Image

മോന്‍സനുമായുള്ള ബന്ധം: നടന്‍ ബാലയും ആരോപണനിഴലില്‍; വിശദീകരണവുമായി ബാല

Published on 28 September, 2021
മോന്‍സനുമായുള്ള ബന്ധം: നടന്‍ ബാലയും ആരോപണനിഴലില്‍; വിശദീകരണവുമായി ബാല
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനു വേണ്ടി സാമ്പത്തിക തര്‍ക്കം പരിഹരിക്കാന്‍ നടന്‍ ബാല ഇടപെട്ടിട്ടുണ്ടെന്ന് ആക്ഷേപം. മോന്‍സന്റെ ഡ്രൈവറായിരുന്ന അജിയുമായുള്ള തര്‍ക്കം പരിഹരിക്കാനാണ് ഇടപെട്ടത്. മോന്‍സനെതിരെ അജി നല്‍കിയ പരാതി പിന്‍വലിക്കാന്‍ ബാല ഇടപെട്ട് ബാല നടത്തുന്ന സംഭാഷണം പുറത്തുവന്നു. 

പത്ത് വര്‍ഷത്തോളം മോന്‍സനൊപ്പം ജോലി ചെയ്തിരുന്ന അജിയെ പണം നല്‍കാതെ മോന്‍സന്‍ പിരിച്ചുവിട്ടിരുന്നു. അജിക്കെതിരെ മോന്‍സന്‍ പോലീസിന് പരാതിയും നല്‍കി. ഇതോടെ മോന്‍സന്‍ തിരിച്ചും പരാതി നല്‍കി. മോന്‍സന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ആളാണ് അജി. മോശക്കാരനായി ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് അജി പറയുന്നു. 

പത്തു വര്‍ഷം പട്ടിയെ പോലെ പണിയെടുത്തതിന് ലഭിച്ച ബോണസാണ് കള്ളക്കേസുകളെന്ന് അജി ബാലയോട് പറയുന്നത് ശബ്ദരേഖയിലുണ്ട്. മോന്‍സനെതിരായ കേസ് പിന്‍വലിക്കാന്‍ ബാല ആവശ്യപ്പെടുമ്പോള്‍ അജി വിസമ്മതിക്കുകയാണ്. തനിക്കെതിരെ കേസ് കൊടുക്കുമ്പോള്‍ നാല് കുഞ്ഞുങ്ങള്‍ തനിക്കുണ്ടെന്ന കാര്യം മോന്‍സന്‍ ഓര്‍ത്തില്ലല്ലോ എന്നും അജി ബാലയോട് ചോദിക്കുന്നുണ്ട്.

ബാലയുടെ അടുത്ത സുഹൃത്താണ് മോന്‍സന്‍. ബാലയുടെ യുട്യൂബ് ചാനലില്‍ ബാല മോന്‍സനെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ഇവര്‍ അയല്‍ക്കാരുമാണ്. ബാലയുടെ വിവാഹത്തിന് മോന്‍സന്‍ നിരസാന്നിധ്യമായിരുന്നു. 

അതേസമയം, മോന്‍സനുമായി തനിക്ക് സാമ്പത്തിക ഇടപാട് ഒന്നുമില്ലെന്നും അയല്‍ക്കാരനും സുഹൃത്തുമെന്ന നിലയില്‍ ഡ്രൈവറുമായുള്ള ശമ്പള തര്‍ക്കം പരിഹരിക്കാനാണ് ഇടപെട്ടതെന്നും ബാല പറയുന്നു. ഡ്രൈവര്‍ ആവശ്യപ്രകാരമാണ് ഇടപെട്ടത്. മോഹന്‍ലാലിനെ മോന്‍സന് പരിചയപ്പെടുത്തിയത് താനല്ലെന്നും ബാല പറയുന്നു. 

അതേസമയം, തട്ടിപ്പിലൂടെ മോന്‍സന്‍ സമ്പാദിച്ച പണത്തിന്റെ വിഹിതം ബാലയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കേസിലെ പരാതിക്കാര്‍ ആവശ്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക