Image

ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി ; പരാജയത്തിലേയ്‌ക്കോ സുധാകരൻ - സതീശന്‍ ശൈലി

ജോബിന്‍സ് Published on 28 September, 2021
ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി ;  പരാജയത്തിലേയ്‌ക്കോ സുധാകരൻ - സതീശന്‍ ശൈലി
കേരളത്തിലെ കോണ്‍ഗ്രസ് അല്പം ഗ്രൂപ്പിസമൊക്കെയുണ്ടെങ്കിലും ഈ അടുത്ത കാലത്ത് ദേശീയ നേതൃത്വത്തിന് അധികം തലവേദനയൊന്നുമില്ലാതെ മുന്നോട്ട് പോവുകയായിരുന്നു. കേരളത്തില്‍ ഭരണം ലഭിക്കുമെന്നുവരെ കേന്ദ്ര നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ തുടങ്ങി പ്രശ്‌നങ്ങള്‍. 

പുതിയ നേതൃത്വത്തെ കൊണ്ടുവരുന്നതോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ആവുമെന്നാണ് ഹൈക്കമാന്‍ഡ് കരുതിയത്. അതോടുകൂടി പ്രശ്‌നങ്ങള്‍ ഇരട്ടിയായി. ചെന്നിത്തലയെ തള്ളി സതീശനെ പ്രതിപക്ഷ നേതാവാക്കിയപ്പോള്‍  തന്നെ തുടങ്ങി മുറുമുറുപ്പുകള്‍. 

സുധാകരന്‍ കെപിസിസി പ്രസിഡന്റായപ്പോഴും ഗ്രൂപ്പ് താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ കെ.സി. വേണുഗോപാലിന്റെ മൗനാനുവാദത്തോടെ ഇരുവര്‍ക്കും സര്‍വ്വ സ്വാതന്ത്ര്യവും നല്‍കുകയായിരുന്നു ഹൈക്കമാന്‍ഡ്. 

എന്നാല്‍ ഇവരുടെ ശൈലി മുതിര്‍ന്ന നേതാക്കള്‍ക്ക് ദഹിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒരു വേളയില്‍ പരസ്യ പ്രതികരണം പോലും നടത്തി. പ്രമുഖരായ മൂന്നു നേതാക്കള്‍ അടുത്ത കാലത്ത് പാര്‍ട്ടി വിട്ടു. 

ഇപ്പോള്‍ കേരളത്തില്‍ ആദര്‍ശധീരന്‍ എന്ന് പ്രതിഛായയുള്ള വി.എം. സുധീരനാകട്ടെ രണ്ടും കല്‍പ്പിച്ചാണ്. മുല്ലപ്പള്ളി രാമചന്ദ്രനും കടുത്ത പ്രതിഷേധം അറിയിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നാണ് ഇവരുടെയെല്ലാം പരാതി. 

പരാതികള്‍ എന്തായാലും കേരളത്തിലെ കോണ്‍ഗ്രസില്‍ ഒന്നിന് പുറകെ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ് . കെപിസിസി പ്രസിഡന്റിന്റേയും പ്രതിപക്ഷ നേതാവിന്റേയും ശൈലിയാണ് പ്രശ്‌നമെന്നാണ് പൊതുവെ വിലയിരുത്തല്‍. ആ ശൈലി പരാജയപ്പെട്ടില്ലേ എന്നും ഹൈക്കമാന്‍ഡിന് തോന്നലുണ്ട്. 

എല്ലാവരേയും പരിഗണിച്ച് മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ട പരിഗണന നല്‍കി ഒത്തൊരുമയോടെ മുന്നോട്ട് പോകണമെന്ന് ഹൈക്കമാന്‍ഡ് ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഹൈക്കമാന്‍ഡില്‍ സതീശനേയും സുധാകരനേയും പിന്തുണയ്ക്കുന്ന കെ.സി. വേണുഗോപാലും ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക