Image

2020ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജൂറി, സുഹാസിനി ചെയര്‍പേഴ്‌സണ്‍

Published on 28 September, 2021
2020ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജൂറി,   സുഹാസിനി ചെയര്‍പേഴ്‌സണ്‍
2020ലെ കേരള സംസ്ഥാന ചലച്ചിത്ര നിര്‍ണയിക്കുന്നതിനുള്ള ജൂറിയെ നിയമിച്ചു. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയര്‍പേഴ്‌സണ്‍. അവാര്‍ഡിന് സമര്‍പ്പിക്കപ്പെടുന്ന എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധി നിര്‍ണയ സമിതിക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തികൊണ്ട് നിയമാവലി പരിഷ്‌കരിച്ചതിന് ശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്.

എട്ടു തവണ ദേശീയ പുരസ്‌കാരം നേടിയ കന്നട സംവിധായകന്‍ പി.ശേഷാദ്രിയും പ്രമുഖ സംവിധായകന്‍ ഭദ്രനും പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരിക്കും. ഇവര്‍ രണ്ടുപേരും അന്തിമ വിധിനിര്‍ണയ സമിതിയിലും അംഗങ്ങളായിരിക്കും.

മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡ് രണ്ടു തവണ നേടിയ സുരേഷ് പൈ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ഗാനരചയിതാവ് മധു വാസുദേവന്‍, നിരൂപകനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ഇ.പി രാജഗോപാലന്‍, സംസ്ഥാന അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകന്‍ ഷെഹ്നാദ് ജലാല്‍, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.

സുഹാസിനി, പി.ശേഷാദ്രി, ഭദ്രന്‍ എന്നിവര്‍ക്കു പുറമെ ഹിന്ദി, മലയാളം, തെലുങ്ക് സിനിമാ ഛായാഗ്രാഹകനായ സി.കെ മുരളീധരന്‍, സംഗീതസംവിധായകനായുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മോഹന്‍ സിതാര, മൂന്ന് ദേശീയപുരസ്‌കാരം നേടിയ സൗണ്ട് ഡിസൈനര്‍ ഹരികുമാര്‍ മാധവന്‍ നായര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന്‍ എന്നിവരാണ് അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങള്‍.

80 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക