Image

ഹൃദയംകൊണ്ട് സംവദിക്കുന്ന ഹീറോ (അനിൽ പെണ്ണുക്കര)

Published on 29 September, 2021
ഹൃദയംകൊണ്ട് സംവദിക്കുന്ന ഹീറോ (അനിൽ പെണ്ണുക്കര)
"ഒരാളെ കുറിച്ചു പോലും മോശം സംസാരിക്കാതെ ജീവിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. അതിൽ നിന്ന് നന്മ മാത്രം എടുക്കുക. അങ്ങനെയാണെങ്കിൽ അവർ നല്ലവരായിരിക്കും. അവരുടെ തിന്മയിലേക്ക് നോക്കുന്നത് കൊണ്ടാണ് അവർ നിങ്ങൾക്കും നിങ്ങൾ അവർക്കും മോശക്കാരാകുന്നത് '

ഒരു നടൻ സമൂഹത്തോട് സംവദിക്കുന്നത് അവന്റെ ശരീരം കൊണ്ട് മാത്രമല്ല. ഹൃദയം കൊണ്ടുകൂടിയാണ്. ഇന്ദ്രൻസ് എന്ന നടൻ മലയാള സിനിമയ്ക്ക് പ്രിയപ്പെട്ടതാകുന്നതും അങ്ങനെയാണ്. ചിരിയിൽ നിന്ന് വിഷാദത്തിലേക്കും, ജീവിതത്തിന്റെ ഗൗരവമായ ഭാവാഭിനയങ്ങളിലേക്കും അയാൾ നടത്തിയ ട്രാൻസ്ഫോർമേഷൻ ഒരുപക്ഷെ സിനിമാ ലോകത്തിനു സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. കുടക്കമ്പി എന്ന ഹാസ്യത്തിന്റെ തരംഗത്തിൽ നിന്നും ഒലിവറിലേക്കുള്ള ഒരു ട്വിസ്റ്റാണ് അദ്ദേഹത്തിന്റെ ജീവിതം. ഏറ്റവും ലളിതമായ ജീവിതവും, ഒരാളെ പോലും ദ്രോഹിക്കാൻ ആഗ്രഹിക്കാത്ത മനോഭാവവും തന്നെയാണ് ഒരു നടനിലേക്കുള്ള അയാളുടെ വഴികളെ കൂടുതൽ കൂർപ്പിച്ചെടുത്തത്.

ഏത് മാളികയിൽ കയറി നിന്നാലും അയാളുടെ കാലിൽ മുൻപ് ചവിട്ടി നിന്ന തണുത്ത മണ്ണിന്റെ നനവുണ്ടായിക്കും. തൊണ്ണൂറുകളുടെ സിനിമാ ലോകത്തിനു ഇപ്പോഴും ഓർത്ത് ചിരിക്കാൻ പാകത്തിന് ഇന്ദ്രൻസ് എന്ന നടൻ ചെയ്തുവച്ച ഒറ്റനേകം ഹാസ്യ കഥാപാത്രങ്ങളുണ്ടായിരുന്നു. ഒരുപക്ഷെ അദ്ദേഹത്തെ സ്‌ക്രീനിൽ കാണുമ്പോഴേ പ്രേക്ഷകരുടെ ഉപബോധ മനസ്സ് ചിരിച്ചു തുടങ്ങുമായിരുന്നു. ജഗതിയും, മാമുക്കോയയും, ജഗദീഷും, ഹരിശ്രീ അശോകനും, കൊച്ചിൻ ഹനീഫയുമെല്ലാം ഇതേ കാറ്റഗറിയിൽ നല്ല വെല്ലുവിളികൾ സൃഷ്ടിച്ചിട്ടും എല്ലാവരും തള്ളിപ്പറഞ്ഞ അതേ ശരീരം കൊണ്ട് തന്നെ അദ്ദേഹം അതിനെയെല്ലാം മറികടന്നിരുന്നു.

പുരസ്കാരവേധികളിൽ ഇന്ന് ഇന്ദ്രൻസ് നിറഞ്ഞ് നിൽക്കുമ്പോൾ അയാളെ നോക്കി ചിരിക്കാനല്ല, ചിന്തിക്കാനും ഒന്ന് കെട്ടിപ്പിടിക്കാനുമാണ് നമുക്ക് തോന്നാറുള്ളത്. വളരും തോറും വീര്യമുള്ള വേരാഴമുള്ള ഒന്നായി അദ്ദേഹം പരിവർത്തനം ചെയ്യപ്പെടുന്നുണ്ട്. ഹാസ്യം വഴങ്ങുന്ന അതേ ശരീരം കൊണ്ട് തന്നെ അയാൾ കയരിക്കാനും, സങ്കടത്തിന്റെ ചരടുകളെ ഹൃദയത്തിലേക്ക് വലിച്ചു കെട്ടാനും പഠിച്ചിരിക്കുന്നു.

ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇന്ദ്രൻസ് മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. തുടന്ന് സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവായി. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി.
അമേച്വർ ആർട്സ് ക്ലബ്ബുകളിൽ ചേർന്ന് അഭിനയത്തിന്റെ ലോകത്തേക്ക് നടന്നു കയറിയ ഇന്ദ്രൻസ് എന്ന നടൻ ദൂരദർശനിൽ ടെലിവിഷൻ സീരിയലായ കളിവീട്ടിലാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇന്ദ്രൻസ് എന്ന പേരിൽ ഒരു ടെയിലറിംഗ് ഷോപ്പ് തുറന്ന അദ്ദേഹം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് തന്റെ സ്റ്റേജ് നാമത്തിനായി ആ പേര് തെരഞ്ഞെടുത്തത്.

ഇന്ത്യൻ സിനിമാ ലോകത്ത് അടയാളപ്പെട്ട 260 തിലധികം സിനിമകളാണ് ഇന്ദ്രൻസിന്റെ അഭിനയജീവിതത്തെ ഏറ്റവും ഭംഗിയുള്ളതാക്കുന്നത്. ഒരു സിനിമയിൽ പോലും ഈ മനുഷ്യനില്ലാത്ത സീനുകളെ സങ്കൽപ്പിക്കാൻ പോലും മലയാളി പ്രേക്ഷകർക്ക് കഴിയുമായിരുന്നില്ല. ഒരു കാലഘട്ടത്തിൽ ചിരിപ്പിക്കുകയും മറ്റൊരു കാലഘട്ടത്തിൽ ഗൗരവംകരമായ സാമൂഹികവസ്ഥകളോടൊപ്പം സഞ്ചരിക്കുകയും ചെയ്ത നടനാണ് ഇന്ദ്രൻസ്.

ഇപ്പോഴും സ്വന്തമായി ഒരു സ്മാർട്ട്‌ ഫോൺ പോലുമില്ലാത്ത ഈ മനുഷ്യനെ, വ്യക്തി സ്വാതന്ത്ര്യത്തെയും, അവകാശങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഇന്ദ്രൻസിനെക്കുറിച്ച് എത്ര പറഞ്ഞാലും തീരാത്തത്രയുണ്ട്. മറ്റുള്ളവരുടെ ഇടങ്ങളെയും, ഇഷ്ടങ്ങളെയും ബഹുമാനിക്കാൻ പഠിക്കുന്നിടത്താണ് ഒരാൾ ഏറ്റവും വലിയ വ്യക്തിത്വത്തിന് ഉടമയാകുന്നത്. ഓരോ സംഭാഷണങ്ങളിലൂടെയും ഇന്ദ്രൻസ് അത്‌ വ്യക്തമാക്കുന്നുണ്ട്.

അയാളാണ് ഹീറോ, ഓരോ പ്രായവും അതിന്റെ പക്വതയ്ക്ക് അനുസരിച്ച് ഉപയോഗിക്കുകയും അഭിനയിച്ച് ഫലിപ്പിക്കുകയും അയാൾ ചെയ്തിരുന്നു. സ്വന്തം ശരീരവും മനസ്സും എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. സി ഐ ടി ഉണ്ണികൃഷ്ണനിലെ പപ്പുവിൽ നിന്ന് തുടങ്ങി പഞ്ചാബി ഹൗസിലെ ഉത്തമനിലേക്കും, കുടക്കമ്പിയിലേക്കും തുടർന്ന് റിപ്പർ രവിയിലേക്കും, ഒലിവർ ട്വിസ്റ്റിലേക്കും, ജോർജ് സകറിയയിലേക്കും, പപ്പു പിഷാരടിയിലേക്കും ഒക്കെയുള്ള ഒരു വലിയ മാറ്റമാണ് മലയാള സിനിമയിൽ ഇന്ദ്രൻസ് എന്ന നടനെ ഇപ്പോഴും കാലതീതമായി നിലനിർത്തുന്നത്. അയാൾ എന്നും ഇതുപോലെ കാലങ്ങൾക്കനുസൃതമായി ഭാവങ്ങളും വേഷങ്ങളും മാറിക്കൊണ്ടേയിരിക്കട്ടെ. സിനിമയുള്ള കാലം ജീവിച്ചുകൊണ്ടേയിരിക്കട്ടെ..


ഹൃദയംകൊണ്ട് സംവദിക്കുന്ന ഹീറോ (അനിൽ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക