലോകം. അതാണ് കേരളം."
"ഇതെന്താ മാഷേ മനുഷ്യർ ചിന്തിക്കാത്തത്?"
"എടോ, മലയാളിക്കൊരു സ്വഭാവമുണ്ട്. സമൂഹത്തിൽ അല്പം സ്വാധീനമുള്ള ഉന്നതന്മാരെ കണ്ടാൽ ഉടനെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കുക, എന്നിട്ടത് മറ്റുള്ളവരെ കാണിക്കുക, സാധിക്കുമെങ്കിൽ പത്രത്തിൽ ഒന്നു കൊടുക്കുക എന്നതൊക്കെ. ആ ദുരഭിമാനമാണ് ആളുകളെ ഇങ്ങനെയുള്ള കൂട്ടുകെട്ടിൽ കൊണ്ടുചെന്നെത്തിക്കുന്നത്."
"കേരളത്തിലുള്ളവർ ഇത്രയ്ക്കു മണ്ടന്മാരായതെങ്ങനെയാണ്?"
കേരളത്തിലുള്ളവരെ മാത്രം എന്തിനു പറയുന്നു? ഇവിടെയുള്ള മലയാളികളുടെ കാര്യമെടുത്താലും വിഭിന്നമല്ല. നാട്ടിൽ നിന്നും ഏതെങ്കിലും ഒരു മന്ത്രിയോ സിനിമാ നടന്മാരോ നടിമാരോ മറ്റു സെലിബ്രറ്റിസ് ആരെങ്കിലുമോ ജെ എഫ് കെ യിൽ വന്നിറങ്ങുമ്പോൾ തന്നെ സ്വീകരിക്കാനെത്തുന്നവരുടെ കൂട്ടത്തിൽ നിന്ന് ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞാൽ അനുഭവിക്കുന്ന ആത്മനിർവൃതി പറയാനുണ്ടോ. പിന്നെ വൈകിട്ട് ഏതെങ്കിലും റെസ്റ്റോറന്റിൽ ഡിന്നറിനു പോകുമ്പോൾ കൂടെ ചെല്ലാൻ ക്ഷണം കൂടി കിട്ടിയാൽ പറയുകയും വേണ്ട.”
"ങ്ഹാ, അതു ശരിയാണ്. എന്നാലും ഇവിടെയുള്ള മലയാളികൾ തട്ടിപ്പിൽ വീഴുമോ?"
“വീഴുമോന്നോ? കുറെ വർഷങ്ങൾ മുൻപ് ഇവിടെ രണ്ടു പേർ കൂടി ഒരു റെസ്റ്റോറന്റ് നടത്തിയിരുന്നു. സാമാന്യം നല്ല ഭക്ഷണം നൽകി ആളുകളുടെ പ്രീതി നേടി. പിന്നെ അതിന്റെ നവീകരണത്തിന് വളരെ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്‌ത്‌ നിക്ഷേപങ്ങൾ സ്വീകരിച്ചു. സ്വപ്നത്തിൽ പോലും ചിന്തിക്കാൻ വയ്യാത്ത ഉയർന്ന പലിശനിരക്കു കണ്ട് ആർത്തി പൂണ്ട പലരും ആയിരങ്ങളും ലക്ഷങ്ങളുമാണ് അവർക്കു നൽകിയത്. ഒരു സുപ്രഭാതത്തിൽ അവർ കട പൂട്ടി മുങ്ങി! ചിലർ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ വലിയ തുകകൾ കൊടുത്തവർക്കാർക്കും പരാതിയില്ലായിരുന്നു. അതിൽ മുഖ്യമായും ദൈവത്തിന്റെ പേരു പറഞ്ഞു പാവപ്പെട്ട വിശ്വാസികളിൽ നിന്നും പിഴിഞ്ഞെടുത്തു സേഫിൽ കാഷ് ആയി സൂക്ഷിച്ചിരുന്ന ദൈവത്തിന്റെ പ്രതിപുരുഷന്മാരായിരുന്നു! യേശുവിൻറെ വചനം അവർ കൃത്യമായി പാലിച്ചു. 'ശത്രുക്കളോടു ക്ഷമിക്കുവിൻ.' ആരും വാ പൊളിച്ചു മിണ്ടിയില്ല."
"അതാണ് ഈ വക തട്ടിപ്പിന്റെ മൂലധനം."
"എന്തായാലും ഞാൻ പറയുന്നത് ഈ മോൻസൺ മാവിങ്കൽ എന്നു പറയുന്ന ആൾ തങ്കപ്പനല്ല പൊന്നപ്പനാണ്."
"അതെന്താ മാഷേ അങ്ങനെ പറയുന്നത്?"
"എടോ, പാലാ ബിഷപ്പ് ഒരു പ്രസ്താവന നടത്തിയത് വിവാദമായി കത്തിപ്പടരുകയായിരുന്നല്ലോ. മൂന്നാഴ്ചയായിട്ടും അതിനു ശമനമില്ലായിരുന്നു. ഇനിയിപ്പോൾ മാധ്യമങ്ങൾ ഇയാളുടെ പുറകെ പിടിച്ചോളും. ബിഷപ്പ് രക്ഷപ്പെട്ടു. മുല്ലപ്പെരിയാർ ഡാമിൻറെ കാര്യം പറഞ്ഞതുപോലെ കേരളത്തിലെ മാധ്യമങ്ങൾ ഇപ്പോൾ തകരും ഇപ്പോൾ തകരും എന്നു വിളിച്ചു പറഞ്ഞ മതസൗഹാർദ്ദം ഇനിയിപ്പോൾ തകരത്തില്ലല്ലോ. ഭാഗ്യം."
"എന്നാലും എന്റെ മാഷേ, എന്തെങ്കിലുമൊക്കെ കാണിച്ചിട്ട് ഇതു മോശയുടെ അംശവടിയും യശോദാമ്മയുടെ ഉറിയും യൂദായുടെ വെള്ളിക്കാശും അലക്‌സാണ്ടർ ചക്രവർത്തിയുടെ കുതിരയുടെ ലാടവും ഹനുമാന്റെ ഗദയും ടിപ്പുസുൽത്താന്റെ വാളും സിംഹാസനവും ഒക്കെ ആണെന്നു പറയുമ്പോൾ വിശ്വസിക്കുന്ന മലയാളികളുടെ നാട്ടിൽ നൂറുശതമാനം സാക്ഷരതയുണ്ടെന്നു പറയുന്നത് തന്നെ നാണക്കേടാണല്ലോ."
"തിരുമണ്ടശിരോമണികളുടെ നാടാണ് കേരളം എന്നിപ്പോൾ മനസ്സിലായില്ലേ? എത്ര കോടികളാണ് യാതൊരുറപ്പുമില്ലാതെ വെറുതെ കൊണ്ടുകൊടുത്തത്?"
"ഇപ്പോൾ മനസ്സിലായില്ലേ കേരളം നിക്ഷേപസഹൃദ സംസ്ഥാനമാണെന്ന്.”
"അതായിരിക്കും സിംഹാസനത്തിലിരുന്ന് ഡിജിപി സാക്ഷ്യപ്പെടുത്തിയത്!"
"എങ്കിൽ നമുക്കു പിന്നെ കാണാം ഏതായാലും മാഷ് ആ നോട്ടുബുക്കു സൂക്ഷിച്ചോണം."
"ശരി, അങ്ങനെയാവട്ടെ."
Join WhatsApp News
abdul punnayurkulam 2021-09-30 01:02:21
Good satire
JACOB 2021-09-30 20:24:10
Kolkota is the center of on-line scammers. You get calls saying your Amazon account is charged some big amount for an Iphone. Here is the scenario: Press 1 to cancel the transaction and get a refund. You press 1. Download software to give the scammer access to your computer. Sign on to your bank account to receive the refund. The scammer changes the refund amount to some big number. The scammer says he made a mistake and if the money is not given back, he will lose his job and your PC will be blocked. Scammer tells the victim to go to a nearby store like Target and get gift cards for a large amount. Give the gift card number to scammer. Scammer cashes the gift cards immediately. If victim does not cooperate, his PC will be locked and become useless. Fortunately, there are many scam baiters who reverse connect and destroy the scammer's net work. Lately, I am not getting many calls like that now. India is the on-line scam capital of the world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക