Image

ടാങ്കര്‍ ഓടിക്കാന്‍ ആളില്ല; ബ്രിട്ടനില്‍ പെട്രോള്‍ ക്ഷാമം

Published on 29 September, 2021
 ടാങ്കര്‍ ഓടിക്കാന്‍ ആളില്ല; ബ്രിട്ടനില്‍ പെട്രോള്‍ ക്ഷാമം

ലണ്ടന്‍: ടാങ്കര്‍ ഡ്രൈവര്‍മാരുടെ അഭാവം മൂലം ബ്രിട്ടനില്‍ പെട്രോള്‍വിതരണം പ്രതിസന്ധിയില്‍. രാജ്യത്തുടനീളമുള്ള പന്പുകള്‍ കാലിയായി. ഇന്നലെവരെയുള്ള നാലുദിവസം പന്പുകളില്‍ വാഹനങ്ങളുടെ വന്‍നിര ദൃശ്യമായിരുന്നു. ഇന്ധനവിതരണത്തിനു സൈന്യത്തെ നിയോഗിക്കുന്നതു പരിഗണനയിലാണെന്നു സര്‍ക്കാര്‍ അറിയിച്ചു.

ബ്രിട്ടനില്‍ ഒരു ലക്ഷം ലോറി ഡ്രൈവര്‍മാരുടെ അഭാവം നേരിടുന്നതായാണു റിപ്പോര്‍ട്ട്. ഭക്ഷ്യവിതരണത്തിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിലും പ്രതിസന്ധിയുണ്ട്.
എണ്ണശുദ്ധീകരണ ശാലകളില്‍ ആവശ്യത്തിലധികം പെട്രോളുണ്ട്. എന്നാല്‍ ഡ്രൈവര്‍മാരുടെ അഭാവം മൂലം പെട്രോള്‍ കിട്ടാതാകുമോ എന്ന ആശങ്കയില്‍ ആളുകള്‍ കൂട്ടത്തോടെ പന്പുകളിലെത്തുന്നതാണു പ്രതിസന്ധിക്കു കാരണം. ചില പന്പുകളിള്‍ തിരക്ക് അഞ്ചിരട്ടിവരെ വര്‍ധിച്ചതായി പെട്രോള്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും പറഞ്ഞു.


ചില്ലറവില്പനക്കാര്‍ അവസരം മുതലാക്കി ഇന്ധനവില വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ, ആരോഗ്യം, സോഷ്യല്‍ സുരക്ഷ തുടങ്ങിയവയു മായി ബന്ധപ്പെട്ടവര്‍ക്ക് ഇന്ധനവിതരണത്തില്‍ മുന്‍ഗണന നല്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ടാങ്കറുകള്‍ ഓടിക്കാന്‍ പട്ടാളത്തില്‍നിന്ന് 150 പേരെ നിയോഗിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഇതില്‍ 75 പേര്‍ പരിശീലനം പൂര്‍ത്തിയായി തയാറായി നില്‍ക്കുകയാണ്. പെട്രോള്‍ വിതരണം ഉടന്‍ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. 

ബ്രിട്ടനിലെ ലോറി ഡ്രൈവര്‍മാരുടെ ശരാശി പ്രായം 55 ആണെന്നു പറയുന്നു. മോശം ജോലിസാഹചര്യങ്ങള്‍ അടക്കമുള്ള കാരണങ്ങളാല്‍ പുതിയ ആള്‍ക്കാരെത്തുന്നില്ല. വിദേശികളാണു കൂടുതലായും ഡ്രൈവര്‍ ജോലിക്കെത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക