Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 27 September, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)
പുരാവസ്തു കച്ചവടക്കാരനെന്ന പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ എന്ന വ്യക്തി പത്ത് കോടി രൂപ തട്ടിയെടുത്ത കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഗുരുതര ആരോപണം. തട്ടിപ്പിന് സുധാകരന്‍ കൂട്ടു നിന്നെന്നാണ് പരാതിക്കാരനായ അനൂപ് ആരോപിച്ചത്. സുധാകരന്റെ സാന്നിധ്യത്തിലാണ് 25 ലക്ഷം രൂപ മോന്‍സണ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും മോന്‍സണ്‍ മാവുങ്കലിനുള്ള ബന്ധം തെളിയിക്കുന്ന നിരവധി ഫോട്ടോകള്‍ പുറത്ത് വന്നു.
************************************************************
പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. മോന്‍സനുമായി ബന്ധമുണ്ട്, എത്ര വണ വീട്ടില്‍ പോയിട്ടുണ്ടെന്ന് എണ്ണിയിട്ടില്ലെന്നും തട്ടിപ്പുമായി ബന്ധമില്ലെന്നും തന്റെ സാന്നിധ്യത്തില്‍ ആരും പണം കൈമാറിയിട്ടില്ലെന്നും പറഞ്ഞ സുധാകരന്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ആരോപിച്ചു.
**********************************************************
സിപിഐയെ സമ്മര്‍ദ്ദത്തിലാക്കി കനയ്യ കുമാറിന്റെ നിബന്ധന. പാര്‍ട്ടിയുടെ ബീഹാറിലെ സംസ്ഥാന സെക്രട്ടറിയാക്കണമെന്നും തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാനാക്കണമെന്നും തീരുമാനം ഉടന്‍ അറിയിക്കണമെന്നും കനയ്യകുമാര്‍ സിപിഐ നേതൃത്വത്തോട് ആവശ്യപ്പെടും . കനയ്യകുമാര്‍ നാളെ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ ആവശ്യങ്ങളുമായി കനയ്യ കുമാര്‍ രംഗത്ത് വന്നിരിക്കുന്നത്. 
*****************************************************
കെപിസിസി  നേതൃത്വത്തിനെതിരെ പരാതിയുമായി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത്. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോടാണ് മുല്ലപ്പള്ളി പരാതി ഉന്നയിച്ചത്. ഏകാധിപത്യശൈലിയിലാണ് കെപിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തനമെന്നും എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോകാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടതായാണ് വിവരം.
*************************************
കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗത്വവും എഐസിസി അംഗത്വവും രാജിവച്ച വി.എം സുധീരനുമായി എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തി. സുധീരന്‍ അദ്ദേഹത്തെ തന്റെ അതൃപ്തി അറിയിച്ചു. ചര്‍ച്ചകള്‍ നടത്തിയവരോട് നന്ദിയുണ്ടെന്നും കോണ്‍ഗ്രസിന് ഭൂഷണമല്ലാത്ത ശൈലിയാണ് ഇപ്പോള്‍ നേതൃത്വം പിന്തുടരുന്നതെന്നും കേന്ദ്രനേതൃത്വം ഇടപെട്ട് ഇത് പരിഹരിക്കുന്നത് വരെ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വി.എം സുധീരന്‍ അറിയിച്ചു. 
********************************************
നാര്‍ക്കോട്ടിക്ക് ജിഹാദ്, ലൗ ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ബിഷപ്പിനെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല പക്ഷെ ക്രൂശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സഭകളുടെ വേദന അറിയാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഈശ്വരനുവേണ്ടി ജീവിതം സമര്‍പ്പിച്ച ഒരാളെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
******************************************
നാദാപുരത്ത് മൂന്നുവയസ്സുള്ള ഇരട്ട കുഞ്ഞുങ്ങളുമായി അമ്മ കിണറ്റില്‍ ചാടി. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശി സുബിനയാണ് മൂന്നു വയസ്സുള്ള ഇരട്ട കുഞ്ഞുങ്ങളായ മുഹമ്മദ് റസ്വിന്‍, ഫാത്തിമ റഫ്വ എന്നിവരെ കിണറ്റിലെറിഞ്ഞ ശേഷം പുറകെ ചാടിയത്. കുഞ്ഞുങ്ങള്‍ രണ്ടു പേരും മരിച്ചു നാട്ടുകാര്‍ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ച സുബിനയെ പോലീസ് കസ്റ്റഡിയിലെടുത്തു.
*******************************
സംസ്ഥാനത്ത് ഇന്ന് 11,699 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാംപിളുകളാണ് പരിശോധിച്ചത്. 14.55 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക