Image

ഉത്തരേന്ത്യ സ്തംഭിപ്പിച്ച്‌ കര്‍ഷകരുടെ ഭാരത് ബന്ദ്: രാജ്യതലസ്ഥാനത്ത് വന്‍ ഗതാഗത കുരുക്ക്, പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ചു

Published on 27 September, 2021
ഉത്തരേന്ത്യ  സ്തംഭിപ്പിച്ച്‌ കര്‍ഷകരുടെ  ഭാരത് ബന്ദ്: രാജ്യതലസ്ഥാനത്ത് വന്‍ ഗതാഗത കുരുക്ക്,  പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ചു
ന്യൂഡല്‍ഹി:  ഉത്തരേന്ത്യയെ സ്തംഭിപ്പിച്ച്‌ കര്‍ഷകരുടെ ഭാരത് ബന്ദ്. ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഉപരോധം റോഡ്- റെയില്‍ ഗതാഗതത്തെ സ്തംഭിപ്പിച്ചു. അതേ സമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയിലടക്കം കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നത് ബിജെപിയെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.

ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് പുറമെ ഉത്തര്‍പ്രദേശ്, ഒഡീഷ, ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ദേശീയ പാതകള്‍ ഉപരോധിച്ചതോടെ ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട മിക്ക ദേശീയപാതകളിലെയും ഗതാഗതം താറുമാറായി.

 ബന്ദില്‍ രാജ്യതലസ്ഥാനം നിശ്ചലമായി .  കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡല്‍ഹി - ഗുരുഗ്രാം അതിര്‍ത്തിയില്‍ ഒന്നര കിലോമീറ്ററില്‍ അധികം ദൂരം ഗതാഗത തടസം അനുഭവപ്പെട്ടു. ദേശീയപാതയിലെ വന്‍ ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗുരുഗ്രാമില്‍നിന്ന് ഡല്‍ഹിയില്‍ പ്രവേശിപ്പിക്കാന്‍ ഒരുങ്ങിയ വാഹനങ്ങളാണ് കുരുക്കില്‍ അകപ്പെട്ടത്.

 ബന്ദ് ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങീ സംസ്ഥനങ്ങളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളെ ബാധിച്ചു. രാവിലെ ആറുമണിക്ക് തുടങ്ങിയ ഭാരത് ബന്ദ് വൈകീട്ട് നാലുമണിവരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ദേശീയ പാതകള്‍ പൂര്‍ണ്ണമായും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. സംസ്ഥാന പാതകളും ഇതുമായി ബന്ധിപ്പിക്കുന്ന ചെറുറോഡുകളും വരെ പ്രതിഷേധക്കാര്‍ ഉപരോധിച്ചിട്ടുണ്ട്. 

റെയിലുകളില്‍ ഉപരോധം തീര്‍ത്തതോടെ റെയില്‍ ഗതാഗതവും പഞ്ചാബിലും ഹരിയാനയിലും ഏറെക്കുറെ തടസ്സപ്പെട്ടിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് ഇന്ന് സെപ്റ്റംബര്‍ 27ന്  ഒരു വര്‍ഷം തികയുകയാണ്. അതേ തുടര്‍ന്നാണ് കര്‍ഷകര്‍ ഭാരത്ബന്ദിന് ആഹ്വാനം ചെയ്തത്.

അതിനിടെ, ഹരിയാനയിലെ സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പൊലിസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂവെന്നും പൊലിസ് വ്യക്തമാക്കി.കര്‍ഷക സമരത്തിനിടെ ഇതുവരെ 700ലേറെ കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

 കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷക പ്രക്ഷോഭം. 40ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം.  

കര്‍ഷക സംഘടനകളെ കൂടാതെ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി, തെലുങ്ക്‌ദേശം പാര്‍ട്ടി തുടങ്ങിയവ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക