Image

ഗൂഗിളിന് 23ാം പിറന്നാള്‍; ആഘോഷമാക്കി ഡൂഡില്‍

Published on 27 September, 2021
ഗൂഗിളിന് 23ാം പിറന്നാള്‍; ആഘോഷമാക്കി ഡൂഡില്‍
ഗൂഗിള്‍ എന്ന സെര്‍ച്ച്‌ എഞ്ചിന്‍ ഭീമന്‍ പിറവിയെടുത്തിട്ട് ഇന്നേക്ക് 23 വര്‍ഷം. മനോഹരമായ ഡൂഡിലുമായാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. പിറന്നാള്‍ കേക്കിന് സമീപം ഗൂഗിള്‍ എന്നെഴുതിയ ഡൂഡില്‍ ഹോം പേജില്‍ കാണാം. കേക്കിന് മുകളില്‍ 23 എന്ന് എഴുതിയിട്ടുണ്ട്.

1998 സെപ്തംബറില്‍ പിഎച്ച്‌ഡി വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കിയത്. ഇരുവരും പഠിച്ചിരുന്ന കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ക്യാമ്ബസില്‍ ഉപയോഗിക്കുന്നതിനായിട്ടാണ് ഈ സെര്‍ച്ച്‌ എഞ്ചിന്‍ ആരംഭിച്ചത്. നേരത്തെ തന്നെ ബാക്ക് റബ് എന്ന പേരില്‍ ഒരു സെര്‍ച്ച്‌ എഞ്ചിന്‍ അല്‍ഗൊരിതം വികസിപ്പിച്ചെടുത്ത ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് ഗൂഗിള്‍ എന്ന് പേരിട്ടു. ഗണിതശാസ്ത്ര പദമായ ഗൂഗോളില്‍ (Googol) നിന്നാണ് ഗൂഗിള്‍ 
(Google) എന്ന പേര് വന്നത്.

1999 സെപ്റ്റംബര്‍ 21 വരെ ഗൂഗിള്‍ സെര്‍ച്ച്‌ ബീറ്റാ വെര്‍ഷനിലായിരുന്നു പ്രവര്‍ത്തിച്ചത്. ലളിതമായ രുപകല്‍‌പനയായിരുന്നു ഗൂഗിള്‍ സെര്‍ച്ച്‌ എഞ്ചിന്‍റെ പ്രധാന ആകര്‍ഷണം. ചിത്രങ്ങള്‍ അധികമൊന്നും നല്‍കാതെയുള്ള ഈ ലാളിത്യ മുഖം ഗൂഗിള്‍ പേജുകള്‍ ലോഡ് ചെയ്യുന്നത് എളുപ്പമാക്കി. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ഇടയില്‍ ഗൂഗിള്‍ പെട്ടെന്നു പ്രശസ്തമായി. 

2000-ല്‍ സെര്‍ച്ച്‌ കീ വേര്‍ഡിനനുസരിച്ച്‌ ഗൂഗിളില്‍ പരസ്യങ്ങള്‍ നല്‍കാന്‍ തുടങ്ങി. ഗൂഗിളിന്‍റെ വരുമാനവും ഇതോടെ കുതിച്ചുയര്‍ന്നു. സമകാലീനരായ ഒട്ടേറെ ഡോട്ട്കോം സംരംഭങ്ങള്‍ പരാജയപ്പെട്ടപ്പോഴും കാര്‍ഷെഡില്‍ പ്രവര്‍ത്തനമാരംഭിച്ച ഗൂഗിള്‍ വിജയ ഗാഥകള്‍ രചിച്ചു.

ഇന്‍റര്‍നെറ്റില്‍ തിരയുക എന്നതിനു പകരമായി റ്റു ഗൂഗിള്‍ എന്ന പ്രയോഗശൈലി തന്നെ ഇംഗ്ലീഷില്‍ രൂപപ്പെട്ടു.  23 വര്‍ഷത്തിനിടയില്‍ ഗൂഗിള്‍ ഒരു വമ്ബന്‍ ശൃഖലയായി മാറിക്കഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക