Image

ലതാ മങ്കേഷ്‌ക്കര്‍ക്ക് 92ആം പിറന്നാള്‍, ആശംസകളുമായി സിനിമാലോകം

Published on 28 September, 2021
ലതാ മങ്കേഷ്‌ക്കര്‍ക്ക്   92ആം പിറന്നാള്‍, ആശംസകളുമായി സിനിമാലോകം
ഇന്ത്യയുടെ വാനമ്ബാടി  ലതാ മങ്കേഷ്‌ക്കറിന് ഇന്ന് 92ആം പിറന്നാള്‍. ആഘോഷങ്ങള്‍  ഇല്ലാതെയാണ് രാജ്യത്തിന്റെ പ്രിയ ഗായികയുടെ പിറന്നാള്‍ ആഘോഷം. എങ്കിലും സിനിമാലോകത്ത് നിന്നും രാജ്യത്ത് പ്രധാന വ്യക്തിത്വങ്ങളില്‍ നിന്നും ലതാ മങ്കേഷ്‌കര്‍ ആശംസകള്‍ ഏറ്റുവാങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദി,ബോളിവുഡ് താരം ജൂഹി ചൗള, സരോദ് മാന്ത്രികന്‍ അംജദ് അലി ഖാന്‍ തുടങ്ങി സിനിമ, സംഗീത മേഖലയിലെ നിരവധി പ്രമുഖരാണ് പ്രിയ ഗായികയ്ക്ക് ആശംസകള്‍ നേര്‍ന്നത്.

1929ല്‍ ദീനനാഥ് മങ്കേഷ്‍കറുടെയും ശേവന്തിയുടെയും ആറുമക്കളില്‍ മൂത്തയാളായിട്ടായിരുന്നു ലതാ മങ്കേഷ്‌ക്കറിന്റെ ജനനം. സഹോദരി ആശാ ഭോസ്‌ലെയും ഇന്ത്യയുടെ പ്രിയ ഗായികയാണ്.

 പതിമൂന്നാം വയസില്‍ അച്ഛന്‍ മരിച്ചതോടെ സിനിമാ അഭിനയത്തിലേക്കെത്തിയ ലതാ മങ്കേഷ്‌കര്‍ പിന്നീട് പിന്നണി സംഗീതത്തിലേക്ക് തിരിഞ്ഞു.

1942-ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തില്‍ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്.

1948ല്‍ മജ്‍ബൂര്‍ എന്ന ചിത്രത്തിന് വേണ്ടി ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്‍ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാ മങ്കേഷ്‍കറെ പ്രശസ്‍തിയിലേക്ക് എത്തിച്ചത്. തുടര്‍ന്നങ്ങോട്ട് ലതാ മങ്കേഷ്‌ക്കറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.  

ഇതിനിടെ മലയാളത്തില്‍ രാമു കാര്യാട്ട് സംവിധാനം ചെയ്‌ത നെല്ല് എന്ന സിനിമയിലൂടെ മലയാളത്തിലും ലതയുടെ സ്വരമാധുര്യമെത്തി. ചിത്രത്തില്‍ കദളി, ചെങ്കദളി എന്ന   ഗാനമാണ്   ലതാ മങ്കേഷ്‌ക്കര്‍ ആലപിച്ചത്.

രാജ്യത്തെ പ്രശസ്‌തമായ ഒട്ടുമിക്ക പുരസ്‌കാരങ്ങളും ഗായികയെ തേടി എത്തിയിട്ടുണ്ട്. 1969ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ലതയെ ആദരിച്ചു. 1989ല്‍ ദാദാസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌ ലഭിച്ചു. 1999ല്‍ പത്മവിഭൂഷണ്‍.

നാല്പതിനായിരത്തിലധികം ഗാനങ്ങള്‍ പാടി.  മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. സംഗീത സംവിധായികയായും മികവ് കാട്ടി.   2001ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‍നം നല്‍കി ലതാ മങ്കേഷ്‍കറെ ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക