Image

വാവേ ഉന്നത ഉദ്യോഗസ്ഥ മെങ് വാന്‍ഷോയെ കാനഡ മോചിപ്പിച്ചു

Published on 27 September, 2021
 വാവേ ഉന്നത ഉദ്യോഗസ്ഥ മെങ് വാന്‍ഷോയെ കാനഡ മോചിപ്പിച്ചു


കാനഡയില്‍ വീട്ടുതടങ്കലിലായിരുന്ന ചൈനീസ് ടെക്ക് ഭീമനായ വാവേയുടെ ഉന്നത ഉദ്യോഗസ്ഥ മെങ് വാന്‍ഷോ മോചിതയായി. മൂന്ന് വര്‍ഷക്കാലം നീണ്ട ജയില്‍ വാസത്തിനൊടുവിലാണ് മെങിനെ കാനഡ മോചിപ്പിച്ചത്. ചൈനയില്‍ അറസ്റ്റിലായ രണ്ട് കാനഡ സ്വദേശികളെ വിട്ടയച്ചതിന് പകരമായാണ് മെങിനെ മോചിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് അവര്‍ ചൈനയില്‍ തിരിച്ചെത്തി.  മെങ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ 2018 ല്‍ ചാരവൃത്തി കേസ് ആരോപിച്ചാണ് മൈക്കല്‍ സ്പേവര്‍, മൈക്കല്‍ കോവ്രിഗ് എന്നിവരെ ചൈന തടവിലാക്കിയത്. മെങിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമെന്നോണമായിരുന്നു ഈ അറസ്റ്റെന്ന് ആരോപണമുണ്ടെങ്കിലും ചൈന അത് നിഷേധിക്കുകയാണുണ്ടായത്.


എന്നാല്‍ മെങ് വാന്‍ഷോയെ മോചിപ്പിച്ചതിന് പിന്നാലെ കാനഡക്കാരെ വിട്ടയച്ചതോടെ കാനഡ സ്വദേശികളുടെ അറസ്റ്റ് പ്രതികാരനടപടിയായിരുന്നുവെന്ന് വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ഫോണ്‍ ബ്രാന്റായിരുന്ന വാവേയുടെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമാണ് മെങ് വാന്‍ഷോ. 
വാവേയുടെ സ്ഥാപകന്‍ റെന്‍ ഷെങ്ഫെയുടെ മകളാണ് ഇവര്‍. 2018 ഡിസംബര്‍ ഒന്നിന് വാന്‍കോവറില്‍ വിമാനയാത്രക്കൊരുങ്ങുന്നതിനിടെയാണ് ഇവരെ കാനഡ അറസ്റ്റ് ചെയ്തത്. 


ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധ നിബന്ധനകള്‍ ലംഘിച്ചു എന്ന് ആരോപിച്ചാണ് വാവേയുടെ സ്ഥാപകന്റെ മകള്‍ കൂടിയായ മെങ് വാന്‍ഷോവിനെ അറസ്റ്റ് ചെയ്തത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക