EMALAYALEE SPECIAL

വിശ്വാസത്തിലെ അന്ധത: ചില വ്യക്തിഗത വിചാരങ്ങൾ (തമ്പി ആന്റണി)

Published

on

'Religion is something we believe in without any proof.'

Richard Dawkins
 

അന്ധവിശ്വാസം ഇരുട്ടാണ്. അറിവ് എന്ന വെളിച്ചം ചെന്നാലേ അതില്ലാതാകുന്നുള്ളു. പ്രകാശത്തിന്റെ ഇല്ലായ്മയാണ് ഇരുട്ട്. (Darkness is the absence of light.) ഇരുട്ടുകൊണ്ട് പ്രകാശത്തെ ഇല്ലാതാക്കാൻ പറ്റില്ല. മറിച്ച്, പ്രകാശംകൊണ്ട് ഇരുട്ടിനെ ഇല്ലാതാക്കാൻ കഴിയും. പ്രകാശം പ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെട്ടതാണ്. സൂര്യനോ നക്ഷത്രങ്ങളോ കത്തിജ്ജ്വലിക്കുമ്പോഴേ പ്രകാശമുണ്ടാവുകയുള്ളു. കത്തിനിൽക്കുന്ന വസ്തുക്കളിൽനിന്നോ ഇലക്ട്രിസിറ്റിയിൽനിന്നോ പ്രകാശമുണ്ടാകുന്നു. അങ്ങനെ നമുക്കു ഭൂമിയിലെ ഇരുട്ടിനെ അകറ്റാൻ കഴിയുന്നു. കടലിനടിയിലാണെങ്കിൽപ്പോലും ഇരുട്ടിനെയകറ്റാൻ പ്രകാശത്തിനു സെക്കൻഡുകൾപോലുമാവശ്യമില്ല. മതഗ്രന്ഥങ്ങളിലെ ഇരുട്ടാണ് അറിവില്ലായ്മ. ആ അന്ധകാരം മനുഷ്യനെ പിറകോട്ടു നടത്തുന്നു. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മതത്തിന്റെ ആശ്വാസങ്ങളാണ്. ആ ശ്വാസം മുട്ടിയാലേ മതങ്ങളും മരിക്കുകയുള്ളു.  

 ഒരു മതമുപേക്ഷിക്കുന്നവരെന്തിനാണ് മറ്റൊരു മതം സ്വീകരിക്കുന്നത്? ഏതു വിഷമാണു നല്ലത് എന്നു ചോദിക്കുന്നതുപോലെയാണ് ഏതു മതമാണു നല്ലതെന്നു ചോദിക്കുന്നത്. ഒരു ഗുഹയിൽ ഇരുട്ടായപ്പോൾ കൂരിരുട്ടുള്ള മറ്റൊരു ഗുഹയിലേക്കു കയറുന്നതുപോലെയേയുള്ളു അത്. വെളിച്ചം ഗുഹയ്ക്കു വെളിയിലാണ്. (All blind believers are always in the dark tunnel. Yes, there is light at the end, but you have to get out of the tunnel and then only you can be free from the darkness.)
  
 അന്ധവിശ്വാസമുള്ളവർ ഏതു മതവിഭാഗത്തിൽപ്പെട്ടവരാണെങ്കിലും അവർക്കു മാറിച്ചിന്തിക്കാനുള്ള സാവകാശമുണ്ടാവില്ല. അന്ധരെപ്പോലെയാണവർ. അവർ സ്വന്തം മതഗ്രന്ഥങ്ങൾപോലും പൂർണമായി വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാറില്ല. ഒന്നുകിൽ മുഴുവനായി വായിക്കുകയും അതിൽ പതിയിരിക്കുന്ന അപകടങ്ങൾ അറിയുകയും ചെയ്യുക; അല്ലെങ്കിൽ വായിക്കാതിരിക്കുക. ഇത്, 'ചെലപ്പോ ശരിയാകും, ചെലപ്പൊക്കെ ഒട്ടും ശരിയാവില്ല' എന്നു പറഞ്ഞതുപോലെയാണ്!
 
   ഇന്നു മതഗ്രന്ഥങ്ങളിൽ നമ്മൾ പഠിക്കുന്ന പല നിയമങ്ങളും നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായ, ചോദ്യംചെയ്യപ്പെടാത്ത നിയമങ്ങളാണ്. അന്നത്തെ ഗോത്രത്തലവൻമാരും രാജാക്കൻമാരും അവരുടെ സൗകര്യത്തിനുവേണ്ടി ഉണ്ടാക്കിയവയാണ്. മഹായുദ്ധങ്ങളായി ഇന്നു വിശേഷിപ്പിക്കപ്പെടുന്ന പലതും അന്നത്തെ ഗോത്രവർഗക്കാർ തമ്മിൽ അധികാരത്തിനുവേണ്ടി നടത്തിയ ചെറിയ യുദ്ധങ്ങളാണ്. പിന്നീട് അവയെയൊക്കെ മഹത്വവൽക്കരിച്ചതും പുതിയ കഥകൾ മെനഞ്ഞെടുത്തതും മതഗ്രന്ഥങ്ങൾക്കുവേണ്ടിയാണ്. അവയുടെ എഴുത്തുകാർക്കുതന്നെയാണ് അതിന്റെയൊക്കെ പൂർണ ഉത്തരവാദിത്വം. ആ പുസ്തകങ്ങളൊക്കെ എഴുത്തുകാരുടെ സാങ്കൽപ്പികസൃഷ്ടികളല്ലെന്നു കരുതിയവർക്കു ചിന്താശക്തി കുറവായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. അതുകൊണ്ടാവാം, വിവേകബുദ്ധിയുള്ളവർക്കും പുതിയ തലമുറയിലെ ചിന്താശക്തിയുള്ളവർക്കും അവയിൽ പറയുന്നതൊന്നും ഉൾക്കൊള്ളാൻ പറ്റാത്തത്. വായിക്കുന്നവർ ചിന്തിക്കാത്തതുകൊണ്ടാണല്ലോ ആ പുസ്തകങ്ങൾ പുണ്യപുസ്തകങ്ങളായത്!   
മതഗ്രന്ഥങ്ങൾ പഠിക്കുന്ന ഓരോരുത്തരും അവരുടെ മതത്തിലെ ശീലങ്ങൾക്ക് അടിമകളായതുകൊണ്ട് അവയിൽനിന്നു രക്ഷപ്പെടാനോ അവയെ വെറുക്കാനോ അവർക്കു കഴിയുന്നില്ല. പുസ്തകജ്ഞാനം മാത്രമല്ല നമുക്കാവശ്യം; വിശകലനജ്ഞാനംകൂടിയാണ്. പ്രശസ്തസാഹിത്യനിരൂപകനായിരുന്ന എം കൃഷ്ണൻനായർ സാഹിത്യവാരഫലത്തിൽ പറഞ്ഞതാണ് ഓർമവരുന്നത്. 'കവിതയെ വെറുക്കാൻ രണ്ടു മാർഗങ്ങളേയുള്ളു: ഒന്ന്, വെറുതേയങ്ങു വെറുക്കുക; അല്ലെങ്കിൽ അലക്‌സാണ്ടർ പോപ്പിന്റെ കവിതകൾ വായിക്കുക!' ചെറിയ മാറ്റം വരുത്തിയാൽ, മതഗ്രന്ഥങ്ങളെ വെറുതേയങ്ങു വെറുക്കുക; അല്ലെങ്കിൽ ആ പുണ്യപുരാതനപുസ്തകങ്ങൾ മനസ്സിരുത്തി വായിക്കുക. അല്ലാതെ, അവയുടെ താളുകൾ മറിച്ചുനോക്കിയിട്ട് അഭിപ്രായം പറയുന്നവർ ആനയെക്കാണാൻ പോയ പഴയ പൊട്ടക്കണ്ണനെപ്പോലെയാണ്. മുഴുവനും കാണാതെ, വാലിൽ മാത്രം തൊട്ടുനോക്കി, ഏറ്റവും അപകടകാരിയായ ആനപോലും വെറും ചൂലുപോലെയാണെന്നു പറയും! ഏതു മതഗ്രന്ഥമായാലും അതിൽ പതിയിരിക്കുന്ന അപകടങ്ങൾ അറിഞ്ഞിരിക്കുക.
   
പ്രപഞ്ചം സൃഷ്ടിക്കാൻ 'ഒരാൾ' ഉണ്ടെന്നു നമ്മൾ പഠിക്കുന്നത് മതഗ്രന്ഥങ്ങളിൽക്കൂടിയാണ്. പദപ്രയോഗംകൊണ്ടുതന്നെ അതൊരു പുരുഷനാണെന്നു വരുന്നു. അല്ലായിരുന്നെങ്കിൽ 'ഒരുത്തി' എന്നോ 'ഒരുവൾ' എന്നോ പറയുമായിരുന്നു. കൃത്യമായ പുരുഷമേധാവിത്വം ഇവിടെക്കാണാം. എന്തായാലും ആ 'ഒരാളാ'ണു ദൈവം. മതഗ്രന്ഥങ്ങളിലൂടെ മതത്തെ അന്ധമായി സ്‌നേഹിക്കുന്നവരും അതിനുവേണ്ടി സ്വന്തം ജീവൻവരെ ത്യജിക്കുന്നവരും അവർക്കു ജനിക്കുമ്പോൾ മുതൽ കിട്ടുന്ന മതബോധത്തിന്റെ ബലിയാടുകളാണ്. ഇതൊക്കെ പഠിപ്പിക്കുന്ന പുരോഹിതൻമാരും മുല്ലാക്കമാരും സംന്യാസിമാരുമൊക്കെ തലമുറകളായി കേട്ടും പഠിച്ചുംവന്ന തെറ്റിദ്ധാരണകളുടെ ഇരകളാണ്. അവർ അറിവില്ലായ്മകൊണ്ടു ചെയ്യുന്ന തെറ്റുകളാണ് മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെ ബലിയാടുകളാകുന്നവർ ഇഹജീവിതം കഴിയുമ്പോൾ ഒരു സ്വർഗലോകം അവർക്കായി കാത്തിരിക്കുന്നുവെന്നു വിശ്വസിക്കുന്നു. സ്വർഗമില്ലെന്നുള്ള തിരിച്ചറിവ് എപ്പോഴുണ്ടാകുന്നോ അപ്പോൾ തീരാവുന്നതേയുള്ളു നമ്മുടെ പ്രധാനപ്രശ്‌നങ്ങളൊക്കെ. ഇപ്പോൾ അതറിയാവുന്നത് ആൾദൈവങ്ങൾക്കും മതപുരോഹിതൻമാർക്കും നിരീശ്വരവാദികൾക്കും മാത്രമാണ്.
   
ഒരു തുടക്കമുണ്ടെങ്കിൽ തുടക്കമിട്ടയാളുമുണ്ട് എന്നു വിശ്വസിക്കുന്നവരാണ് മതവിശ്വാസികളും പ്രവാചകൻമാരും. പ്രപഞ്ചത്തിനു തുടക്കമില്ലെന്ന വസ്തുത നമ്മുടെ സങ്കൽപ്പങ്ങൾക്കപ്പുറമാണ്. അതുകൊണ്ട് ഒരു തുടക്കത്തെയും തുടക്കക്കാരനെയും നമ്മൾ മതങ്ങൾക്കുവേണ്ടി സൃഷ്ടിക്കുകയാണ്. ആ തുടക്കക്കാരനു നമ്മൾ ദൈവമെന്നു പേരിടുന്നു. ഇല്ലാത്ത ആകാശംപോലെ, ദൈവവും ഉണ്ടെന്നത് ഒരു തോന്നൽ മാത്രമാണ്. എന്നിട്ടും ഇല്ലാത്ത ദൈവം ഇല്ലാത്ത ആകാശം സൃഷ്ടിച്ചുവെന്ന് മതഗ്രന്ഥങ്ങൾ പറയുന്നു.
   
ഞാൻ പ്രപഞ്ചത്തെ അളക്കുന്നത് ഇൻഫിനിറ്റ് എന്ന സംജ്ഞയിലൂടെയാണ്. എവിടെ നിന്നാലും ഏതു കാലത്തു ജനിച്ചാലും മരിച്ചാലും നമ്മൾ നമ്മുടെ ഡി എൻ ഏ പതിപ്പുകളായി മക്കളിലൂടെ, അവരുടെ മക്കളിലൂടെ ജീവിച്ചുകൊണ്ടേയിരിക്കുന്നു. ആ പ്രക്രിയയ്ക്ക് അവസാനമില്ല. അങ്ങനെ ഒരിക്കലുമവസാനിക്കാത്തതിനെയാണ് ഗണിതശാസ്ത്രത്തിൽ ഇൻഫിനിറ്റ് ലിമിറ്റ് എന്നു പറയുന്നത്. പിന്നിലേക്കു തിരിഞ്ഞുനോക്കിയാലും ഇതുതന്നെയാണവസ്ഥ. ആദ്യം അച്ഛനിലേക്ക്, പിന്നെ മുത്തച്ഛനിലേക്ക്, അങ്ങനെ എവിടെവരെ പോകാനാകും? പരിണാമത്തിന്റെ ആദ്യഘട്ടത്തിലെ സൂക്ഷ്മജീവിയിലെത്തിയാലും യാത്ര അവസാനിക്കുന്നില്ല. പ്രപഞ്ചത്തിന്റെ അവസ്ഥയും ഭിന്നമല്ല. അനാദ്യന്തമാണത്. അനന്തകോടി ഭീമൻനക്ഷത്രങ്ങൾക്കിടയിലെ ചെറുനക്ഷത്രമായ സൂര്യനെച്ചുറ്റുന്ന സൂക്ഷ്മഗോളമായ ഭൂമിയിലെ അതീവസൂക്ഷ്മാണുജീവികളായ നമ്മുടെ ചിന്തകൾക്കപ്പുറമാണ് ആ വസ്തുത. ചിന്തിച്ചുചിന്തിച്ച് അന്ത്യം കാണാനാവാത്ത ദശാസന്ധിയിലാണ് നമ്മൾ ദൈവത്തെ സൃഷ്ടിക്കുന്നത്. അതൊരു ഫുൾസ്റ്റോപ്പല്ല. അതിനപ്പുറത്തേക്കു നമുക്കു പോകാനാവാത്തതുകൊണ്ടു സംഭവിക്കുന്നതാണ്. ദൈവം നമ്മുടെ മാത്രം ഭാവനയാണ്. ആ ദൈവം നമ്മളെപ്പോലെയിരിക്കുകയും നമ്മേക്കാൾ കരുത്തരായിരിക്കുകയും വേണമെന്നു നമുക്കു നിർബ്ബന്ധമുണ്ട്. ഭൂമിയിലുള്ള മറ്റു ജീവജാലങ്ങൾക്കൊന്നും ഇതു ബാധകമല്ല. അവർ പ്രകൃതിയുടെ അവിഭാജ്യഘടകങ്ങളായി സന്തോഷത്തോടെ ജീവിക്കുന്നു. നമ്മൾ പ്രകൃതിയെ നശിപ്പിക്കാൻവേണ്ടി ജീവിക്കുന്നു!
   
ദൈവം, ഇല്ലായ്മയിൽനിന്നു പ്രപഞ്ചത്തെ സൃഷ്ടിച്ചെന്നു സങ്കൽപ്പിക്കുക. ആ ദൈവം എവിടെനിന്നു വന്നു? ആ ദൈവത്തെ ആരു സൃഷ്ടിച്ചു? ആ അന്വേഷണവും ഒരിടത്തുമെത്താതെ ഇൻഫിനിറ്റ് ലിമിറ്റിലെത്തുന്നു എന്നതാണു രസകരം. അതുകൊണ്ട് പ്രപഞ്ചമാകെ മറ്റൊരു രൂപത്തിൽ, ഊർജ്ജരൂപത്തിൽ ഉണ്ടായിരുന്നു എന്ന ശാസ്ത്രമതം സ്വീകരിക്കാനേ കഴിയൂ. ഒന്നുമില്ലായ്മയിൽനിന്ന് ഒന്നുമുണ്ടാക്കാൻ കഴിയില്ല. എന്നിട്ടും ഇല്ലാത്ത ഒന്ന് ഉണ്ടോ ഇല്ലയോ എന്ന തർക്കത്തിനുവേണ്ടിയാണ് നാം സമയം മുഴുവനും പാഴാക്കുന്നത്. ഒടുക്കം ഒരുത്തരവും കിട്ടാതെ നമ്മളും ഇല്ലാതെയാകുന്നു!
  
 മനുഷ്യരും ജീവജാലങ്ങളുമൊക്കെ പരിണമിച്ചുണ്ടായതാണെന്ന ഡാർവിന്റെ സിദ്ധാന്തത്തിനുള്ള തെളിവുകൾ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു. അനേകകോടി വർഷങ്ങളുടെ പരിണാമങ്ങളുടെ ചിത്രം ഇന്ന് ഏറെക്കുറേ വ്യക്തമാണ്. അഥവാ ഇനി അതു തെറ്റാണെങ്കിൽ അതു തെളിയിക്കേണ്ടതും ശാസ്ത്രമാണ്, മതഗ്രന്ഥങ്ങളല്ല.
   
അനേകായിരം ബീജങ്ങളുടെ പരക്കംപാച്ചിലിനിടെ യാദൃച്ഛികമായി അണ്ഡവുമായി കൂടിച്ചേർന്നാണ് അമ്മയുടെ ഗർഭപാത്രത്തിൽ മനുഷ്യജീവൻ രൂപപ്പെടുന്നത്. അതായത്, പുരുഷന്റെയും സ്ത്രീയുടെയും ശരീരങ്ങളിലുണ്ടാകുന്ന സൂക്ഷ്മാണുക്കളൊന്നിച്ച് മനുഷ്യജീവനു തുടക്കം കുറിക്കുന്നു. അങ്ങനെയേ മനുഷ്യനുണ്ടാകൂ. അല്ലാതെ ദൈവങ്ങൾ മണ്ണു കുഴച്ചുണ്ടാക്കുകയല്ല. ബീജാണ്ഡസംഗമത്തിലൂടെയുണ്ടാകുന്ന മനുഷ്യനെപ്പോലും ഇല്ലാതെയാക്കാനല്ലാതെ ആർക്കും നിയന്ത്രിക്കാൻ സാധിക്കുന്നില്ല. അതുപോലെതന്നെയാണു പ്രപഞ്ചവും. തനിയേ ഉണ്ടാകുന്നതൊന്നും ആരുടെയും നിയന്ത്രണത്തിലല്ല. അവ നശിക്കുന്നതും തനിയേയാകും. അതൊക്കെ ആരോ ചെയ്യുന്നതാണെന്ന് അന്ധവിശ്വാസികൾ കരുതുന്നു.
   
പല വിഭാഗങ്ങളിലുള്ള ആളുകൾ സൃഷ്ടിക്കുന്ന ദൈവങ്ങളാണ് വിവിധമതങ്ങളുടെ അടിസ്ഥാനം. ആ ദൈവങ്ങളാണ് പ്രപഞ്ചമുണ്ടാക്കിയതെന്ന് ആ മതക്കാർ വിശ്വസിക്കുന്നു. എന്നാൽ വയലാറിന്റെ 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു/ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു' എന്നീ വരികളാണു സത്യം!
   
പ്രപഞ്ചം അനാദിയും അനന്തവുമാണെന്നു നേരത്തേ സൂചിപ്പിച്ചു. പ്രപഞ്ചത്തെ നമ്മൾ മനസ്സിലാക്കുന്നത് മൂന്നു കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്: സ്ഥലം, കാലം, ദ്രവ്യം (Space, Time, Matter.) അതിൽനിന്നു സമയത്തെ എടുത്തുമാറ്റിയാൽ അതായിരിക്കും പ്രപഞ്ചം. കാലമുണ്ടാക്കിയതു ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരാണ്. അത് ആപേക്ഷികമാണ്. ഭൂമിയിൽനിന്നു പുറത്തുപോയാൽ സമയക്രമം ഇതായിരിക്കില്ലല്ലോ. പ്രപഞ്ചത്തിനു സമയമില്ലെങ്കിൽ ഏതു സമയത്താണ് പ്രപഞ്ചകർത്താവ് ഈ സൃഷ്ടി നടത്തിയത് എന്ന ചോദ്യം ഉത്തരമില്ലാത്തതായിത്തീരും. അതുകൊണ്ടുതന്നെ സ്രഷ്ടാവും ഇല്ലാതാകുന്നു. ഭൂമിയിലെ മനുഷ്യർ സമയമില്ലെന്നു പറയുന്നതു മറ്റൊരർത്ഥത്തിലാണ്. നാം നമുക്കുവേണ്ടി സൃഷ്ടിച്ച സമയം നമുക്കു തികയുന്നില്ല എന്നതാണ് അതിന്റെ ഉദ്ദേശ്യം.
   
പ്രപഞ്ചം ഉണ്ടായിരുന്നതാണ്; എന്നും ഉണ്ടായിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഡോ റിച്ചാഡ് ഡോക്കിൻസുൾപ്പെടെയുള്ള ചിന്തകൻമാർ പരിണാമസിദ്ധാന്തം എന്ന സാധ്യതയിൽ വിശ്വസിക്കുന്നത്. പ്രപഞ്ചസ്രഷ്ടാവിനെപ്പറ്റി ചിന്തിക്കുന്നതുതന്നെ അബദ്ധമാണെന്നാണ് അവരുടെ അഭിപ്രായം. സ്രഷ്ടാവുള്ളതായി നമ്മുടെ പൂർവ്വികർ സങ്കൽപ്പിച്ചുതുടങ്ങിയപ്പോൾമുതൽ ഭാവനാശാലികളായ കഥാകാരൻമാരും എഴുത്തുകാരും പൊടിപ്പും തൊങ്ങലും വച്ച കഥകളുണ്ടാക്കിത്തുടങ്ങി. കഥാപാത്രങ്ങൾക്ക് അമാനുഷികഭാവം കൊടുത്തു. മതങ്ങളുണ്ടാക്കുകയും മതഗ്രന്ഥങ്ങളെഴുതുകയും ചെയ്തു. ആ മതങ്ങളുടെ പേരിൽ രാജ്യങ്ങൾ തമ്മിൽ മഹായുദ്ധങ്ങളുണ്ടാകുന്നു.
   
മതത്തിൽ വിശ്വസിക്കാത്തവർ നരകത്തിൽ പോകുമെന്ന് അന്ധവിശ്വാസികൾ പറയുന്നു. ഇത്തരം തെറ്റിദ്ധാരണകൾ തിരുത്തിയെഴുതേണ്ട ഉത്തരവാദിത്വം ഇന്നത്തെ എഴുത്തുകാരനുള്ളതാണ്. കാരണം അവരുടെ മുൻതലമുറക്കാരുടെ ഭാവനാസൃഷ്ടികളാണ് ആ അതിഭാവുകത്വമുള്ള കഥകളും കഥാപാത്രങ്ങളും. യുക്തിബോധമുള്ളവർക്കു മാത്രമല്ല, പുരോഹിതൻമാർക്കും ഇതെല്ലാം കെട്ടുകഥകളാണെന്നറിയാം. പാവം വിശ്വാസികൾ അതൊന്നുമറിയാതെ മതഗ്രന്ഥങ്ങൾ കാണാതെപഠിച്ച് എന്തൊക്കെയോ പുലമ്പുന്നു. അവയിൽ വിശ്വസിച്ച് അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്നു.
   
ഏറ്റവും കൂടതൽ നുണ പറയുന്നതു മതവും സാഹിത്യവുമാണ്. മതഗ്രന്ഥങ്ങളെ സാഹിത്യകൃതികൾ മാത്രമായിക്കണ്ടാൽ അവ ആസ്വദിക്കാൻ കഴിയും. അവ സത്യമാണെന്നു വിശ്വസിക്കുമ്പോഴാണു കുഴപ്പം. അങ്ങനെ വിശ്വസിക്കുന്നവർ തീവ്രവാദികളായി മാറുമ്പോൾ ആപത്തായിത്തീരുന്നു. അഫ്ഗാനിസ്ഥാനിൽ നടക്കുന്നത് അതാണ്. ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദിനെപ്പോലെയുള്ള കലാകാരൻമാരെയും ഡാനിഷ് സിദ്ദിഖിയെപ്പോലെയുള്ള മാധ്യമപ്രവർത്തകരെയും കൊല്ലുന്നത് അത്തരക്കാരാണ്. പ്രപഞ്ചം ആരു സൃഷ്ടിച്ചാലും നമുക്കോരോരുത്തർക്കും ഒരു ജീവിതമേയുള്ളെന്നും മരിക്കുന്നത് ഒറ്റയ്ക്കായിരിക്കുമെന്നും ഓർക്കാതെപോകുന്നത് അന്ധവിശ്വാസത്തിൽ അതിരറ്റു മുങ്ങിപ്പോകുന്നതുകൊണ്ടാണ്.
   
ഏതു മതത്തിൽപ്പെട്ടവരായാലും അടിസ്ഥാനപരമായി മനുഷ്യർക്കു വേണ്ടതു സ്വാതന്ത്ര്യമാണ്. ക്രിസ്ത്യാനികൾ കുമ്പസാരിക്കണമെന്നും ഞായറാഴ്ച പള്ളിയിൽ പോകണമെന്നും മുസ്ലീമാണെങ്കിൽ അഞ്ചുനേരം നിസ്‌ക്കരിക്കണമെന്നും പർദ്ദയിടണമെന്നും ഹിന്ദുവാണെങ്കിൽ വ്രതം നോൽക്കണമെന്നും ശഠിക്കുന്നത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങളിൽ നിന്നു വിട്ടുപോരുന്നത് എളുപ്പമല്ല. കഠിനപരിശ്രമം ഇതിനാവശ്യമാണ്.
   
ഖുർ ആൻ, ബൈബിൾ, ഗീത എന്നിവയ്‌ക്കൊക്കെ സാഹിത്യമൂല്യവും ചരിത്രമൂല്യവുമുണ്ട്. അവയെ മതങ്ങൾക്കുവേണ്ടി വ്യാഖ്യാനിക്കുന്നതു ശരിയല്ല. നമ്മളെ സ്വതന്ത്രമായി ചിന്തിപ്പിക്കാനുള്ള പലതും അവയിലുണ്ട്. അവ മതങ്ങൾക്കുവേണ്ടി എഴുതപ്പെട്ടവയല്ലെന്നും മനുഷ്യനു സ്വയം മനസ്സിലാക്കാൻ രചിക്കപ്പെട്ടവയാണെന്നും തിരിച്ചറിയേണ്ടതുണ്ട്.
   
പ്രപഞ്ചസ്രഷ്ടാക്കളെന്നു വിശ്വാസികൾ അവകാശപ്പെടുന്ന ദൈവങ്ങൾക്ക് ഭൂമി ഉരുണ്ടതാണെന്നുപോലും അറിയില്ലായിരുന്നു! ഒരു മതഗ്രന്ഥവും അതടയാളപ്പെടുത്തിയിട്ടില്ല. അപ്പോൾപ്പിന്നെ ബാക്കി കാര്യങ്ങൾ കണ്ണടച്ചു വിശ്വസിക്കേണ്ടതുണ്ടോ? എന്തെങ്കിലും അവകാശപ്പെടുകയോ ആരോപിക്കുകയോ ചെയ്യുന്നവർക്ക് അതു തെളിയിക്കാനുള്ള ബാധ്യതയുണ്ട്. തെളിവില്ലാതെ വിശ്വസിക്കാൻ തയ്യാറായവരുള്ളതു കൊണ്ടാണ് മതങ്ങൾ നിലനിൽക്കുന്നത്. മതപാഠശാലകളിലെ പഠിതാക്കൾ ചോദ്യങ്ങളുന്നയിക്കരുതെന്ന എഴുതപ്പെടാത്ത നിയമമുള്ളത്, ശരിയായ ഉത്തരങ്ങളില്ലാത്തതുകൊണ്ടാണ്. കൊച്ചു കുട്ടികളാകുമ്പോൾ ചോദ്യങ്ങളുണ്ടാവില്ലെന്നുറപ്പുണ്ട്. എന്നാൽ സയൻസ് പഠിക്കുമ്പോൾ ചോദ്യങ്ങൾ ചോദിക്കാം. ഉത്തരങ്ങളുമുണ്ട്. കാരണം അതിനൊക്കെ തെളിവുകളുണ്ട്. ശാസ്ത്രത്തിൽ പുതിയപുതിയ പരീക്ഷണങ്ങൾ നടക്കുകയും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് എഴുതപ്പെട്ട മതഗ്രന്ഥങ്ങൾക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല. അഥവാ മാറ്റാൻ അന്ധവിശ്വാസികൾ സമ്മതിക്കുന്നില്ല. പുരാതനഗ്രന്ഥങ്ങളിൽ എഴുതിയിരിക്കുന്നതു മുഴുവൻ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വള്ളിപുള്ളി മാറ്റാതെ അനുസരിക്കുന്നതിൽ ഒരു യുക്തിയും കാണുന്നില്ല.  മുകളിൽ എന്നും താഴെ എന്നും പറയുന്നത് ആപേക്ഷികമാണെന്ന് ആൽബർട്ട് ഐൻസ്റ്റീൻ സമർത്ഥിച്ചിട്ടുണ്ട്. എന്നിട്ടും മുകളിലൊരാളുണ്ടെന്നും അതു ദൈവമാണെന്നും പഴയ പ്രവാചകൻമാർ അനുയായികളെ പറഞ്ഞു വിശ്വസിപ്പിച്ചത് അവരുടെ പരിമിതമായ അറിവു വച്ചുകൊണ്ടാണ്. അതിന് ഇന്നൊരു സാധുതയുമില്ല.
   
ഭൂരിപക്ഷം ആളുകളും മതത്തിന്റെ നിയമങ്ങളനുസരിച്ചു ജീവിക്കാനാഗ്രഹിക്കുന്നവരാണ്. സുരക്ഷിതത്വമാണു മാനദണ്ഡം! പലരും അതു സ്വയം അടിച്ചേൽപ്പിക്കുകയാണ്. അത്തരം നിയമങ്ങൾക്കകത്തു നിന്നുകൊണ്ട് ആർക്കും സൃഷ്ടിപരമായി ഒന്നും ചെയ്യാൻ സാധിക്കില്ല. ക്രിയാത്മകത കൂടുതലുള്ളവർ ആ നിയമങ്ങൾക്കു പുറത്തു നിൽക്കുന്നവരാണ്. ഇന്നുവരെ ജീവിച്ചിരുന്ന മഹാപ്രതിഭകളൊക്കെ ആ ഗണത്തിൽപ്പെട്ടവരാണ്.
   
ദേവാലയത്തിൽ വിഗ്രഹങ്ങൾവച്ചു പൂജ ചെയ്ത ജൂതൻമാരെയും ചുങ്കക്കാരെയും ഒരു വിപ്ലവകാരി ചാട്ടവാറുകൊണ്ടടിച്ചു പുറത്താക്കിയപ്പോൾ അവരുടെ കച്ചവടം പൊളിഞ്ഞു. അന്നത്തെ എല്ലാ മതനിയമങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും കാറ്റിൽപ്പറത്തിയ അവൻ സമൂഹത്തിൽ ഒറ്റപ്പെട്ടവനായി. അവനെ കുറ്റക്കാരനാക്കി ക്രൂശിൽത്തറച്ചു കൊന്നു. അവൻ ക്രിസ്തുവാണെന്നു മതഗ്രന്ഥങ്ങൾ പറയുന്നു. പിന്നീട്, ക്രിസ്തു പറഞ്ഞുവെന്നുപറഞ്ഞ് എഴുതിയിട്ടുള്ള കാര്യങ്ങളനുസരിക്കുന്ന ഒരു സമൂഹമുണ്ടായി. അവർ സംഘടിച്ചപ്പോൾ ഒരു മതമുണ്ടായി. ക്രിസ്തു ജീവിച്ചിരുന്നിട്ടുണ്ടെങ്കിൽത്തന്നെ ആ മനുഷ്യൻ ഒരു മതമുണ്ടാക്കുമായിരുന്നില്ല. ക്രിസ്തുവിന്റെ ജീവിതമോ അതിൽപ്പറയുന്ന സംഭവങ്ങളോ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടില്ല എന്നതാണ് ഏറ്റവും രസകരം. ജീവിച്ചിരുന്നെന്നു കരുതിയാൽപ്പോലും യഥാർത്ഥജീവിതമല്ല നമ്മൾ പഠിക്കുന്നതും മനസ്സിലാക്കുന്നതും. അദ്ദേഹത്തിന്റെ ചിത്രംപോലും മൈക്കൽ ആഞ്ചലോ എന്ന പ്രശസ്തകലാകാരന്റെ ഭാവനയിലുണ്ടായതാണ്.
   
ക്രിസ്തുവിനെപ്പറ്റി ഏറ്റവും കൂടുതൽ പരമാർശമുള്ളതു ഖുർ ആനിലാണ്. അവർ പറയുന്ന ഈസാനബി മുഹമ്മദിനെപ്പോലെ പ്രവാചകൻ മാത്രമാണ്. അതു ശരിയാണെങ്കിൽ ക്രിസ്തു ജീവിച്ചിരുന്നതിനു തെളിവായിപ്പറയാം. പക്ഷേ അവരുടെ ഈസാനബിയുടെ ജീവിതവും മരണവും വ്യത്യസ്തമാണ്. ആ നബി ഒരിക്കലും ഉയിർത്തെഴുന്നേറ്റിട്ടില്ല. അതൊരിക്കലും ഒരു ക്രിസ്ത്യാനിയും വിശ്വസിക്കാൻ സാധ്യതയില്ല. കാരണം ഉയിർത്തെഴുന്നേൽപ്പാണല്ലോ ക്രിസ്തുമതത്തിന്റെ അടിസ്ഥാനംതന്നെ! ഒരു കള്ളം പത്തു പ്രാവശ്യം കേട്ടാൽ ആരും വിശ്വസിച്ചുപോകും. അതാണ് പരസ്യങ്ങളുടെ മനശ്ശാസ്ത്രം. ക്രിസ്തു മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റു എന്ന കള്ളം എല്ലാ വിശ്വാസികളും കണ്ണുമടച്ചു വിശ്വസിക്കുന്നതും അതുകൊണ്ടാണ്. സത്യത്തിൽ നമ്മൾ എത്ര കണക്കു കൂട്ടിയാലും വെള്ളിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച രാവിലെ വരെ മൂന്നു പൂർണദിവസങ്ങളില്ല, രണ്ടു ദിവസങ്ങളേയുള്ളു എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ?
   
എല്ലാ മതങ്ങളും സംഘടനകളാണ്; ഒരേ രീതിയിൽ ചിന്തിക്കുന്നവർ അല്ലെങ്കിൽ ഒരേ ആചാരങ്ങളിൽ വിശ്വസിക്കുന്നവർ ഒന്നിച്ചുകൂടുന്ന കൂട്ടായ്മകൾ. അങ്ങനെ കൂടുമ്പോൾ പരസ്പരമുണ്ടാകുന്ന ആഭിമുഖ്യം മനുഷ്യന്റെ അടിസ്ഥാനസ്വഭാവമാണ്. അതുതന്നെയാണ് ഒരേ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവർ തമ്മിൽ കണ്ടുമുട്ടുമ്പോഴും സംഭവിക്കുന്നത്. ഒരേ രാഷ്ട്രീയപ്പാർട്ടിയിലുള്ളവരും ഒരേ സംഘടനയിൽ പ്രവർത്തിക്കുന്നവരും ഒരേ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരും ഒരുമിച്ചിരിക്കുമ്പോൾ ഈ പാരസ്പര്യമുണ്ടാകുന്നുണ്ട്. അതിനു മതവാദികളാവണമെന്നില്ല. എല്ലാ സംഘടനകളിലും വിഭാഗീയതകളുമുണ്ടാകാം. അതില്ലെന്നു പറയുന്നവർ ഹിപ്പോക്രാറ്റുകളാണ്.
   
എല്ലാവരും ഒരേ പാർട്ടിയിലോ മതത്തിലോ ആയാലുള്ള ഗതികേടിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഒന്നിനും ഒരു മത്സരവുമില്ലാത്ത അവസ്ഥ! ഒരുതരം വികലമായ സോഷ്യലിസം! യഥാർത്ഥസോഷ്യലിസംതന്നെ ലോകത്തിൽ അമ്പേ പരാജയപ്പെട്ടതാണെന്നു നമുക്കറിയാം. മത്സരിക്കാൻ ആരുമില്ലെങ്കിൽപ്പിന്നെ ഓടിയിട്ടെന്തു കാര്യം! നടന്നാൽ ജയിക്കുമെങ്കിൽ ആരെങ്കിലും ഓടുമോ? അങ്ങനെ ജീവിതം അനക്കമില്ലാത്തതാകുന്നു. ഒരു കാലത്ത് റഷ്യയിൽ എല്ലാവരും മടിയൻമാരായതിന്റെ കാരണം മറ്റൊന്നുമല്ല. പണിതാലും പണിതില്ലെങ്കിലും അടിയനു കിട്ടാനുള്ളതു കിട്ടുമെന്നായാൽ ആരെങ്കിലും കൂടുതലദ്ധ്വാനിക്കുമോ? അങ്ങനെ കൃഷികൾ നശിക്കുകയും കൃഷിയിടങ്ങൾ തരിശുനിലങ്ങളാവുകയും ചെയ്തു.
   
മനുഷ്യൻ സ്വപ്നജീവിയാണ്. ആദ്യം സ്വപ്നം കാണുന്നു. പിന്നെ അതു സഫലീകരിക്കാനുള്ള അദ്ധ്വാനമാണ് അവനെ മുന്നോട്ടു നയിക്കുന്നത്. സ്വപ്നങ്ങളില്ലാത്ത ജീവിതം മനുഷ്യനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. 'സ്വപ്നങ്ങളില്ലെങ്കിൽ നിശ്ചലം, ശൂന്യമീ ലോകം' എന്നു കവി പാടിയിട്ടുണ്ട്. സോവിയറ്റ് യൂണിയനിലെ സോഷ്യലിസം എന്തുകൊണ്ടു പരാജയപ്പെട്ടു എന്ന് ഈ പശ്ചാത്തലത്തിൽ മനസ്സിലാക്കാം. സ്വത്തു മുഴുവനും ചെലവുചെയ്ത്, അമേരിക്കയോടു യുദ്ധം ചെയ്യാനുള്ള ആയുധങ്ങളുണ്ടാക്കി പാപ്പരായി. ഇരുമ്പുമറയ്ക്കുള്ളിലായിരുന്നതുകൊണ്ട് അതൊന്നും ലോകമറിയാതെപോയി. ഒടുവിൽ, 'ഞങ്ങൾ പാവങ്ങളാണ്, ഞങ്ങൾക്ക് ആഹാരമില്ല, പാർപ്പിടമില്ല, വസ്ത്രമില്ല' എന്ന് പ്രധാനമന്ത്രി ഗോർബച്ചേവ് ഇരുമ്പുമറ നീക്കി പുറത്തുവന്നു സത്യം വിളിച്ചുപറഞ്ഞു. എല്ലാവരും ഒന്നുപോലെയായാൽ ലോകത്തിനു നിലനിൽപ്പില്ലെന്ന് അവർക്കു മനസ്സിലായി.
   
ഒരേ മതത്തിലായാലും ഇതുതന്നെയാണവസ്ഥ. കാരണം, എല്ലാവരും ഒന്നുപോലെയല്ല. ബുദ്ധിപരമായും ശാരീരികമായും ആളുകൾക്കു വലിയ അന്തരമുണ്ട്. അതുകൊണ്ടാണ് വ്യത്യസ്തമതങ്ങളും സംഘടനകളുമുണ്ടാകുന്നത്. ആണിനെയും പെണ്ണിനെയും ഉദാഹരണമായെടുക്കാം. ഒളിമ്പിക്ലസിൽപ്പോലും തരംതിരിച്ചു കായികമത്സരങ്ങൾ നടത്തുന്നത് അവർക്കു സമാനതകളില്ലാത്തതുകൊണ്ടാണ്. അതിനെ ഒരു വനിതാപ്രസ്ഥാനവും എതിർക്കാൻ പോകുന്നില്ല. 'Variety is the very spice of life' എന്ന് കവി വില്യം കൂപ്പർ (William Cowper) പാടിയിട്ടുണ്ട്.
   
മതത്തെപ്പോലെ മനുഷ്യനെ മയക്കുന്ന മറ്റൊരു കറുപ്പാണു ജാതകം. ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണവ. ജനിക്കുന്നവർ എപ്പോൾ വേണമെങ്കിലും മരിക്കാം. അപ്പോൾപ്പിന്നെ ജാതകം നോക്കി ദിവസമെണ്ണി ജീവിക്കേണ്ടതുണ്ടോ? ഭാവിയെക്കുറിച്ച് ഒന്നുമറിയാത്തതിനാലാണ് നാം സ്വപ്നം കാണുന്നതും അതു സാക്ഷാത്ക്കരിക്കാനായി അദ്ധ്വാനിക്കുന്നതും. ഒരു കഥ വായിച്ചുതുടങ്ങുമ്പോൾത്തന്നെ, അല്ലെങ്കിൽ ഒരു സിനിമ കണ്ടുതുടങ്ങുമ്പോൾത്തന്നെ കഥാഗതി അറിഞ്ഞുകഴിഞ്ഞാൽ തുടർന്നു വായിക്കാനോ കാണാനോ തോന്നില്ല. അതുപോലെയാണ് യഥാർത്ഥജീവിതത്തിലും. സിനിമയിൽ നല്ലൊരു കഥാന്ത്യമാണു നാം പ്രതീക്ഷിക്കുന്നത്. ജീവിതത്തിലെ ശുഭപ്രതീക്ഷയാണു നമ്മെ മുമ്പോട്ടു നയിക്കുന്നത്. എന്നെങ്കിലും എല്ലാം നന്നാകുമെന്ന സ്വപ്നമാണു നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ആ നല്ല നാൾ ഭാവിയിലാണെന്നു നാം വിചാരിക്കുന്നു. 'Best years of life are always in the future'എന്നതാണു ശരി. ആ നൻമയിലേക്കുള്ള മത്സരയോട്ടമാണു ജീവിതം മുഴുവനും. നടക്കാൻ തുടങ്ങുന്ന കൊച്ചുകുട്ടികളെപ്പോലെ ഇടയ്‌ക്കൊക്കെ വീഴുമെങ്കിലും വീണ്ടും എഴുന്നേറ്റോടുന്നു. ഓടിയോടി അവസാനം വീഴുന്ന വീഴ്ചയിൽനിന്ന് ഒരിക്കലും എഴുന്നേൽക്കാൻ പറ്റാതാകുന്നു. ഈയൊരു കാര്യത്തിൽമാത്രം മാനവരെല്ലാവരും ഒരുപോലെയാണ്! ജാതകത്തിനും ജ്യോത്സ്യത്തിനും ശാസ്ത്രീയമായി ഒരടിത്തറയുമില്ലെന്ന് യുക്തിബോധമുള്ളവർക്കറിയാം. സുനാമിയിലും പ്രളയത്തിലുമകപ്പെട്ട് ലോകത്തെമ്പാടുമായി മരിച്ചുപോയ ദശലക്ഷക്കണക്കിനു മനുഷ്യർക്ക് ഒരേ ജാതകങ്ങളായിരുന്നെന്ന് ആരെങ്കിലും പറയുമോ!
  
 'മാനവരെല്ലാരുമൊന്നുപോലെ' എന്നത് മിത്തുകളിലെ മാവേലിക്കാലത്തെ വിശേഷിപ്പിക്കാൻ പറയുന്നതാണെങ്കിലും അത്തരമവസ്ഥ ദുരവസ്ഥതന്നെയാണ്. ഒരേ ജാതിയോ ഒരേ പാർട്ടിയോ മാത്രമുള്ളിടത്ത് ഒരു പ്രശ്‌നവുമില്ല എന്ന തെറ്റിദ്ധാരണയാലാവാം മതപുരോഹിതൻമാരും പ്രവർത്തകരും ആളെക്കൂട്ടുന്ന പ്രവൃത്തി ചെയ്യുന്നത്. അതു മിഥ്യാധാരണയാണെന്നതിന് പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയുമൊക്കെ സ്ഥിതി പരിശോധിച്ചാൽ മതിയാകും. സ്വന്തം മതത്തിൽത്തന്നെയുള്ള എത്രപേരെയാണ് മതനിയമങ്ങളുടെ പേരിൽ അവിടെയുള്ള തീവ്രവാദികൾ കൊന്നൊടുക്കുന്നത്! രാജ്യസ്‌നേഹംപോലും ഒരുതരം ഫാസിസ്റ്റ് ചിന്താഗതിയിൽനിന്നുണ്ടാകുന്നതാണ്.
   
യുദ്ധം നടക്കുമ്പോൾ അയൽരാജ്യത്തെ മനുഷ്യരെ ശത്രുക്കളാക്കാനും തടവിലാക്കി ബലാത്സംഗം ചെയ്യാനും കൊല്ലാനുമുള്ള ലൈസൻസ് കിട്ടുകയാണെന്നു ചിലർ കരുതുന്നു. ലോകമഹായുദ്ധങ്ങൾപോലും ഉദാഹരണങ്ങളാണ്. എത്രയോ നിരപരാധികളും കുട്ടികളുമാണു കൊല്ലപ്പെടുന്നത്! അത്തരം ക്രൂരതകൾ കാണിച്ചശേഷം മൃഗങ്ങളേക്കാൾ വിവേചനബുദ്ധിയുള്ളവരാണു മനുഷ്യരെന്നഭിമാനിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ? ഇതെല്ലാം കണ്ടും കേട്ടും വെറുതേയിരിക്കുന്ന ദൈവങ്ങളെയാണു നാമാരാധിക്കുന്നത്!
   
തൊട്ടടുത്തുള്ള പള്ളിയിൽ മാതാവിന്റെ വിഗ്രഹമുണ്ടെങ്കിലും പുരോഗമനം പറയുന്ന ക്രിസ്ത്യാനികൾപോലും പ്രാർത്ഥിക്കാനും നേർച്ച നേരാനും വേളാങ്കണ്ണിക്കു പോകും. വിഗ്രഹാരാധന നിഷിദ്ധമാണെന്നു വാദിക്കുകയും ചെയ്യും!
 
    മതങ്ങളിലും മതസംഘടനകളിലും വിശ്വസിക്കുന്ന എല്ലാ സ്ത്രീകളും സ്വയം അടിമകളാകാൻ ആഗ്രഹിക്കുന്നവരാണ്. മതത്തെ പുരുഷൻമാർ അങ്ങനെയാണു ചിട്ടപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ള മതങ്ങളുമായി താരതമ്യപ്പെടുത്തിയാൽ, പുരാതനമതഗ്രന്ഥങ്ങളെ അന്ധമായി വിശ്വസിക്കുകയും അവയിൽ പറയുന്നതുപോലെ മാത്രം ജീവിക്കുകയും ചെയ്യുന്ന രണ്ടു വിഭാഗങ്ങളാണ് യഹൂദരും ഇസ്ലാമുകളും. അവരുടെ അന്ധത മാറാതെ അവരുടെ പ്രശ്‌നങ്ങൾ ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല.
   
മതനിയമങ്ങൾക്കു പൂർണമായും വിധേയപ്പെടുന്നവർ മാനസികാരോഗ്യവിദഗ്ദ്ധനെ കാണേണ്ടതാണെന്ന് ആധുനികശാസ്ത്രം ഓർമപ്പെടുത്തുന്നു.
   
മരണാനന്തരജീവിതത്തെക്കുറിച്ചുള്ള സങ്കൽപ്പമാണു മതങ്ങളെ സൃഷ്ടിക്കുന്നതെന്നു മുമ്പു സൂചിപ്പിച്ചു. അങ്ങനെയൊരു ജീവിതമുണ്ടെന്നുള്ള അന്ധവിശ്വാസമാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. പല മതങ്ങൾക്കായി ഒരുപാടു ദൈവങ്ങളുണ്ട്. എന്നെങ്കിലും ജീവിച്ചിരുന്നിട്ടുണ്ടോ എന്നുപോലും ഉറപ്പില്ലാത്ത ഈ കഥാപാത്രങ്ങൾക്കുവേണ്ടി കടിപിടി കൂടുന്നവരാണ് വിശ്വാസികൾ. എല്ലാ മതങ്ങൾക്കും അടയാളങ്ങളുണ്ട്. സ്വന്തം മതചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നവരാരും മതേതരത്വത്തിൽ വിശ്വസിക്കുന്നവരല്ല. ആത്മവിശ്വാസത്തെപ്പോലും ഇല്ലാതാക്കുന്ന വൈറസാണ് അന്ധവിശ്വാസം. പുരുഷൻമാർക്കുവേണ്ടി പുരുഷൻമാരെഴുതിയതാണ് എല്ലാ മതഗ്രന്ഥങ്ങളും. അതംഗീകരിക്കാത്ത എല്ലാ സ്ത്രീകളും അവരുടെ മതങ്ങളെ ഉപേക്ഷിക്കേണ്ടിവരും. അതിനവർ തയ്യാറാകുമോ?
   
ഏതു മതത്തിന്റെ പേരിലാണെങ്കിലും ഒരു രാഷ്ട്രമുണ്ടാകുന്നത് അപകടകരമാണ്. അതൊരിക്കലും ഒരു ജനാധിപത്യരാജ്യമാകില്ല.
   
ഈ കൂരിരുട്ടിൽ ഞാനും എന്റെ കൈവിളക്കു കൊളുത്തട്ടെ. അതിർത്തികളില്ലാത്ത രാജ്യങ്ങളും മനസ്സുകളുമുണ്ടാകവട്ടെ. എല്ലാവർക്കും നല്ലതു വരട്ടെ!
 
    'You have brains in your head.
    You have feet in your shoes.
    You can steer yourself any
    direction you choose.'
    (Dr. Seuss)

  

Facebook Comments

Comments

 1. Raju Thomas

  2021-10-01 16:12:44

  ഇക്കാര്ര്യത്തിൽ സത്യം എന്തായാലും, ശ്രീ ജോർജ്ജിന്റെ ആ സൂക്തം ഇഷ്ടപ്പെട്ടു. പിന്നെ, എന്തിനാണ് ഇത്ര യുക്തിഭദ്രമായൊരു പ്രബന്ധത്തെപ്രതി ഇത്രയുമൊക്കെ പറയുന്നത്?

 2. NINAN MATHULLAH

  2021-09-30 13:44:25

  Saw that George challenged believers in God. As religion is a faith, there is no need to take the challenge. Everything taught in science is not proven things. To believe some of the things taught in science it needs more faith than necessary to believe in God. For example is the Big Bang theory of Evolution theory or Quantum Physics. The method for calculating the age of something more than thousands of years is based on theory or certain assumptions and not proven. Our knowledge of God is limited to what is revealed by God. If you decide not reveal something you keep as a secret in your mind, there is no way to find it. God reveals through nature, conscience and prophets in religious texts. Religious texts are not written to teach history or science. As literature one can find literary usages in it. To interpret it as against science, the problem is with interpretation. In Bible prophet see Earth as round and suspended in space (Job 26:7- hang in space, Isa 40:22-circle of earth). Where it says earth is flat, it is a literary usage. Besides it was written for illiterate people at a time when tools like telescope not available to prove that earth is round. Those days if you tell people that earth is round people will think that nothing in Bible trustworthy. It is true that Catholic Church leaders also misinterpreted it. Is what George said about Soul/Spirit scientific? Is there any supporting evidence for the presence or absence of soul/spirit? What proof there for death of soul/spirit. Soul is translated in English as mind and so soul (mind) and spirit are not the same. Bible is true in the sense that everything that happened is recorded as such. No effort made to manipulate it. You will see Satan’s words also in it. You have to see the context and who said it. Then, one has to admit that rituals that are meaningless got in all religions practices. In translation and transcription spelling mistakes are possible as there is a human element in it. I couldn’t see in Bible anything against history or science. I might be wrong. If George or anybody else can bring anything in Bible against science or history, it will be an opportunity for me also to learn.

 3. V. George

  2021-09-28 01:40:28

  According to religion 'our body is mortal and the soul/spirit is immortal.' But, the reality is that our body is immortal and the soul is mortal. The mere idea of soul will die with our death. The trillions of atoms in our physical body continue to remain as atoms for ever and ever. Just think what is immortal and what is mortal. Atoms that makes your body or the soul in your imagination? If there is no soul, then there is no need for the imaginary heaven and the imaginary god. Challenge it if you can!

 4. NINAN MATHULLAH

  2021-09-27 11:17:00

  It is possible that the arguments in the article are convincing to some readers but are misleading to others as it is biased. For example, Quote from the article-“Religion is something we believe in without any proof”- Richard Dawkins Answer- 1). The Big Bang theory taught in science books is without any proof. Besides, religion is a faith, and not science. Faith is the assurance of things not visible to the eye. We believe many things in daily life without proof. For example if the pilot is qualified to fly the plane you are flying, without seeing any proof for it. 2). The Evolution theory taught in science books is without proof but circumstantial evidence only. All organisms are created to evolve as environment changes. Just because an organism evolve doesn’t mean, it is not created. The author sounds all knowing. Pride can be the reason behind it. If you read religious texts with the all knowing pride and to look for mistakes in it, you won’t understand the truth in it and you will mislead others also. It is like the story of four blinds feel an elephant and decides on the shape of an elephant. Religious texts are written for a illiterate culture in a language they could understand. When you read it, if you don’t look for the eternal truths (sanathan dharmam) in it that you can apply in your life, and if you look for mistakes in it, you will be misled others also.

 5. "കന്യാദാനം

  2021-09-27 11:05:27

  ആലിയ ഭട്ട് അഭിനയിച്ച "മാന്യാവർ " എന്ന ഡിസൈനർ വസ്ത്ര സ്ഥാപനത്തിന്റെ പരസ്യമാണ് ഏറ്റവും പുതിയതായി ആർഷഭാരത സംസ്കാരത്തെ വൃണപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ കുടുംബങ്ങളിൽ ജനിക്കുന്ന പെൺകുട്ടികളുടെ ചെവിയിൽ കുഞ്ഞിലേ തുടങ്ങി കേൾക്കുന്ന വാചകങ്ങൾ ആണ് ഇതിലെ ഹൈലൈറ്റ്. വിവാഹപ്പന്തലിൽ ഇരിക്കുന്ന വധുവിന്റെ ചിന്തകളിലൂടെ പരസ്യം മുന്നോട്ട്.. നീ നിന്റെ വീട്ടിൽ (ഭർത്താവിന്റെ വീട്ടിൽ എന്നു വ്യംഗ്യം) പോകുമ്പോൾ ഒരുപാടു മിസ് ചെയ്യും എന്നു പറയുന്ന മുത്തശ്ശി .. "അപ്പോൾ ഇത് എന്റെ വീടല്ലേ ?" പെൺകുഞ്ഞ് അന്യന്റെ ധനമാണെന്നു പറയുന്നവരോട് അവൾ അന്യന്റെതല്ല എന്നു പറയാൻ കഴിയാത്ത അച്ഛൻ .. എന്റെ കുഞ്ഞിക്കുരുവീ നിന്റെ ഭക്ഷണം മറ്റെവിടെയോ ആണെന്നു പറഞ്ഞു കൊടുക്കുമ്പോൾ പക്ഷിക്ക് വിശാലമായ ആകാശം സ്വന്തമാണ് എന്നു പറയാത്ത അമ്മ.. "കന്യാദാനം" അല്ല "കന്യാമാൻ" (സ്ത്രീയെ ബഹുമാനിക്കുക ) ആണ് പുതിയ രീതി എന്നു പറഞ്ഞു കൊണ്ടാണ് പരസ്യം അവസാനിക്കുന്നത്. "താൻ ആർക്കെങ്കിലും ദാനമായി നൽകപ്പെടേണ്ട ഒന്നാണോ ? താൻ മറ്റാരുടെയെങ്കിലും സ്വത്ത് ആണോ? എന്തുകൊണ്ട് "കന്യാദാനം" മാത്രം ? " പുരുഷദാനം" എന്തുകൊണ്ട് ഇല്ല?" ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്ന വധു. അവസാനം "ദാന "ത്തിൽ വധുവിന്റെ മാതാപിതാക്കളോടൊപ്പം വരന്റെ മാതാപിതാക്കളും പങ്കു ചേരുന്നതോടെ "കന്യാ മാൻ " പൂർണമാവുകയാണ്. ഇതിൽ മൊത്തം ഹിന്ദു വിരുദ്ധതയാണെത്രേ .. ഉത്തരേന്ത്യൻ ഹിന്ദു സംരക്ഷകർ മുഴുവൻ മന്യാവർ ബ്രാന്റിനെ ബഹിഷ്കരിക്കുക എന്ന നിർദ്ദേശവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. എന്റെ അഭിപ്രായത്തിൽ വളരെ നല്ല സന്ദേശമാണ് ഇതിലുള്ളത്. ഈ പരസ്യം ഭാരതത്തിലെ ഓരോ പെൺകുട്ടിയും അവരുടെ മാതാപിതാക്കളും കാണേണ്ടതാണ്. ഓരോ പെൺകുട്ടിയും തന്റെ മാതാപിതാക്കളോടു ചോദിക്കേണ്ട ചോദ്യങ്ങൾ തന്നെയാണിവ.. പെൺകുട്ടികൾ കൈമാറ്റപ്പെടേണ്ട സ്വത്തു മാത്രമാണെന്നു കരുതുന്നവർ കരഞ്ഞു തീർക്കട്ടെ . അഭിനന്ദനങ്ങൾ മാന്യാവർ & ആലിയ- Naradhan

 6. സുധാമണി ഉഡായിപ്പാണ് എന്ന് പറഞ്ഞാൽ 95 % ഹിന്ദുക്കളും ആ പറഞ്ഞത് ഏറ്റു പറഞ്ഞ് കൈയടിക്കും. ആരും എതിർക്കുകയില്ല. അതാണ് അവരുടെ മനസ്. സുധാമണിയെ മാത്രം വിമർശിച്ചാൽ മതിയോ?നമ്മൾ എല്ലാവരെയും വിമർശിക്കാൻ തയ്യാറാവണം. മദർ തെരേസയും സുധാമണിയും തമ്മിൽ എന്താണ് വ്യത്യാസം? മത പ്രചരണത്തിനായി വിദേശ ഫണ്ടുപയോഗിച്ച് സാധുക്കളെ സഹായിക്കുന്നു എന്ന പേരിൽ പുണ്യാളവേഷം കെട്ടി നടന്നതല്ലാതെ എന്താണ് അവരുടെ credibility? ക്രിസ്ത്യാനികളായ നോബൽ കമ്മിറ്റിക്കാർ ഈ മത പ്രചാരകയ്ക്ക് നോബൽ സമ്മാനവും നൽകി ലോകജനതയെ മുഴുവൻ വിഢ്ഡികളാക്കി. ശേഷം ക്രിസ്ത്യാനി സമൂഹം അവരെ ആൾ ദൈവമായി വാഴിച്ച് ആരാധനയും നടത്തുന്നു. സുധാമണിയെ വിമർശിക്കുന്നവർ മദർ തെരേസ എന്ന ആൾ ദൈവത്തെയും ഒരേ പോലെ വിമർശിക്കേണ്ടതാണ്. -Chanakyan

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ കടന്നു കയറ്റം (പി.പി.ചെറിയാന്‍)

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ജീവനതാളത്തിന്റെ നിശബ്ദമാത്രകൾ (മായ കൃഷ്ണൻ)

മയക്കുന്ന മരുന്നുകള്‍ (എഴുതാപ്പുറങ്ങള്‍ -89: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

മഴമേഘങ്ങൾക്കൊപ്പം വിഷം ചീറ്റുന്ന മന്ത്രവാദികൾ (ജോസ് കാടാപുറം)

ഡിബേറ്റിൽ ഡോ. ദേവിയുടെ തകർപ്പൻ പ്രകടനം; നിലപാടുകളിൽ വ്യക്തത

ഡോ. ദേവിയെ പിന്തുണക്കുക (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 13)

കേരള പ്രളയം ഒരു തുടര്‍കഥ (ലേഖനം: സാം നിലമ്പള്ളില്‍)

കേരളം ഇക്കാലത്ത് വാസ യോഗ്യമോ? പ്രകൃതിയെ പഴിച്ചിട്ടു കാര്യമുണ്ടോ?(ബി ജോണ്‍ കുന്തറ)

ഡാമുകൾ തുറന്നുവിട്ട് ഇനിയും പ്രളയങ്ങൾ സൃഷ്ടിക്കണമോ: പദ്മകുമാരി

മലയാളത്തിലെ ആദ്യ അച്ചടിക്ക് 200 വയസ്സ് (വാൽക്കണ്ണാടി - കോരസൺ)

ചില പ്രളയ ചിന്തകൾ (നടപ്പാതയിൽ ഇന്ന്- 12: ബാബു പാറയ്ക്കൽ)

പുരുഷധനവും ഒരു റോബോട്ടും (മേരി മാത്യു മുട്ടത്ത്)

എവിടെയാണ് ഇനി കേരളം തിരുത്തേണ്ടത് (അനിൽ പെണ്ണുക്കര)

ഇത്രയും നീണ്ട ഇടവേള, വേദനിപ്പിക്കുന്ന അനീതി (ഷിജോ മാനുവേൽ)

പ്രകൃതി വർണങ്ങളിൽ മുങ്ങുമ്പോൾ (സാക്ക്, ന്യു യോർക്ക്)

ക്രോധം പരിത്യജിക്കേണം ബുധജനം (മൃദുല രാമചന്ദ്രൻ-മൃദുമൊഴി- 29)

സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

ഇടിത്തീ (ഇള പറഞ്ഞ കഥകൾ- 10 - ജിഷ.യു.സി)

'വെള്ളം:' മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം (എസ്. അനിലാൽ)

വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)

യേശുവിന്റെ തിരുക്കുടുംബത്തില്‍ 'വളര്‍ന്ന' മാത്യൂസ് തൃതീയൻ കാതോലിക്കാ (ഡോ. പോള്‍ മണലില്‍)

കാതോലിക്കേറ്റിന്റെ കാവല്‍ ഭടന്‍: ബസേലിയസ് മാര്‍ത്തോമ്മ മാത്യുസ് ത്രുതീയന്‍ കാതോലിക്ക (ഫാ. ബിജു പി. തോമസ്-എഡിറ്റര്‍)

ഒരു നവരാത്രി കാലം (രമ്യ മനോജ്, അറ്റ്ലാൻറ്റാ)

ചേരമാന്‍ പെരുമാളിന്റെ കിണ്ടി (ചിത്രീകരണം: ജോണ്‍ ഇളമത)

ഇരുട്ടിലാകുമോ ലോകം (സനൂബ് ശശിധരന്‍)

പച്ചച്ചെങ്കൊടി സിന്ദാബാദ്... (സോമവിചാരം: ഇ.സോമനാഥ്)

View More